ന്യൂഡല്‍ഹി: ലോകത്തിന്‍റെ വിവിധയിടങ്ങളില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌ത സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വിറ്ററിലൂടെ അറിയിച്ചു. കൊവിഡ് സ്ഥിതി ഗതികള്‍ അവലോകനം ചെയ്യാനായി ഇന്ന് മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു.
'കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌ത രാജ്യങ്ങളിലെ സ്ഥിതി ഗതികള്‍ അവലോകനം ചെയ്‌തു. കൊവിഡ് വൈറസിനെ ഇതുവരെയും തുടച്ച് നീക്കാനായിട്ടില്ല. ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തിപ്പെടുത്താനും ബന്ധപ്പെട്ടവരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഏത് സാഹചര്യവും കൈകാര്യം ചെയ്യാന്‍ തയ്യാറാണെന്നും' അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു. ജപ്പാൻ, അമേരിക്ക, റിപ്പബ്ലിക് ഓഫ് കൊറിയ, ബ്രസീൽ, ചൈന എന്നിവിടങ്ങളിൽ കൊവിഡ് കേസുകളുടെ വര്‍ധന കണക്കിലെടുത്ത് കൊവിഡ് പോസിറ്റീവ് സാമ്പിളുകളുടെ മുഴുവന്‍ ജീനോം സീക്വൻസിങും വേഗത്തിലാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം മുഴുവന്‍ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു.
ഇതിലൂടെ കൊവിഡ് വകഭേദങ്ങളെ വേഗത്തില്‍ തിരിച്ചറിയാനാകുമെന്നും ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനാകുമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. ആരോഗ്യ വകുപ്പ് സെക്രട്ടറിമാര്‍, ഫാർമസ്യൂട്ടിക്കൽസ് വകുപ്പ്, ബയോടെക്നോളജി വകുപ്പ്, ആയുഷ്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഡയറക്‌ടർ ജനറൽ രാജീവ് ബഹൽ, നീതി ആയോഗ് അംഗമായ (ആരോഗ്യം) ഡോ വി.കെ പോൾ, എൻടിജിഐ (National Technical Advisory Group on Immunization) ചെയർമാൻ ഡോ. എൻ കെ.അറോറ തുടങ്ങി നിരവധി പേര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.