മാണ്ഡ്യ : കര്‍ണാടകയില്‍ രണ്ട് കുട്ടികളെ ചുറ്റികകൊണ്ട് തലയ്‌ക്കടിച്ച് കൊല്ലുകയും ഭാര്യയെ ആക്രമിക്കുകയും ചെയ്‌തയാള്‍ക്കായി തെരച്ചില്‍ ഊര്‍ജിതം. ബുധനാഴ്‌ച രാത്രിയിലാണ് സംഭവം. മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണം താലൂക്കിലെ മലഗലയിലുണ്ടായ സംഭവം ഇന്നാണ് പുറത്തുവന്നത്.
ശ്രീകാന്ത് തന്‍റെ രണ്ട് മക്കളായ ആദിത്യ (മൂന്ന്), അമൂല്യ (നാല്) എന്നിവരെയാണ് കൊലപ്പെടുത്തിയത്. പിന്നീട്, ഭാര്യ ലക്ഷ്‌മിയെ മർദിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ലക്ഷ്‌മിയെ മൈസൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കലബുറഗി ജില്ലയിലെ ജെവർഗി സ്വദേശിയാണ് ശ്രീകാന്ത്.
മലഗലയില്‍ തൊഴിലെടുത്തുവരികയായിരുന്ന ഇയാള്‍ ഇതേ പ്രദേശത്താണ് താമസിച്ചിരുന്നത്. കുട്ടികളെ കൊലപ്പെടുത്തുകയും ഭാര്യയെ ആക്രമിക്കുകയും ചെയ്‌ത ശേഷം പ്രതി സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ശ്രീരംഗപട്ടണം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ഊര്‍ജിതമാക്കി.
മൈസൂരിലെ മരമില്ലിൽ ഇരട്ടക്കൊലപാതകം: കര്‍ണാടകയിലെ മൈസൂർ ജില്ലയില്‍ ഹുൻസൂർ പട്ടണത്തിലെ മരമില്ലില്‍ ഇന്നലെയാണ് ഇരട്ടക്കൊലപാതകമുണ്ടായത്. മില്ലില്‍ തൊഴിലെടുത്തിരുന്ന രണ്ടുപേരാണ് മരിച്ചത്. മിൽ വാച്ച്മാൻ വെങ്കിടേഷ് (75), മറ്റൊരു തൊഴിലാളി ഷൺമുഖ് (65) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും ഈ സംഭവം നടന്ന മില്ലിന് സമീപത്തായിരുന്നു താമസിച്ചിരുന്നത്.
ഏഴുമണിയായിട്ടും ഇവര്‍ തൊഴിലിന് എത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ തെരച്ചില്‍ നടത്തുകയായിരുന്നു. ഇതോടെയാണ്, സംഭവം പുറത്തറിയുന്നത്. മൈസൂര്‍ അഡീഷണൽ പൊലീസ് സൂപ്രണ്ട് നന്ദിനി സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകം സംബന്ധിച്ച് കൃത്യമായ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
ടോൾ പ്ലാസ ജീവനക്കാരനെ അടിച്ചുകൊന്നു: കര്‍ണാടകയില്‍ ടോൾ പ്ലാസ ജീവനക്കാരനെ നാല് യുവാക്കള്‍ ചേര്‍ന്ന് ഹോക്കി സ്റ്റിക്കുകൊണ്ട് അടിച്ചുകൊന്ന വാര്‍ത്ത വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. ബെംഗളൂരു - മൈസൂര്‍ എക്‌സ്പ്രസ് വേയിൽ ജൂണ്‍ അഞ്ചിന് രാത്രി 12 മണിക്ക് ശേഷമാണ് സംഭവമുണ്ടായത്. ബെംഗളൂരു സൗത്ത് താലൂക്കിലെ തവരെകെരെയിലെ സിക്കെപാല്യ സ്വദേശി പവൻ കുമാർ നായിക്കാണ് (26) മരിച്ചത്. സംഭവത്തില്‍ ഇയാളുടെ സുഹൃത്തിന് പരിക്കേറ്റു.
രാമനഗരയിലെ ടോള്‍ പ്ലാസയിലെ ബൂം ബാരിയര്‍ ഉയർത്താൻ വൈകിയതിനെ ചൊല്ലിയുണ്ടായ ചെറിയ വാക്കേറ്റം കയ്യാങ്കളിയിലേക്കും തുടര്‍ന്ന് കൊലയിലേക്കും വഴിമാറുകയായിരുന്നു. രാമനഗര ശേഷഗിരിഹള്ളി ടോൾ പ്ലാസയിലുണ്ടായ സംഭവത്തിന് പിന്നിൽ ബെംഗളൂരുവില്‍ നിന്നും കാറിലെത്തിയ യുവാക്കളാണെന്നാണ് വിവരം. വാക്കേറ്റമുണ്ടായ സമയത്ത് നാട്ടുകാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നു. ശേഷം, ജീവനക്കാരന്‍ ജോലി കഴിഞ്ഞ് ടോള്‍ പ്ലാസയില്‍ നിന്ന് മടങ്ങി.
READ MORE | ഗേറ്റ് തുറക്കാന്‍ വൈകി: ടോൾ പ്ലാസ ജീവനക്കാരനെ ഹോക്കി സ്റ്റിക്കു കൊണ്ട് അടിച്ചുകൊന്നു
തുടര്‍ന്ന് ഇയാള്‍ അത്താഴം കഴിക്കാൻ പോയ സമയം സംഘം പിന്തുടര്‍ന്നെത്തി ഹെജ്ജലയ്ക്കടുത്തുവച്ച്, ഹോക്കി സ്റ്റിക്കുകൊണ്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പ്രതികളെ പിടികൂടാന്‍ പൊലീസ് തെരച്ചിൽ ഊര്‍ജിതമാക്കി. രാത്രി 10നാണ് ശേഷഗിരിഹള്ളി ടോൾ പ്ലാസയില്‍ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായത്. ടോൾ ഗേറ്റിന്‍റെ ബൂം ബാരിയര്‍ ഉയര്‍ത്താന്‍ വൈകിയതിനെ തുടർന്ന് യുവാക്കളും ടോൾ പ്ലാസ ജീവനക്കാരും തമ്മിൽ തർക്കമുണ്ടായി. ഇത് ഇവര്‍ തമ്മിലുള്ള കയ്യാങ്കാളിക്ക് ഇടയാക്കിയതോടെയാണ് കൊലപാതകമുണ്ടായത്.