ഇംഫാൽ : മണിപ്പൂരിൽ ഒരിടവേളക്ക് ശേഷം വീണ്ടും സംഘർഷം (Manipur violence). ഇംഫാൽ ഈസ്റ്റ് ജില്ലയിലാണ് വീണ്ടും സംഘർഷാവസ്ഥ ഉടലെടുത്തത്. ന്യൂ ലാംബുലേനിൽ ഞായറാഴ്‌ച അജ്ഞാതരായ ആക്രമികൾ അഞ്ച് വീടുകൾക്ക് തീയിട്ടു (Houses burnt in New Lambulane). ഞായറാഴ്‌ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. തുടർന്ന് പ്രദേശത്ത് പ്രതിഷേധമുണ്ടാകുകയും ജനങ്ങളെ ഒഴിപ്പിക്കാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്‌തു. സുരക്ഷ വർധിപ്പിക്കുന്നതിനായി പ്രദേശത്ത് കൂടുതൽ സേനകളെ വിന്യസിച്ചിട്ടുണ്ട്.
അതേസമയം പ്രദേശത്ത് നേരത്തെ തന്നെ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നതിനാൽ അക്രമികൾ പ്രദേശത്തുള്ളവർ തന്നെയായിരിക്കുമെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. തീപിടിത്തം നടന്ന ന്യൂ ലാംബുലൻ പ്രദേശത്തെ എക്‌സിറ്റ് പോയിന്‍റുകളിൽ എയർടൈറ്റ് ഫെൻസിങ് ഉൾപ്പെടെയുള്ള കർശനമായ സുരക്ഷ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു. അതിനാൽ തന്നെ പുറത്ത് നിന്ന് ആക്രമികൾ എത്തി തീയിടാൻ സാധ്യതയില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കണ്ണീർ വാതകം പ്രയോഗിച്ച് പൊലീസ് : സംഭവത്തിന് പിന്നാലെ സർക്കാരിനെതിരെ ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങുകയും കേന്ദ്ര സേനയെ വിന്യസിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തു. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് തങ്ങളുടെ സ്വന്തം വീടുകളിലേക്ക് മടങ്ങണമെന്നും സ്വന്തം മേഖലകളിലേക്ക് പ്രവേശിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ പ്രതിഷേധിച്ചതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയായിരുന്നു.
എന്നാൽ ഇത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയും പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് ഇത് കലാശിക്കുകയും ചെയ്‌തു. ഒടുവിൽ ഏറെ പണിപ്പെട്ടാണ് പൊലീസ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. അതേസമയം ഇംഫാൽ നഗരത്തിന്‍റെ സമാധാനപരമായ അന്തരീക്ഷം അസ്ഥിരപ്പെടുത്താനാണ് അക്രമികൾ വീടുകൾക്ക് തീ വയ്‌ക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
അതേസമയം മണിപ്പൂർ നിയമസഭ സമ്മേളനം ഓഗസ്റ്റ് 29-ന് ചേരാനിരിക്കെ പുതിയ സംഭവ വികാസങ്ങൾ സർക്കാരിന് ഏറെ ആശങ്ക ഉണർത്തുന്നുണ്ട്. ആക്രമണ സംഭവങ്ങളിൽ സർക്കാർ കൂടുതൽ പ്രതിരോധത്തിലാകുമെന്നാണ് വിലയിരുത്തൽ. ന്യൂ ലാംബുലേൻ വൈവിധ്യമാർന്നതും വിവിധ വിഭാഗക്കാർ താമസിക്കുന്നതുമായ പ്രദേശമാണ്. അതിനാൽ തന്നെ കൂടുതൽ അനിഷ്‌ട സംഭവങ്ങൾ ഒഴിവാക്കുന്നതിനായി 24 മണിക്കൂറും കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
തോക്കുകൾ മോഷ്‌ടിച്ച് ആക്രമികൾ : അതേസമയം ഇന്ന് നടന്ന മറ്റൊരു സംഭവത്തിൽ അജ്ഞാതരായ ആക്രമികൾ സുരക്ഷ ഉദ്യോഗസ്ഥരുടെ തോക്കുകൾ പിടിച്ചെടുത്തു. മുൻ ആരോഗ്യ കുടുംബക്ഷേമ ഡയറക്‌ടർ കെ രാജോയുടെ വസതിക്ക് കാവൽ നിന്ന സുരക്ഷ ഉദ്യോഗസ്ഥരിൽ നിന്നാണ് അജ്ഞാതർ മൂന്ന് തോക്കുകൾ തട്ടിയെടുത്തത്. ഇംഫാൽ വെസ്റ്റ് ജില്ലയിലെ ഇംഫാൽ പിഎസിനു കീഴിലുള്ള സഗോൽബന്ദ് ബിജോയ് ഗോവിന്ദയിലാണ് സംഭവം.
തട്ടിയെടുത്ത തോക്കുകളിൽ രണ്ട് എകെ സീരീസ് റൈഫിളുകളും ഒരു കാർബൈനും ഉൾപ്പെടുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. അതേസമയം ആയുധങ്ങൾ വീണ്ടെടുക്കുന്നതിനും, തട്ടിയെടുത്തവരെ പിടികൂടുന്നതിനും പൊലീസ് സംഘങ്ങളായി ചേർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.