ന്യൂഡല്‍ഹി : ആം ആദ്‌മി പാർട്ടി നേതാക്കളായ മനീഷ് സിസോദിയയും സത്യേന്ദര്‍ ജെയിനും ഡല്‍ഹി സർക്കാരിലെ മന്ത്രിസ്ഥാനങ്ങള്‍ രാജിവച്ചു. അഴിമതിക്കേസുകളില്‍ അറസ്റ്റിലായതിനെ തുടർന്നാണ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിനും പദവികള്‍ ഒഴിഞ്ഞത്. മനീഷ് സിസോദിയയെ മദ്യനയ അഴിമതിക്കേസില്‍ കഴിഞ്ഞ ദിവസമാണ് എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്‌തത്. ഇദ്ദേഹത്തിന്‍റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന ഹർജി ഇന്ന് സുപ്രീംകോടതി തള്ളിയിരുന്നു. സിസോദിയ ഇപ്പോൾ സിബിഐ കസ്റ്റഡിയിലാണ്.
അതേസമയം സത്യേന്ദർ ജെയിനിനെ കണക്കില്‍പ്പെടാത്ത സ്വർണവും പണവും രഹസ്യമായി ഒളിപ്പിച്ച കേസിലാണ് എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് 2022 ജൂൺ ഏഴിന് അറസ്റ്റ് ചെയ്‌തത്. സത്യേന്ദർ ജെയിനിന്‍റെ വീട്ടില്‍ നിന്ന് 2.85 കോടി രൂപയും 1.8 കിലോ സ്വർണവും പിടിച്ചെടുത്തുവെന്നാണ് ഇഡി അന്ന് കോടതിയെ അറിയിച്ചത്. തിഹാർ ജയിലില്‍ സത്യേന്ദർ ജെയിനിന് വിവിഐപി പരിഗണന ലഭിക്കുന്നുണ്ടെന്നും മസാജ് അടക്കമുള്ള സൗകര്യങ്ങൾ ചെയ്‌തുകൊടുക്കുന്നുണ്ടെന്നും സിസിടിവി ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിരുന്നു.
മനീഷ് സിസോദിയ കൈകാര്യം ചെയ്‌തിരുന്ന വകുപ്പുകൾ റവന്യൂ മന്ത്രി കൈലാഷ് ഗെഹ്ലോട്ടിനും സാമൂഹ്യക്ഷേമ മന്ത്രി രാജ് കുമാർ ആനന്ദിനും നൽകുമെന്നാണ് ഡൽഹി സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. എഎപി മന്ത്രിസഭയിലെ 33 വകുപ്പുകളിൽ സുപ്രധാനമായ ആഭ്യന്തരം, ആരോഗ്യം, ധനകാര്യം, വിദ്യാഭ്യാസം അടക്കം 18 എണ്ണത്തിന്‍റെ ചുമതലയാണ് ഉപമുഖ്യമന്ത്രിയായിരുന്ന സിസോദിയ വഹിച്ചിരുന്നത്. സത്യേന്ദർ ജെയിൻ അറസ്റ്റിലായതോടെ അദ്ദേഹം കയ്യാളിയിരുന്ന ആരോഗ്യം, ആഭ്യന്തരം, നഗരവികസനം എന്നിവയുൾപ്പടെയുള്ള വകുപ്പുകളുടെ ചുമതല സിസോദിയയ്ക്ക് മുഖ്യമന്ത്രി കൈമാറിയിരുന്നു.
എന്നാല്‍ സിസോദിയ അറസ്റ്റിലായതിന് പിന്നാലെ എഎപിക്കെതിരെ ബിജെപി ആക്രമണം ശക്തമാക്കി. ഇരുവരെയും മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇരുവരുടെയും രാജി സ്വീകരിച്ചത്.
മദ്യ കുംഭകോണം നടന്നത് മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയാണ്. അതിന് അദ്ദേഹവും പൂർണ ഉത്തരവാദിയാണ്. കേജ്‌രിവാളിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരുമെന്നും ബിജെപി വ്യക്‌തമാക്കി. അഴിമതിക്കേസിൽ സിസോദിയയെ മാത്രമല്ല മദ്യകുംഭകോണത്തിൽ പങ്കാളിയായ കെജ്‌രിവാളിനെയും അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.