ജോധ്പൂർ : ബോളിവുഡ് താരം സൽമാൻ ഖാൻ 23 വർഷം മുമ്പ് വേട്ടയാടി കൊലപ്പെടുത്തിയ കൃഷ്ണമൃഗത്തിന്‍റെ സ്മരണയ്ക്കായി സ്മാരകം നിർമിക്കാനൊരുങ്ങി ഗ്രാമവാസികൾ. രാജസ്ഥാനിലെ ജോധ്പൂർ ജില്ലയിലെ കങ്കണി ഗ്രാമത്തിലുള്ള ബിഷ്‌ണോയി സമുദായത്തിൽപെട്ടവരാണ് കൃഷ്ണമൃഗത്തോടുള്ള ആദരസൂചകമായി കൂറ്റൻ സ്മാരകം നിർമിക്കാന്‍ നീക്കം നടത്തുന്നത്. 200ഓളം യുവാക്കളാണ് ഈ ഉദ്യമത്തിനായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.
ALSO READ: Adorable Baby Elephant: അമ്മയ്‌ക്കൊപ്പം ചതുപ്പുനിലങ്ങളില്‍ സാഹസിക യാത്ര; വൈറല്‍ വീഡിയോ കാണാം
കൃഷ്ണമൃഗത്തെ ചത്ത നിലയിൽ കണ്ടെത്തിയ സ്ഥലത്ത് തന്നെ പഞ്ചലോഹം കൊണ്ടുള്ള വലിയ പ്രതിമയും ഒപ്പം പക്ഷി-മൃഗാദികളുടെ ചികിത്സയ്ക്കായി ഒരു സംരക്ഷണ കേന്ദ്രവും നിർമിക്കാനാണ് തീരുമാനം. സ്മാരകം നിർമിക്കാൻ ഒരു വർഷത്തോളം വേണ്ടിവരുമെന്നാണ് നാട്ടുകാർ പറയുന്നത്. നിലവിൽ ഈ സ്ഥലത്ത് ഗ്രാമവാസികൾ പ്രാവുകൾക്കും മറ്റും ഭക്ഷണം നൽകിവരുന്നുണ്ട്.
1998 സെപ്റ്റംബറിൽ ബോളിവുഡ് ചിത്രം 'ഹം സാത്ത് സാത്ത് ഹേ'യുടെ ചിത്രീകരണത്തിനായാണ് സൽമാൻ ഖാൻ ഇവിടേക്കെത്തിയത്. തുടര്‍ന്ന് കൃഷ്ണമൃഗത്തെ വേട്ടയാടുകയായിരുന്നു. വംശനാശ ഭീഷണി നേരിടുന്ന കൃഷ്ണമൃഗങ്ങളെ വേട്ടയാടിയെന്നാരോപിച്ച് രാജസ്ഥാൻ ഹൈക്കോടതി അദ്ദേഹത്തിന് അഞ്ച് വർഷത്തെ തടവ് ശിക്ഷ വിധിച്ചു.
പിന്നീട് സൽമാന്‍റെ അഭിഭാഷകർ ശിക്ഷയ്‌ക്കെതിരെ അപ്പീൽ നൽകി. വിഷയം ഇപ്പോഴും രാജസ്ഥാൻ ഹൈക്കോടതിയുടെ പരിഗണനയിലാണ്.