ശ്രീനഗർ : ഈ വർഷം ഇതുവരെ ജമ്മു കശ്‌മീരിൽ 42 തീവ്രവാദികളെ സൈന്യം വധിച്ചെന്ന് പൊലീസ്. 2022ന്‍റെ ആദ്യ പാദത്തിൽ എട്ട് സുരക്ഷ ഉദ്യോഗസ്ഥരും എട്ട് സാധാരണക്കാരും ഉൾപ്പടെ 58 പേർ കൊല്ലപ്പെട്ടു. ഒരു സുരക്ഷ ഉദ്യോഗസ്ഥനും ഒൻപത് വിദേശ തീവ്രവാദികളും 13 പ്രാദേശിക തീവ്രവാദികളുമടക്കം ജനുവരിയിൽ മാത്രം 23 പേരാണ് ജമ്മുവിൽ കൊല്ലപ്പെട്ടത്.
ഫെബ്രുവരിയിൽ ഏഴ് തീവ്രവാദികളും മൂന്ന് സുരക്ഷ ഉദ്യോഗസ്ഥരും ഒരു സാധാരണക്കാരനും ഉൾപ്പടെ 11 പേർ കൊല്ലപ്പെട്ടു. മാർച്ചിലാണ് ഏറ്റവും അധികം പേർ കൊല്ലപ്പെട്ടത്. ഏഴ് സാധാരണക്കാരും നാല് സുരക്ഷ ഉദ്യോഗസ്ഥരും രണ്ട് വിദേശ തീവ്രവാദികളും 11 പ്രാദേശിക തീവ്രവാദികളുമടക്കം 24 പേര്‍.
Also Read: ക്രിസ്ത്യൻ പ്രാര്‍ഥനയ്ക്ക് രാമക്ഷേത്രം: ബിജെപിയുടെ വാദം തള്ളി പൊലീസ്
ഈ വർഷം ഇതുവരെ കൊല്ലപ്പെട്ട 42 തീവ്രവാദികളിൽ 24 പേർ ദി റസിസ്റ്റൻസ് ഫ്രണ്ട്(ടിആർഎഫ്), 13 പേർ ജെയ്‌ഷെ മുഹമ്മദ്, രണ്ട് പേർ അൽ ബദർ, ഒരാൾ ഹിസ്‌ബുള്‍ എന്നിവയില്‍ ഉൾപ്പെട്ടവരാണ്. മറ്റ് രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടില്ല. തീവ്രവാദികൾ അവരുടെ ശൃംഖല വിപുലീകരിച്ചതുപോലെ സുരക്ഷ സേനയും ഉറവിട ശൃംഖലകൾ നന്നായി ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നും പൊലീസ് പറയുന്നു.
വടക്കൻ കശ്‌മീരിലെ സൊപോറിൽ പെട്രോൾ ബോംബ് എറിഞ്ഞ സ്ത്രീയെ അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേർ നിരീക്ഷണത്തിലാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. നൗഗാമിൽ ബിജെപി പ്രവർത്തകനെ ആക്രമിച്ച സംഭവത്തിൽ ഒന്നുരണ്ട് സ്ത്രീകളും ഉൾപ്പെട്ടിരുന്നു. അവരെ കുറിച്ചുള്ള അന്വേഷണം നടന്നുവരികയാണെന്നും ഉടൻ തന്നെ പ്രതികളെ പിടികൂടുമെന്നും അന്വേഷണ സംഘം അറിയിച്ചു.