മുംബൈ: മഹാരാഷ്‌ട്രയിൽ വൃദ്ധയെ നഗ്‌നയാക്കി മർദിക്കുന്നതിന്‍റെ ദാരുണ ദൃശ്യങ്ങൾ പുറത്ത്. ഔറംഗബാദ് ജില്ലയിലെ ഒസാർ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഗംഗാപൂർ സ്വദേശിനിയായ പർധി സമുദായത്തിൽപ്പെട്ട സ്‌ത്രീയേയാണ് മൂന്നംഗ സംഘം മർദിച്ചത്.
ഇവരുടെ ചെറുമകൻ മർദിക്കാൻ വന്ന സംഘത്തിലുണ്ടായിരുന്ന ഒരാളുടെ മകളുമായി ഈ മാസം ഒന്നിന് ഒളിച്ചോടിയെന്ന് ആരോപിച്ചാണ് ആക്രമണം. വൃദ്ധയുടെ വസ്‌ത്രങ്ങൾ വലിച്ചൂരിയ ശേഷം പ്രതികൾ ഇവരെ ക്രൂരമായി മർദിക്കുകയായിരുന്നു. ഇതിനിടയിൽ ഉപദ്രവിക്കരുതെന്ന് വൃദ്ധ പ്രതികളോട് കൈകൂപ്പി അപേക്ഷിക്കുന്നതുമാണ് ദൃശ്യങ്ങൾ.
വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. സംഭവത്തിൽ ഗംഗാപൂർ പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.