ന്യൂഡല്‍ഹി: പഠിച്ചിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റാത്ത വിദ്യാര്‍ഥികള്‍ കാണും. പഠനം കഴിഞ്ഞ് ഏറെ വര്‍ഷങ്ങള്‍ പിന്നിട്ടതിനാല്‍ കോളജിലോ സര്‍വകലാശാലകളിലോ എത്തി സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ മറന്നുപോയവരും ഏറെ കാണും. എന്നാല്‍ ഇടയ്‌ക്ക് അല്‍പം രാഷ്‌ട്രീയത്തിന്‍റെ തിരക്കുകളില്‍ പെട്ടുവെങ്കിലും 47 വര്‍ഷങ്ങള്‍ക്കിപ്പുറം മറക്കാതെ സര്‍വകലാശാലയില്‍ നേരിട്ടെത്തി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയിരിക്കുകയാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍.
വൈകിയെങ്കിലും വന്നു: രണ്ട് തവണ ഹരിയാന മുഖ്യമന്ത്രിയായ അദ്ദേഹം 47 വർഷത്തിന് ശേഷം ഇന്ന് ഡൽഹി സർവകലാശാലയില്‍ നേരിട്ടെത്തിയാണ് 'ബിരുദം' സ്വന്തമാക്കിയത്. 1972 ൽ ബിരുദം പൂർത്തിയാക്കിയ ഖട്ടർക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറിയതാവട്ടെ ഡൽഹി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. യോഗേഷ് സിങും. മുഖ്യമന്ത്രിയായ ശേഷം താൻ തന്‍റെ ഗ്രാമത്തിലെ പ്രൈമറി സ്‌കൂൾ, ഹൈസ്‌കൂൾ, റോഹ്തക്കിലെ കോളജ് എന്നിവിടങ്ങളിൽ പോയി എന്നും എന്നാല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ എത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി സര്‍വകലാശാലയിലെത്തുക എന്നത് എന്‍റെ സ്വപ്‌നമായിരുന്നുവെന്നും അദ്ദേഹം സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചുകൊണ്ട് അറിയിച്ചു. 1972 മുതൽ 1980 വരെ ഞാൻ ഡൽഹിയിലായിരുന്നു. ഇവിടെ നിന്നാണ് എനിക്ക് രാജ്യത്തെ സേവിക്കാനുള്ള പ്രചോദനം ലഭിച്ചതെന്നും മുന്‍ ആര്‍എസ്‌എസ് പ്രചാരക് കൂടിയായ മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു.
വിദ്യാര്‍ഥികളോട് സിഎമ്മിന് പറയാനുള്ളത്: ഡൽഹി സർവകലാശാല സംഘടിപ്പിച്ച "ഹർ ഘർ ധ്യാൻ" പരിപാടിയിലും ഖട്ടർ പങ്കെടുത്തു. ആർട്ട് ഓഫ് ലിവിങ് സ്ഥാപകൻ പത്മവിഭൂഷൺ ശ്രീ ശ്രീ രവിശങ്കർ മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയിൽ ധ്യാനത്തെയും മാനസികാരോഗ്യത്തെയും കുറിച്ചുള്ള പ്രത്യേക പ്രഭാഷണവുമുണ്ടായിരുന്നു. ഭാവിയില്‍ രോഗങ്ങൾ വരാതിരിക്കാൻ ജീവിതത്തിന്‍റെ ആദ്യകാലങ്ങളില്‍ തന്നെ തീരുമാനമെടുക്കേണ്ടത് പ്രധാനമാണെന്ന് വേദിയെ അഭിസംബോധന ചെയ്‌ത് ഖട്ടറും അറിയിച്ചു.
എന്തെങ്കിലും ആകണമെന്ന് ചിന്തിക്കുന്നതില്‍ നിന്നുമാറി എന്തെങ്കിലും ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഖട്ടർ വിദ്യാര്‍ഥികളോട് തന്‍റെ പ്രസംഗത്തിൽ വ്യക്തമാക്കി. ബിരുദവും ജോലിയും നേടുക എന്നത് ജീവിതത്തിന്‍റെ ആത്യന്തിക ലക്ഷ്യമായിരിക്കരുതെന്നും ആളുകൾ ജീവിതത്തെ വലിയ കാഴ്‌ചപ്പാടോടെ കാണണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ആളുകൾക്ക് വലിയ കാഴ്‌ചപ്പാട് ഇല്ലെങ്കിൽ അവർ ആത്മഹത്യയിലേക്ക് നീങ്ങുന്നതിന് തുല്യമാണെന്നും ഖട്ടര്‍ കൂട്ടിച്ചേര്‍ത്തു.
വേദിയില്‍ പുസ്‌തക പ്രകാശനവും: സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കായുള്ള സന്ദേശം നല്‍കാനും അദ്ദേഹം മറന്നില്ല. ചെറിയ ചിന്തകൾക്ക് പകരം വലിയ ചിന്തയുടെ പാത സ്വീകരിക്കാൻ അദ്ദേഹം മുന്നിലിരിക്കുന്ന വിദ്യാര്‍ഥികളോട് പറഞ്ഞു. ആയുധങ്ങൾ എങ്ങനെ നിർമിക്കാമെന്ന് ശാസ്‌ത്രം നമ്മെ പഠിപ്പിക്കുന്നുണ്ടെന്നും എന്നാൽ വിവേകത്തോടെ ഉപയോഗിച്ചില്ലെങ്കിൽ അവ നാശത്തിന് കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹി സര്‍വകലാശാലയിലെ കൾച്ചറൽ കൗൺസിൽ ചെയർപേഴ്‌സണും പിആർഒയുമായ അനുപ് ലതർ രചിച്ച “കാൽ ഓർ താൽ” എന്ന പുസ്‌തകവും ഹരിയാന മുഖ്യമന്ത്രി ഖട്ടര്‍ പ്രകാശനം ചെയ്‌തു. ഹരിയാൻവി നാടോടി സംസ്‌കാരത്തിൽ നിന്നുള്ള 150 ഗാനങ്ങൾ ഉള്‍പ്പെട്ടതായിരുന്നു പുസ്‌തകം.