ന്യൂഡൽഹി : മണിപ്പൂരിലെ വംശീയ കലാപം ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷി യോഗം ചേരും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഡൽഹിയിലാണ് യോഗം ചേരുക. വടക്കുകിഴക്കൻ സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ കുറിച്ച് പ്രതിപക്ഷ പാർട്ടികൾ വിമർശനങ്ങൾ ഉന്നയിച്ച സാഹചര്യത്തിലാണ് യോഗം ചേരുന്നത്.
മേയ് 3 ന് മലയോര ജില്ലകളിൽ ഗോത്രവർഗ ഐക്യദാർഢ്യ മാർച്ച് സംഘടിപ്പിച്ചതിന് ശേഷം മണിപ്പൂരിൽ നടന്ന അക്രമാസക്തമായ ഏറ്റുമുട്ടലിൽ 120 പേരാണ് മരിച്ചത്. 3,000 പേർക്ക് പരിക്കേറ്റു. കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി മണിപ്പൂരിലെ അക്രമത്തെ അപലപിച്ചു.
കലാപം തുടരുന്ന സാഹചര്യത്തിൽ വിഷയത്തിൽ ഇടപെടാനും സംഘർഷത്തിന് പരിഹാരം കാണണമെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് മണിപ്പൂരിലെ പ്രദേശവാസികളും രംഗത്തെത്തി. സംഘർഷം അവസാനിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാത്തതിന്‍റെ പേരിൽ സംസ്ഥാനത്തെ ഭാരതീയ ജനത പാർട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യം പ്രതിസന്ധിയിലാണ്. കേന്ദ്രസർക്കാരിനോ സംസ്ഥാന സർക്കാരിനോ മണിപ്പൂരിൽ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല എന്നാരോപിച്ച് പ്രതിപക്ഷം കടുത്ത വിമർശനങ്ങളാണ് ബിജെപിക്കെതിരെ ഉന്നയിക്കുന്നത്.
അക്രമം തുടരുന്ന സാഹചര്യത്തിൽ അമിത് ഷാ കുറച്ച് ദിവസങ്ങൾക്ക് മുൻപ് മണിപ്പൂരിലെത്തി മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങുമായും ഉന്നത ഉദ്യോഗസ്ഥരുമായും ഇംഫാലിൽ വച്ച് കൂടിക്കാഴ്‌ച നടത്തിയിരുന്നു. പ്രധാനമന്ത്രി മോദിയുടെ അമേരിക്കൻ സന്ദർശന വേളയിൽ സംഘർഷം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസിലെ മെയ്തേയിയും കുക്കി നിവാസികളും പ്രകടനങ്ങൾ നടത്തിയിരുന്നു.
പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം : ഒരു മാസത്തിലേറെയായി മണിപ്പൂരിൽ നടക്കുന്ന വംശീയ കലാപത്തെ കുറിച്ച് പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പ്രധാനമന്ത്രി ഒരു വാക്ക് പോലും മിണ്ടാതിരുന്നതിൽ പ്രതിഷേധിച്ച് ജനങ്ങൾ രംഗത്തെത്തിയിരുന്നു. റേഡിയോ എറിഞ്ഞ് പൊട്ടിച്ചും, കത്തിച്ചും ജനങ്ങൾ പ്രതിഷേധിച്ചു. തകർത്ത റേഡിയോക്ക് ചുറ്റും നിന്ന് ജനങ്ങൾ കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യങ്ങളും വിളിച്ചു. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
നൂറിലധികം പേർ കൊല്ലപ്പെട്ട കലാപത്തെ കുറിച്ചോ, ജനങ്ങളുടെ അവസ്ഥയെ കുറിച്ചോ പ്രധാനമന്ത്രി ഇത്ര നാളായിട്ടും ഒരു വാക്ക് പോലും മിണ്ടിയിട്ടില്ല എന്ന് ആരോപിച്ചാണ് ജനങ്ങൾ റോഡിയോ തകർത്ത് പ്രതിഷേധിച്ചത്. പ്രധാനമന്ത്രിയുടെ മൗനത്തിനെതിരെ പ്രതിപക്ഷ പാർട്ടികളും കടുത്ത പ്രതിഷേധം അറിയിച്ചു. കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശും ട്വിറ്ററിലൂടെ മോദിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. മൻ കി ബാത്ത് മതിയാക്കൂ, ഇത് മണിപ്പൂർ കി ബാത്തിന്‍റെ സമയമാണെന്നാണ് തൃണമൂൽ കോണ്‍ഗ്രസ് എംപി മഹുവ മൊയ്‌ത്രയും ട്വീറ്റ് ചെയ്‌തിരുന്നു.
മണിപ്പൂരിലെ സംഘർഷം നിലനിൽക്കുന്ന പ്രദേശങ്ങളിൽ സൈന്യം ഫ്ലാഗ് മാർച്ച് നടത്തി. മണിപ്പൂരിൽ വീണ്ടും സംഘർഷം ഉടലെടുക്കുകയും സുരക്ഷ സേനയും ജനക്കൂട്ടവും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാവുകയും ചെയ്‌തിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് സൈന്യം ഫ്ലാഗ് മാർച്ച് നടത്തിയത്.
More read : മൻ കി ബാത്തിലും മണിപ്പൂർ കലാപത്തിൽ മൗനം; റേഡിയോ തകർത്ത് പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിച്ച് ജനങ്ങൾ