അമരാവതി: മിഷോങ് ചുഴലിക്കാറ്റ് (Cyclone Michaung) കരതൊടുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കി ആന്ധ്രാപ്രദേശ് (Andhra Pradesh Michaung). ഇന്ന് (ഡിസംബര്‍ 5) ഉച്ചയോടെ നെല്ലൂരിനും മച്ച്ലി പട്ടണത്തിനുമിടയില്‍ തീവ്രചുഴലിക്കാറ്റായി മാറിയ മിഷോങ് കരതൊടുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ നിരീക്ഷണം. ആന്ധ്രാപ്രദേശിന്‍റെ തെക്കന്‍ മേഖലകളിലാണ് ചുഴലിക്കാറ്റിന്‍റെ പ്രഭാവം കൂടുതലായി അനുഭവപ്പെടാന്‍ സാധ്യത.
ഈ സാഹചര്യത്തില്‍ ആന്ധ്രാപ്രദേശ് തെക്കന്‍ തീരത്തെ ഗ്രാമങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 900-ത്തിലധികം പേരെയാണ് സുരക്ഷിതയിടങ്ങളിലേക്ക് മാറ്റിയിരിക്കുന്നത്. പ്രദേശത്ത് ഓല മേഞ്ഞ വീടുകളില്‍ താമസിക്കുന്നവരെ ഒഴിപ്പിച്ചതായി ബപട്‌ല ജില്ല പൊലീസ് സൂപ്രണ്ട് വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
21 ദുരിതാശ്വാസ ക്യാമ്പുകളാണ് ബപട്‌ല ജില്ലയില്‍ മാത്രം പ്രവര്‍ത്തിക്കുന്നത്. മിഷോങ് തീവ്ര ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ആന്ധ്രാപ്രദേശിലും ശക്തമായ മഴയാണ് പെയ്യുന്നത്. മഴയെ തുടര്‍ന്ന് ബപട്‌ലയില്‍ മാത്രം നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും പത്തിലധികം പാലങ്ങളും കലുങ്ങുകളും വെള്ളത്തിനടിയിലാകുകയും ചെയ്‌തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തീവ്രചുഴലിക്കാറ്റായ മിഷോങ് 90-100 കിലോ മീറ്റര്‍ വേഗതയില്‍ കരതൊടുമെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കാനിടെയുണ്ട്. വിവിധ ജില്ലകളില്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇന്നലെ (ഡിസംബര്‍ 4) രാവിലെ 8:30 മുതല്‍ ഇന്ന് (ഡിസംബര്‍ 5) രാവിലെ 6:30 വരെയുള്ള സമയത്തിനുള്ളില്‍ റെക്കോഡ് മഴയാണ് വിവിധ ജില്ലകളില്‍ ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ മഴയില്‍ തമിഴ്‌നാട്ടില്‍ അഞ്ച് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മഴക്കെടുതിയില്‍ വ്യാപക നാശനഷ്‌ടങ്ങളും തമിഴ്‌നാട്ടില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ശക്തമായ മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ പത്ത് ജില്ലകള്‍ക്ക് ഇന്ന് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
സംസ്ഥാനത്ത് 162 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ (MK Stalin) അറിയിച്ചു. തമിഴ്‌നാട്ടിലെ നാല് ജില്ലകളില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ചെന്നൈ, ചെങ്കൽപട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകള്‍ക്കാണ് അവധി.
ഇവിടങ്ങളില്‍ പൊതുസ്ഥാപനങ്ങൾ, ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. ഉദ്യോഗസ്ഥര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സൗകര്യം ഏര്‍പ്പെടുത്തണമെന്ന് സ്വകാര്യ സ്ഥാപനങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Read More : ഇടിമിന്നല്‍, കനത്ത മഴ, അഞ്ച് മരണം, ചെന്നൈയിലെ പത്ത് ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദേശം