ഈസ്റ്റ് ഗോദാവരി (ആന്ധ്രാപ്രദേശ്): ഓൺലൈൻ ആപ്പിലൂടെ വായ്‌പ എടുത്തതിന് പിന്നാലെ ലോൺ നൽകിയ ആപ്പിന്‍റെ ഭീഷണിയെ തുടർന്ന് യുവാവ് ജീവനൊടുക്കി. രാജമഹേന്ദ്രവാരത്തെ കഡിയം മണ്ഡൽ സ്വദേശിയായ കോണ സതീഷാണ് (28) ജീവനൊടുക്കിയത്.
ബിരുദാനന്തര ബിരുദം നേടിയ സതീഷ് തുടർ പഠനത്തിനായാണ് ലോൺ ആപ്പിൽ നിന്നും വായ്‌പയെടുത്തത്. എന്നാൽ പണം തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് ആപ്പ് മാനേജർമാർ ഫോൺ വിളിച്ചും മെസേജ് അയച്ചും ശല്യം ചെയ്യുന്നത് പതിവായിരുന്നു. കൂടാതെ സതീഷിന്‍റെ മോർഫ് ചെയ്‌ത നഗ്ന ചിത്രങ്ങളും പ്രചരിപ്പിച്ചു.
ഇതോടെ കടുത്ത മാനസിക സമ്മർദത്തിലായ സതീഷ് ജൂൺ 24ന് രാത്രി ആത്മഹത്യ ചെയ്യുകയായിരുന്നു. സിനിമയ്ക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ സതീഷ് ഭീമാവരത്തിന് സമീപം വച്ച് ട്രെയിനിൽ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്‌തത്. സതീഷിന്‍റെ മരണശേഷം കുടുംബാംഗങ്ങൾക്കും ലോൺ ആപ്പിൽ നിന്നും ഫോൺ കോളുകളും ഭീഷണി സന്ദേശങ്ങളും വന്നിരുന്നു.
പണം തിരികെ അടച്ചില്ലെങ്കിൽ കുടുംബാംഗങ്ങളുടെ ചിത്രം മോർഫ് ചെയ്‌ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി സതീഷിന്‍റെ കുടുംബം ആരോപിക്കുന്നു. കുടുംബാംഗങ്ങൾ കഡിയം പൊലീസിൽ പരാതി നൽകി. പരാതിയിൽ അന്വേഷണം ആരംഭിച്ചതായി സിഐ രാം ബാബു പറഞ്ഞു.