ന്യൂഡൽഹി: ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ പ്രശ്‌നങ്ങൾ, അതിർത്തി പ്രശ്‌നങ്ങൾ, സർക്കാർ നയങ്ങൾ എന്നിവയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ അടങ്ങിയ ഗവേഷണ പ്രബന്ധങ്ങൾ ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്‌തു. അടുത്തിടെ ഡൽഹിയിൽ നടന്ന ഡിജിപിമാരുടെയും ഐജിപിമാരുടെയും മൂന്ന് ദിവസത്തെ കോൺഫറൻസിൽ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥർ തയ്യാറാക്കിയ ഗവേഷണ പ്രബന്ധങ്ങളാണ് വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്‌തത്.
ഇന്ത്യയുടെ വേലിയില്ലാത്ത അതിർത്തി പ്രദേശത്തെക്കുറിച്ചുള്ള ഒരു ഗവേഷണ പ്രബന്ധത്തിലെ ഉള്ളടക്കം വിവാദമായതോടെയാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നടപടി. പ്രബന്ധത്തിൽ കാരക്കോറത്തിൽ നിന്ന് ആരംഭിച്ച് ചുമൂർ വരെയുള്ള ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള 65 പട്രോളിങ് പോയിന്‍റുകളിൽ ഇന്ത്യൻ സുരക്ഷ സേന പതിവായി പട്രോളിങ് നടത്തേണ്ടതുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിൽ 26 പട്രോളിങ് പോയിന്‍റുകളിൽ ഇന്ത്യയുടെ സാന്നിധ്യം നഷ്‌ടപ്പെട്ടുവെന്നും പ്രബന്ധത്തിൽ സൂചിപ്പിച്ചിരുന്നു.
പ്രബന്ധം പുറത്തായതോടെ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. അതേസമയം ഈ പ്രദേശങ്ങളിൽ വളരെക്കാലമായി ഐഎസ്‌എഫുകളുടെയോ സാധാരണക്കാരുടെയോ സാന്നിധ്യം കണ്ടിട്ടില്ലെന്നും ചൈനക്കാർ ഈ പ്രദേശങ്ങളിൽ ഉണ്ടായിരുന്നുവെന്നും പ്രബന്ധത്തിൽ നിന്ന് ഉദ്ധരിച്ചുകൊണ്ട് ഇടിവി ഭാരത് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്‌തിരുന്നു.
കൂടാതെ ഈ പ്രബന്ധം ഇന്ത്യയുടെ കിഴക്കൻ അതിർത്തിയെ വിമർശിക്കുന്നതായിരുന്നു. ഇന്ത്യയുടെ അയൽരാജ്യങ്ങളായ മ്യാൻമർ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റം ത്രിപുര, അസം, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളുടെ ജനസംഖ്യ സ്വഭാവത്തെ ബാധിക്കുകയും പൊതു ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നുവെന്നും പ്രബന്ധത്തിൽ പരാമർശിച്ചിരുന്നു.
അതിനാൽ അയൽ രാജ്യങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റം അതിർത്തി സംസ്ഥാനങ്ങൾ കൈകാര്യം ചെയ്യേണ്ടതായുണ്ടെന്നും പ്രബന്ധത്തിൽ വ്യക്‌തമാക്കി. സമ്മേളനത്തിൽ സമർപ്പിച്ച നിരവധി പ്രബന്ധങ്ങളിൽ രാജ്യത്ത് തീവ്ര ഇസ്‌ലാമിക ഭീകരത, വലതുപക്ഷ തീവ്ര സംഘടനകൾ തുടങ്ങിയവയുടെ വർധനവിനെക്കുറിച്ചും സൂചിപ്പിച്ചിരുന്നു.
കേന്ദ്ര സർക്കാർ നിരവധി ശക്തമായ നടപടികൾ സ്വീകരിച്ചിട്ടും തീവ്രവാദ സംഘടനകളുടെ സാന്നിധ്യം വിവിധ സംസ്ഥാനങ്ങളിൽ ഇപ്പോഴും സജീവമാണെന്നും പ്രബന്ധങ്ങളിൽ വ്യക്‌തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുത്ത സമ്മേളനം ജനുവരി 20 മുതൽ 22 വരെ മൂന്ന് ദിവസങ്ങളിലായാണ് സംഘടിപ്പിച്ചത്.