മുംബൈ: മഹാരാഷ്‌ട്രയില്‍ വിദേശരാജ്യങ്ങളിലേയ്ക്ക് കൊറിയര്‍ വഴി ലഹരി കടത്തിയിരുന്നയാള്‍ അറസ്റ്റിലായി. മുംബൈയില്‍ വെച്ചാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഇയാളെ അറസ്റ്റ് ചെയ്‌തത്. രാജസ്ഥാനിലെ പാലി സ്വദേശിയായ ഹേംരാജ് പട്ടേല്‍ (31) ആണ് അന്വേഷണ സംഘത്തിന്‍റെ പിടിയിലായത്. സിംഗപ്പൂര്‍, ബ്രിട്ടന്‍, അയര്‍ലന്‍റ്, യുഎസ് എന്നിവിടങ്ങളിലേക്കാണ് ഇയാള്‍ ലഹരിമരുന്നുകള്‍ അയച്ചിരുന്നത്.
കഴിഞ്ഞ മാര്‍ച്ചില്‍ മറൈന്‍ ലൈന്‍ മേഖലയിലെ കൊറിയര്‍ കമ്പനി കേന്ദ്രീകരിച്ച് എന്‍സിബി സംഘം തെരച്ചില്‍ നടത്തിയിരുന്നു. ഡയസിപ്പാം 500 ഗുളികകള്‍, അല്‍പ്രസോളം 1000 ഗുളികകള്‍, ഫിനാസ്റ്ററൈഡ് 1200 ഗുളികകള്‍ എന്നിവയാണ് തെരച്ചിലില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഹേംരാജ് പട്ടേലിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയായിരുന്നു. അന്ധേരിയില്‍ നടത്തിയ റെയ്‌ഡിലാണ് ഇയാളെ പിടികൂടിയത്. മരുന്നുകളെന്ന വ്യാജേനയാണ് ഇയാള്‍ ലഹരിമരുന്നുകള്‍ കൊറിയര്‍ വഴി അയച്ചിരുന്നത്.