ഹാസൻ: കർണാടകയില്‍ (Karnataka) വാതുവെച്ച് മദ്യം കുടിച്ചയാള്‍ രക്തം ഛർദ്ദിച്ച് മരിച്ചു. ഹാസൻ ജില്ലയിൽ (Hasan District) ഹോളനരസീപൂർ താലൂക്കിലെ (Holanareepur Taluk) സിഗരനഹള്ളി (Sigaranahalli) സ്വദേശി തിമ്മെഗൗഡ (60) ആണ് മരിച്ചത് (Man Lost Life After Betting on Alcohol Drinking in Karnataka) . ആരാണ് കൂടുതൽ മദ്യം കഴിക്കുക എന്ന പന്തയമാണ് ഒരാളുടെ മരണത്തില്‍ കലാശിച്ചത്. അര മണിക്കൂറിൽ 90 മില്ലിയുടെ 10 പാക്കറ്റ് മദ്യം കുടിക്കാനുള്ള വെല്ലുവിളിയാണ് മരിച്ച തിമ്മെഗൗഡ ഏറ്റെടുത്തത്.
തിമ്മെഗൗഡയ്ക്കൊപ്പം ദേവരാജ് (Devaraj) എന്നയാളും പന്തയത്തില്‍ പങ്കെടുത്തിരുന്നു. സിഗരനഹള്ളി സ്വദേശി തന്നെയായ കൃഷ്ണ ഗൗഡ (Krishna Gowda) എന്ന വ്യക്തിയാണ് ഇരുവർക്കും മദ്യം നൽകിയത്. ഗ്രാമത്തിലെ ബസ് സ്റ്റേഷനിലിരുന്നാണ് മൂവരും പന്തയം തുടങ്ങിയത്.
പന്തയത്തില്‍ വിജയിക്കാൻ അതിവേഗത്തിലാണ് തിമ്മെഗൗഡ (Thimmegowda) 90 മില്ലിയുടെ 10 പാക്കറ്റ് മദ്യം കുടിച്ചുതീര്‍ത്തത്. എന്നാല്‍ അമിതമായി മദ്യം അകത്തുചെന്നതോടെ തിമ്മെഗൗഡ രക്തം ഛർദ്ദിച്ച് ബസ് സ്റ്റേഷനിൽ തന്നെ കുഴഞ്ഞു വീഴുകയായിരുന്നു. തിമ്മെഗൗഡ വീണതോടെ ഒപ്പം മദ്യപിച്ച ദേവരാജും കൃഷ്ണ ഗൗഡയും അവിടെ നിന്ന് മുങ്ങി. ബോധരഹിനായി ബസ് സ്റ്റേഷനിൽ കിടന്ന തിമ്മഗൗഡയെ പിന്നീട് ഗ്രാമത്തിലെ നാല് പേർ ചേർന്ന് വീട്ടിലേക്ക് എത്തിക്കുകയായിരുന്നു.
എന്നാല്‍ വീട്ടിൽ ആരുമില്ലാത്ത സമയത്താണ് തിമ്മെഗൗഡയെ നാട്ടുകര്‍ വീട്ടിലെത്തിക്കുന്നത്. ഒരു ആഘോഷത്തില്‍ പങ്കെടുക്കാന്‍ ബന്ധുവീട്ടിൽ പോയതായിരുന്നു തിമ്മെഗൗഡയുടെ കുടുംബം. കുടുംബാംഗങ്ങള്‍ വീട്ടില്‍ തിരികെയെത്തിയപ്പോള്‍ രക്തം ഛര്‍ദ്ദിച്ച് മരിച്ചുകിടക്കുന്ന തിമ്മെഗൗഡയെയാണ് കണ്ടത്.
തിമ്മെഗൗഡയുടെ മകൾ ഹോളനർസീപൂർ നഗർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് മൃതദേഹം ഹാസനിലെ ഹിംസ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ ഒപ്പം മദ്യപിച്ച ദേവരാജ്, മദ്യം നല്‍കിയ കൃഷ്ണ ഗൗഡ എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.