ന്യൂഡൽഹി: മംഗളൂരു സ്‌ഫോടന കേസില്‍ കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ റെയ്‌ഡ് നടത്തി എന്‍ഐഎ (ദേശീയ അന്വേഷണ ഏജന്‍സി). ഈ കേസുമായി ബന്ധപ്പെട്ട് എട്ട് സ്ഥലങ്ങളിലാണ് അന്വേഷണ പരിശോധന. തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ - രണ്ട്, കോയമ്പത്തൂർ - ഒന്ന്, എറണാകുളം - നാല്, മൈസൂരു - ഒന്ന് എന്നിങ്ങനെയാണ് റെയ്‌ഡ് നടന്ന സ്ഥലങ്ങളും പരിശോധനകളുടെ എണ്ണവും.
2022 നവംബര്‍ 19നാണ് കര്‍ണാടകയിലെ മംഗളൂരുവില്‍ സ്‌ഫോടനം നടന്നത്. ഈ സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് ഇന്ന് എന്‍ഐഎ എട്ട് സ്ഥലങ്ങളില്‍ പരിശോധന നടത്തിയത്. മംഗളൂരു നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പ്രഷർ കുക്കർ ബോംബ് സ്‌ഫോടനമാണ് ഉണ്ടായത്. പൊതുസ്ഥലത്ത് വയ്ക്കാനുള്ള സ്‌ഫോടക വസ്‌തുവുമായി സഞ്ചരിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിൽ നിരവധി ഡിജിറ്റൽ ഉപകരണങ്ങളും നാല് ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു.
READ MORE| കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനം: കേരളത്തില്‍ എന്‍ഐഎ റെയ്‌ഡ്
മംഗളൂരു കേസില്‍ ഇന്ന് നടത്തിയ റെയ്‌ഡിന് പുറമെ കോയമ്പത്തൂര്‍ കേസിലും എന്‍ഐഎ വിവിധ ഇടങ്ങളില്‍ പരിശോധന നടത്തി. 2022 ഒക്‌ടോബര്‍ 23നാണ് തമിഴ്‌നാട് കോയമ്പത്തൂരിലെ സ്‌ഫോടനം. കോയമ്പത്തൂർ കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലേയും കേരളത്തിലേയും 32 സ്ഥലങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്.