പൂഞ്ച് : കഴിഞ്ഞാഴ്‌ച പൂഞ്ചിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സൈന്യം നടത്തിയ അന്വേഷണത്തിനിടെ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലിയും അന്‍പത് ലക്ഷം രൂപയും നഷ്‌ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് പിഡിപി നേതാവ് മെഹബൂബ മുഫ്‌തി രംഗത്ത്. ലഫ്റ്റനന്‍റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയോടും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനോടുമാണ് അവര്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത് (Mehbooba Mufti demands compensation in custodial death Poonch).
രജൗരിയിലെ ജനത 1947ന് ശേഷം നടന്ന എല്ലാ യുദ്ധത്തിലും സൈനികരെ സഹായിച്ചിട്ടുള്ളവരാണ്. വീട്ടില്‍ നിന്നിറക്കി കൊണ്ടുവന്ന് ജനങ്ങളെ തല്ലുകയും കൊല്ലുകയും ചെയ്യുന്നു (PDP chief Mehbooba Mufti). സൈന്യത്തോടൊപ്പം നാടിനെ കാക്കുന്ന, നാടിനോട് ഇത്രയേറെ കൂറുള്ളവരെയാണ് ഇത്തരത്തില്‍ ഉപദ്രവിക്കുന്നതെന്നും മെഹബൂബ ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ അപമാനിക്കപ്പെട്ടവരുടെ കുടുംബത്തിന് നഷ്‌ടപരിഹാരം നല്‍കണമെന്ന് പ്രതിരോധമന്ത്രിയോട് ആവശ്യപ്പെടണമെന്ന് താന്‍ ലഫ്റ്റനന്‍റ് ഗവര്‍ണറോട് അഭ്യര്‍ഥിക്കുകയാണെന്നും മെഹബൂബ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരിക്കേറ്റവര്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ദൃശ്യങ്ങളില്‍ എല്ലാം പകല്‍ പോലെ വ്യക്തമായിരിക്കുമ്പോഴാണ് അജ്ഞാതര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും മെഹബൂബ പരിഹസിച്ചു. അവസാനം സൈനിക മേധാവിയും പ്രതിരോധമന്ത്രിയും ഇവിടെയെത്തി. എന്നിട്ട് എന്ത് സംഭവിച്ചു. നിങ്ങള്‍ക്ക് പ്രതികളെ പിടിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ നിങ്ങളും കുറ്റകൃത്യം ചെയ്യുകയാണ്.
ഇവരുടെ കുടുംബാംഗങ്ങളെ കാണാന്‍ വന്ന തന്നെ വീട്ടുതടങ്കലിലാക്കി. അതേസമയം ബിജെപിയിലെയും നാഷണല്‍ കോണ്‍ഫറന്‍സിലെയും ആളുകള്‍ക്ക് അനുമതി നല്‍കുകയും ചെയ്‌തു. ഇന്നലെയും തന്നെ തടഞ്ഞുവെന്ന് മെഹബൂബ പറഞ്ഞു. എന്താണ് ഇവര്‍ മറയ്ക്കാന്‍ ശ്രമിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോഴും ഭീഷണിയില്‍ കഴിയുന്ന ജനതയ്ക്ക് പ്രതിരോധമന്ത്രിയുടെ സന്ദര്‍ശനം കൊണ്ട് എന്ത് പ്രയോജനമാണ് ഉണ്ടായതെന്നും മെഹബൂബ ചോദിച്ചു.
തങ്ങള്‍ ചൈനയില്‍ നിന്നോ പാകിസ്ഥാനില്‍ നിന്നോ ഉള്ളവരല്ല. ഈ രാജ്യത്തെ ജനങ്ങളാണ്. പിന്നെ തങ്ങളെ എന്തിനാണ് തടയുന്നത്. മെഹബൂബ ചോദിച്ചു.
ജമ്മുകശ്‌മീരിലെ പൂഞ്ചില്‍ ഡികെജി റോഡിലും മെഹബൂബ തടയപ്പെട്ടു. സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ആയിരുന്നു നടപടി. ജില്ലയില്‍ ഭീകരവിരുദ്ധ പോരാട്ടത്തിനിടെ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു ഈ നടപടി.
തുടര്‍ന്ന് മെഹബൂബയും അനുയായികളും പ്രതിഷേധം നടത്തി. ബിജെപി നേതാവ് രവീന്ദ്ര റെയ്‌ന ഇവിടെ വന്നു. നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍ വന്നു. എന്നാല്‍ തങ്ങള്‍ വരുമ്പോള്‍ മാത്രം സുരക്ഷ പ്രശ്‌നം എന്ന് പറയുന്നത് എന്ത് കൊണ്ടാണെന്ന് മനസിലാകുന്നില്ല. ആ കുടുംബങ്ങളെ തങ്ങള്‍ കാണരുതെന്ന് ചിലര്‍ ആഗ്രഹിക്കുന്നു. ഇത്തരം ആളുകളാണ് ശരിക്കും ഭീഷണി.
ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കിടെ മരിച്ച നാട്ടുകാരുടെ കുടുംബത്തെ ഡിസംബര്‍ 27ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സന്ദര്‍ശിച്ചിരുന്നു. രാജ് നാഥിനൊപ്പം ജമ്മുകശ്‌മീര്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ മനോജ് സിങ്ങും ഉണ്ടായിരുന്നു.