ബറേലി : ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാർ മുസ്‌ലിം സമുദായത്തോട് 'ചിറ്റമ്മ നയ'മാണ് കാണിക്കുന്നതെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. യോഗി സർക്കാരിന് കീഴിൽ മുസ്‌ലിങ്ങള്‍ ഭയപ്പാടോടെയാണ് ജീവിക്കുന്നത്. ബറേലിയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
മുസ്‌ലിം ജനതയെ കള്ളക്കേസുകളിൽപ്പെടുത്തുകയും ജയിലിൽ അടയ്ക്കുകയും ചെയ്യുന്നു. ബി.ജെ.പി സർക്കാരിന്‍റെ നയങ്ങൾ ജാതീയമാണ്, ആർ.എസ്.എസ് സ്വാധീനമുള്ളതാണ്. മതത്തിന്‍റെ പേരിൽ ഇവിടെ സംഘർഷവും വിദ്വേഷവും ഉണ്ടായിട്ടുണ്ട്. കുറ്റകൃത്യങ്ങൾ വർധിയ്‌ക്കുകയുണ്ടായി.
ALSO READ: കോണ്‍ഗ്രസ് നിലപാടുകള്‍ അര്‍ബന്‍ നക്‌സലുകളുടേതെന്ന് പ്രധാനമന്ത്രി
ദളിത് പിന്നാക്ക വിഭാഗങ്ങൾക്കും ബി.ജെ.പി സർക്കാരിൽ സംവരണത്തിന്‍റെ ആനുകൂല്യം ലഭിക്കുന്നില്ല. സർക്കാർ ജോലികളിലെ സംവരണ ക്വാട്ട ബി.ജെ.പി സർക്കാർ പാലിച്ചിട്ടില്ല. കോണ്‍ഗ്രസും ദളിത് വിരുദ്ധതയുള്ള പാര്‍ട്ടിയാണ്. അധികാരത്തിലിരുന്നപ്പോൾ ദളിതരെയും പിന്നാക്കക്കാരെയും അവഗണിച്ചു.
സംസ്ഥാനം ബി.എസ്.പി ഭരിച്ചിരുന്ന കാലം ദളിതർക്കും പിന്നാക്ക വിഭാഗങ്ങൾക്കും അർഹമായ ബഹുമാനം നൽകിയിരുന്നു. വീണ്ടും അധികാരത്തിൽ വന്നാൽ ദാരിദ്ര്യവും തൊഴിലില്ലായ്‌മയും ഇല്ലാതാക്കാൻ പാർട്ടി നടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു.