ഇംഫാൽ : മണിപ്പൂരിലെ കാങ്‌പോക്‌പി ജില്ലയിൽ രണ്ട് കുക്കി വിഭാഗത്തിലെ സ്‌ത്രീകളെ ഒരു കൂട്ടം പുരുഷന്മാർ പീഡിപ്പിച്ച് നഗ്‌നരാക്കി പൊതുമധ്യത്തിൽ നടത്തിയ സംഭവത്തിൽ നാല് പേരെ അറസ്‌റ്റ് ചെയ്‌തു. സംഭവത്തിൽ രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തതായി ഇന്ന് വൈകീട്ടോടെ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്‌തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
കേസിൽ ആദ്യം അറസ്‌റ്റിലായ ഹുയിറേം ഹെറാദാഷ് സിംഗ് (32) ആണ് 26 സെക്കറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ജനക്കൂട്ടത്തെ നയിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. മറ്റ് മൂന്ന് പേരുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. അറസ്‌റ്റിലായവരെ വീഡിയോ ദൃശ്യങ്ങളിൽ തിരിച്ചറിഞ്ഞു.
ഇന്നലെ (19.7.23) വൈകുന്നേരം മുതൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയുടെ അടിസ്ഥാനത്തിൽ തൗബാൽ ജില്ലയിലെ നോങ്‌പോക്ക് സെക്‌മായി പൊലീസ് സ്‌റ്റേഷനിൽ പ്രതികൾക്കെതിരെ തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം, കൊലപാതകം എന്നിവയ്ക്ക് കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. തുടർന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി നടത്തിയ അന്വേഷണത്തിലാണ് ഹുയിറേം ഹെറാദാഷ് സിംഗിനെ അറസ്‌റ്റ് ചെയ്‌തത്. മണിപ്പൂർ സർക്കാരിനെതിരേയും പൊലീസിനെതിരേയും വലിയ വിമർശനങ്ങൾക്ക് കാരണമായ ജനരോഷത്തെ ആളിക്കത്തിച്ച അതിദാരുണ സംഭവമാണ് മണിപ്പൂരിൽ നടന്നത്.
മെയ് നാലിനാണ് ദൃശ്യങ്ങൾക്കാസ്‌പദമായ സംഭവം നടന്നതായി പറയപ്പെടുന്നത്. ഹുയിറേമിന്‍റെ അറസ്‌റ്റിനെ തുടർന്ന് അയാളുടെ വീട് ഗ്രാമവാസികൾ തീയിട്ട് നശിപ്പിക്കുകയും കുടുംബത്തെ വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്‌തു. അതേസമയം മണിപ്പൂരിൽ നടന്നത് മനുഷ്യത്വരഹിതമായ സംഭവമാണെന്നും കുറ്റവാളികൾക്ക് വധശിക്ഷ വാങ്ങിക്കെടുക്കാൻ സർക്കാർ ശ്രമിക്കുമെന്നും മുഖ്യമന്ത്രി ബിരേൻ സിങ് പറഞ്ഞിരുന്നു. ഇത്തരമൊരു ഹീനമായ പ്രവൃത്തിക്ക് നമ്മുടെ സമൂഹത്തിൽ ഇടമില്ലെന്നും വിഷയത്തിൽ സർക്കാർ നിശബ്‌ദത പാലിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സംസ്ഥാനത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കാൻ തന്‍റെ സർക്കാർ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ഇതിന്‍റെ ഭാഗമായി വിവിധ സമുദായങ്ങളിലെ വിവിധ സിവിൽ സൊസൈറ്റി സംഘടനകൾ, വ്യവസായികൾ, മതസ്ഥാപന നേതാക്കൾ എന്നിവരുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും സിംഗ് പറഞ്ഞു. മണിപ്പൂരിൽ സ്‌ത്രീകൾക്ക് നേരെ നടന്നത് പ്രാകൃതവും അപരിഷ്‌കൃതവുമായ ആക്രമണമാണെന്നും സംഭവത്തിൽ അപലപിക്കുന്നതായും സിഒസിഒഎംഐ (Coordinating Committee on Manipur Integrity) അറിയിച്ചു.