ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ പ്രയാഗ്‌രാജില്‍ യുവതിയെ കൊലപ്പെടുത്തി മൃതദേഹം വീട്ടിലെ സെപ്‌റ്റിക് ടാങ്കില്‍ തള്ളിയ സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. മഹേവ സ്വദേശി അരവിന്ദാണ് അറസ്റ്റിലായത്. പ്രയാഗ്‌രാജ് സ്വദേശിനി രാജ് കേസറാണ് (35) കൊല്ലപ്പെട്ടത്.
വെള്ളിയാഴ്‌ചയാണ് (ജൂണ്‍ 9) അരവിന്ദിന്‍റെ വീട്ടില്‍ നിന്നും യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. ഏഴ് വര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതിനിടെ അരവിന്ദിന്‍റെ കുടുംബം മറ്റൊരു യുവതിയുമായി ഇയാളുടെ വിവാഹം നിശ്ചയിച്ചു. ഇതേ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കസ്റ്റഡിയിലെടുത്തത് സംശയം കൊണ്ട് മാത്രം, ഒടുക്കം: രണ്ടാഴ്‌ച മുമ്പാണ് യുവതിയെ കാണാതായത്. ഇതിന് പിന്നാലെ മകളെ കാണാനില്ലെന്ന് പറഞ്ഞ് യമുനപർ കർച്ചന പൊലീസില്‍ കുടുംബം പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ സംശയം തോന്നിയ പൊലീസ് കാമുകനായ അരവിന്ദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇയാളെ ചോദ്യം ചെയ്‌തതോടെ കൊലപാതകം നടത്തിയത് ഇയാളാണെന്ന് പൊലീസിന് മനസിലാകുകയും അന്വേഷണം ഊര്‍ജിതമാക്കുകയുമായിരുന്നു. തുടര്‍ന്നുണ്ടായ അന്വേഷണത്തിലെ തെളിവുകള്‍ ചൂണ്ടിക്കാട്ടിയതോടെ പ്രതി കുറ്റം സമ്മതിച്ചു. ഒടുക്കം ചോദ്യം ചെയ്യലിലാണ് പ്രതി കൊലപാതകത്തെ കുറിച്ചുള്ള വിശദമായ കാര്യങ്ങള്‍ പൊലീസിനോട് വിവരിച്ചത്.
സ്‌നേഹത്തോടെ വിളിച്ച് വരുത്തി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി: മെയ് 24നാണ് രാജ് കേസറിനെ അരവിന്ദ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം പുതുതായി നിര്‍മാണം നടക്കുന്ന തന്‍റെ വീട്ടിലെ സെപ്‌റ്റിക് ടാങ്കില്‍ തള്ളിയെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇരുവരും തമ്മിലുണ്ടായ പ്രശ്‌നത്തെ കുറിച്ച് സംസാരിക്കാനാണെന്ന് പറഞ്ഞ് യുവതിയെ നിര്‍മാണത്തിലിരിക്കുന്ന വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നുവെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.
തന്‍റെ വിവാഹത്തിന് തടസം നിന്നതാണ് കൊലപാതകത്തിന് കാരണമായതെന്നും പ്രതി പറഞ്ഞു. കൊലപാതകത്തിന് പിന്നാലെ യുവതിയുടെ കുടുംബത്തോട് ഇയാള്‍ യുവതിയെ കുറിച്ച് അന്വേഷിച്ചെന്നും സംഭവത്തില്‍ സംശയം തോന്നാതിരിക്കാനായിരുന്നു അന്വേഷണം നടത്തിയതെന്നും പ്രതി മൊഴി നല്‍കി.
ഹൈദരാബാദിലും സമാന സംഭവം: ഇന്ത്യയില്‍ അടുത്തിടെയായി കൊലപാതകങ്ങള്‍ അധികരിച്ചിരിക്കുകയാണ്. ഹൈദരാബാദിലെ സരൂര്‍നഗറില്‍ യുവതിയെ കൊലപ്പെടുത്തിയതിന് ശേഷം മാന്‍ഹോളില്‍ തള്ളിയ സംഭവത്തില്‍ ക്ഷേത്രം പൂജാരി അറസ്റ്റില്‍. സരൂര്‍നഗര്‍ സ്വദേശിയായ സായി കൃഷ്‌ണയാണ് അറസ്റ്റിലായത്. സരൂര്‍നഗര്‍ സ്വദേശിനി അപ്‌സരയാണ് കൊല്ലപ്പെട്ടത്.
വിവാഹിതനായ പൂജാരി യുവതിയുമായി പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാന്‍ നിരന്തരം യുവതി ആവശ്യപ്പെട്ടതാണ് ഒടുക്കം കൊലപാതകത്തിന് കാരണമായത്. സുഹൃത്തുക്കളോടൊപ്പം ഭദ്രാചലത്തില്‍ പോകുകയാണെന്ന് പറഞ്ഞ് ജൂണ്‍ 3നാണ് യുവതി വീട്ടില്‍ നിന്നിറങ്ങിയത്.
തുടര്‍ന്ന് ജൂണ്‍ നാലിന് പുലര്‍ച്ചെയാണ് പ്രതി കൊല്ലപ്പെട്ടത്. കൊലപാതക ശേഷം മൃതദേഹം രണ്ട് ദിവസം കാറില്‍ സൂക്ഷിച്ചതിന് ശേഷമാണ് സരൂര്‍നഗറിലെ ആളൊഴിഞ്ഞ സ്ഥലത്തെ മാന്‍ഹോളില്‍ തള്ളിയത്.