ന്യൂഡൽഹി : മണിപ്പൂർ കലാപം (Manipur violence) അന്വേഷിക്കാനും നീതി ഉറപ്പാക്കാനും സുപ്രീം കോടതി (Supreme Court) നിയോഗിച്ച വനിത ജഡ്‌ജിമാരുടെ സമിതി സുപ്രീം കോടതിയില്‍ റിപ്പോർട്ട് സമര്‍പ്പിച്ചു. ജമ്മു കശ്‌മീർ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ഗീത മിത്തൽ (Justice Gita Mittal) അധ്യക്ഷനായ സമിതി അക്രമത്തെ സംബന്ധിച്ച കാര്യങ്ങളും നിർദേശങ്ങളും അടങ്ങുന്ന മൂന്ന് റിപ്പോർട്ടുകളാണ് സമർപ്പിച്ചത്.
മണിപ്പൂരിന്‍റെ പുനരുജ്ജീവനത്തിന്‍റെ ആദ്യ പടിയെന്നോണം സംഘർഷത്തിൽ ഇരകളായവർക്കും, വീടുകൾ നഷ്‌ടപ്പെട്ടത് മൂലം പാലായനം ചെയ്യേണ്ടി വന്നവർക്കും നഷ്‌ടമായ രേഖകൾ വീണ്ടും സർക്കാർ നൽകണമെന്നതാണ് ആദ്യത്തെ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അക്രമത്തിന് ഇരയായാവര്‍ക്ക് നല്‍കുന്ന നഷ്‌ടപരിഹാരം വര്‍ധിപ്പിക്കണമെന്നതാണ് സമിതിയുടെ രണ്ടാമത്തെ റിപ്പോർട്ട്.
ഇരകളാക്കപ്പെട്ട സ്ത്രീകളുടെ മാനസികാരോഗ്യത്തെപ്പറ്റിയാണ് മൂന്നാമത്തെ റിപ്പോർട്ടിൽ വ്യക്‌തമാക്കിയിരിക്കുന്നത്. ഹൈക്കോടതി മുൻ ജഡ്‌ജിമാരായ ജസ്റ്റിസ് ശാലിനി ഫൻസാൽക്കർ ജോഷി, ആശാ മേനോൻ എന്നിവരും സമിതിയിലെ അംഗങ്ങളാണ്. സംഘർഷത്തിൽ ഒട്ടേറെ പേർക്ക് ആധാർ കാർഡ് തുടങ്ങിയ സുപ്രധാന രേഖകൾ നഷ്‌ടപ്പെട്ടിട്ടുണ്ട്.
പല ആനുകൂല്യങ്ങളും ആധാറിന്‍റെ സഹായത്തോടെയാണ് വിതരണം ചെയ്യേണ്ടതെന്നതിനാൽ വിഷയം നിർണായകമാണ്. അതിനാൽ തന്നെ നഷ്‌ടപ്പെട്ട നിര്‍ണായക തിരിച്ചറിയല്‍ രേഖകള്‍ പുനർ നിർമിക്കുന്നതിനായി ഒരു നോഡൽ ഓഫിസറെ നിയമിക്കാനും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
നഷ്‌ടപരിഹാര പദ്ധതി: സമിതിയുടെ രണ്ടാമത്തെ റിപ്പോർട്ട് മണിപ്പൂരിലെ ഇരകളുടെ നഷ്‌ടപരിഹാര പദ്ധതിയുമായി ബന്ധപ്പെട്ടതാണ്. പദ്ധതിയിൽ കാര്യമായ പുരോഗതി ആവശ്യമാണെന്നും സമിതി റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നഷ്‌ടപരിഹാര പദ്ധതിയും നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി രൂപീകരിച്ച സ്‌കീമുകളുടെ അതേ രീതിയിലായിരിക്കണമെന്നും സമിതി വ്യക്‌തമാക്കി.
അതേസമയം മറ്റൊരു പദ്ധതിയിൽ നിന്ന് ആനുകൂല്യം ലഭിച്ചവരെ നഷ്‌ടപരിഹാര പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾക്ക് പരിഗണിക്കുന്നില്ലെന്നും ഇത് ഒഴിവാക്കണമെന്നും സമിതി ചൂണ്ടിക്കാട്ടി. ആക്രമണത്തിനിരയായവർക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മറ്റേതെങ്കിലും പദ്ധതി പ്രകാരം ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിൽ, ഈ പദ്ധതിക്ക് കീഴിലുള്ള നഷ്‌ടപരിഹാര തുക തീരുമാനിക്കുമ്പോൾ ആ വസ്‌തുത പരിഗണിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
അക്രമത്തിനിരയായ സ്ത്രീകളുടെ പുനരധിവാസം, മാനസിക സഹായം, മാനസികാരോഗ്യ സംരക്ഷണം, മെഡിക്കൽ പരിചരണം, ദുരിതാശ്വാസ ക്യാമ്പുകൾ, നിരീക്ഷണം എന്നിവ ഉൾപ്പെടുന്ന പ്രധാന മേഖലകൾ കമ്മിറ്റി റിപ്പോർട്ടിൽ വ്യക്‌തമാക്കിയിട്ടുണ്ട്. ഈ മേഖലകളിൽ സഹായിക്കാൻ കഴിയുന്ന വിദഗ്‌ധനെ നിയമിക്കണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം സമിതിയുടെ ഓഫീസ് സ്ഥലം, ഫണ്ടിങ്, വെബ് പോർട്ടൽ സ്ഥാപിക്കൽ, അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾ എന്നിവ ഉൾപ്പെടുന്ന പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് ചില നടപടിക്രമ നിർദ്ദേശങ്ങൾ നൽകുമെന്ന് സുപ്രീം കോടതി പറഞ്ഞു. വാദങ്ങൾ കേട്ട ശേഷം, വിഷയം വെള്ളിയാഴ്‌ച പരിഗണിക്കാൻ സുപ്രീം കോടതി മാറ്റി വച്ചു.