ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും ആം ആദ്‌മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയെ ഡല്‍ഹി റോസ് അവന്യു കോടതി മാര്‍ച്ച് 20 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കസ്റ്റഡി കാലവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്ന്(06.03. 2023) ഉച്ചയ്‌ക്കാണ് സിബിഐ മനീഷ് സിസോദിയയെ റോസ് അവന്യു കോടതിയില്‍ ഹാജരാക്കിയത്. ഡല്‍ഹി മദ്യ നയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആം ആദ്‌മി പാര്‍ട്ടിയിലെ രണ്ടാമത്തെ ഉയര്‍ന്ന നേതാവായ മനീഷ് സിസോദിയ കഴിഞ്ഞ ഒരാഴ്‌ചയായി സിബിഐ കസ്റ്റഡിയില്‍ ആയിരുന്നു.
നിലവില്‍ സിസോദിയയെ കസ്റ്റഡില്‍ ആവശ്യമില്ലെന്ന് സിബിഐ: നിലവില്‍ തങ്ങളുടെ കസ്റ്റഡിയില്‍ മനീഷ് സിസോദിയ വേണമെന്ന ആവശ്യം ഉയര്‍ത്തുന്നില്ലെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ അടുത്ത പതിനഞ്ച് ദിവസത്തിനിടയില്‍ തങ്ങള്‍ സിസോദിയയുടെ കസ്റ്റഡി ആവശ്യപ്പെട്ടേക്കാമെന്നും സിബിഐയുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. തങ്ങളുടെ നടപടിക്രമങ്ങള്‍ സുതാര്യമാണെന്നും സിബിഐ അവകാശപ്പെട്ടു.
നിയമ വിരുദ്ധമാണ് സിബിഐയുടെ മദ്യ നയ കേസുമായി ബന്ധപ്പെട്ട പല പ്രവര്‍ത്തനങ്ങളും എന്ന് മനീഷ് സിസോദിയയുടെ അഭിഭാഷകന്‍ കോടതിയില്‍ ആരോപിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു സിബിഐ. ഒരു ജോഡി കണ്ണടകള്‍, നോട്ട്ബുക്ക്, ഒരു പേന, അധ്യാത്‌മിക ഗ്രന്ധമായ ഭഗവദ് ഗീത തുടങ്ങിയവ ജുഡീഷ്യല്‍ കസ്റ്റഡി കാലവധിയില്‍ കൊണ്ട്പോകാനായി മനീഷ് സിസോദിയയെ കോടതി അനുവദിച്ചു. ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ച മരുന്നുകള്‍ കരുതാനും കോടതി സിസോദിയയെ അനുവദിച്ചു. ജയില്‍ സെല്ലില്‍ വിപാസനയില്‍ ഇരിക്കാനായി അനുവദിക്കണമെന്ന സിസോദിയയുടെ അപേക്ഷ പരിഗണിക്കാന്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി നിര്‍ദേശിച്ചു.
ജാമ്യാപേക്ഷയില്‍ വാദം മാര്‍ച്ച് 10ന്: കഴിഞ്ഞ ശനിയാഴ്‌ച റോസ് അവന്യു കോടതി സിസോദിയയുടെ കസ്റ്റഡി കാലവധി രണ്ട് ദിവസം കൂടി നീട്ടിയിരുന്നു. സിസോദിയയുടെ ജാമ്യ അപേക്ഷയില്‍ വാദം കേള്‍ക്കുന്നത് കോടതി മാര്‍ച്ച് 10ന് ലിസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. സിസോദിയയെ കേന്ദ്ര സര്‍ക്കാറിന്‍റെ കീഴിലുള്ള അന്വേഷണ ഏജന്‍സിയായ സിബിഐ ഡല്‍ഹി മദ്യ നയ കേസില്‍ അറസ്‌റ്റ് ചെയ്യുന്നത് ഫെബ്രുവരി 26നാണ്.
തുടര്‍ന്ന് കഴിഞ്ഞ ആഴ്‌ചയാണ് അരവിന്ദ് കെജ്രിവാള്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മനീഷ് സിസോദിയ രാജിവെക്കുന്നത്. സിസോദിയ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കഴിഞ്ഞ വാദത്തിനിടയില്‍ സിബിഐ കോടതിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ തന്നോട് ഒരേ ചോദ്യം തന്നെ മണിക്കൂറുകളോളം സിബിഐ ആവര്‍ത്തിച്ച് ചോദിക്കുകയാണെന്നാണ് സിസോദിയ കോടതിയില്‍ ആരോപിച്ചത്.
തന്നെ സിബിഐ കസ്റ്റഡിയില്‍ വെക്കുന്നത് കൊണ്ട് കേസന്വേഷണത്തിന് യാതൊരു നേട്ടവുമില്ല എന്ന് അവകാശപ്പെട്ടാണ് ജാമ്യപേക്ഷയ്‌ക്കായി സിസോദിയ റോസ് അവന്യു കോടതിയെ സമീപിച്ചത്. എന്നാല്‍ സുപ്രീം കോടതി സിസോദിയയുടെ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. വിചാരണക്കോടതിയെ സമീപിക്കാനായിരുന്നു സുപ്രീം കോടതി നിര്‍ദേശിച്ചത്.
പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു: കേന്ദ്ര അന്വേഷണ ഏജന്‍സികളെ മോദി സര്‍ക്കാര്‍ ദുരുപയോഗപ്പെടുത്തുന്നതിന്‍റെ ദൃഷ്‌ടാന്തമായാണ് സിസോദിയയ്‌ക്ക് എതിരായ സിബിഐ അന്വേഷണത്തെ ആം ആദ്‌മി പാര്‍ട്ടി വിശേഷിപ്പിക്കുന്നത്. ബിജെപി 2014ല്‍ അധികാരത്തില്‍ വന്നതിന് ശേഷം പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കെതിരായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എടുത്ത കേസുകളിലെ വലിയ വര്‍ധനവ് ചൂണ്ടികാട്ടി ഒമ്പത് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഞായറാഴ്‌ച(05.03.2023) കത്തയച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളും ഗവര്‍ണമാരും തമ്മിലുള്ള പോരും കത്തില്‍ ചൂണ്ടികാട്ടി.