മംഗളൂരു: സൂറത്ത്കല്ലില്‍ മധ്യവയസ്‌കനെ രണ്ടംഗ സംഘം വെട്ടിക്കൊന്നു. കാട്ടിപ്പള്ള സ്വദേശി ജലീല്‍ (45) ആണ് കൊല്ലപ്പെട്ടത്. കൃഷ്‌ണപുര നൈത്തങ്ങാടിയിലെ കടയ്‌ക്കുള്ളില്‍ കയറിയാണ് ജലീലിനെ അജ്ഞാത സംഘം കൊലപ്പെടുത്തിയത്.
ശനിയാഴ്‌ച രാത്രിയോടെ ജലീല്‍ സ്വന്തം കടയ്‌ക്ക് മുന്നില്‍ നില്‍ക്കുമ്പോഴാണ് സംഭവം. അക്രമത്തിന് ശേഷം പ്രതികള്‍ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടിരുന്നു. പരിക്കേറ്റ ജലീലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അതേസമയം, കൊലപാതകത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് രാവിലെ ആറിന് ആരംഭിച്ച നിരോധനാജ്ഞ ഡിസംബര്‍ 27നാണ് അവസാനിക്കുക. മംഗളൂരു സിറ്റി പൊലീസ് കമ്മിഷണറേറ്റിന്‍റെ പരിധിയിൽ വരുന്ന സൂറത്ത്കൽ, ബജ്‌പെ, കാവുരു, പനമ്പൂർ പൊലീസ് സ്‌റ്റേഷന്‍ പരിധികളിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സർക്കാർ ഉത്തരവുകൾ പ്രകാരം നടത്തുന്ന പരിപാടികൾ, യോഗങ്ങൾ, ചടങ്ങുകൾ, ക്രിസ്‌മസ് ആഘോഷം, മതപരമായ പരിപാടികൾ, അവശ്യ അടിയന്തര സേവനങ്ങൾ എന്നിവയ്ക്ക് നിയമം ബാധകമല്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.