ഗുണ്ടൂര്‍ (ആന്ധ്രപ്രദേശ്) : വിവാഹ സമ്മാനമായി ലഭിച്ച ഭൂമി വിറ്റ് കടം തീര്‍ക്കാന്‍ വിസമ്മതിച്ച ഭാര്യയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലാണ് നിഷ്ഠൂരമായ സംഭവം. തെനാലി ഗാന്ധിനഗര്‍ സ്വദേശിയായ കാകര്‍ള കോട്ടേശ്വര റാവു ആണ് ഭാര്യ സ്വാതിയെ കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കോട്ടേശ്വര റാവുവും സ്വാതിയും വിവാഹിതരായത്. ഇവര്‍ക്ക് രണ്ട് കുട്ടികളും ഉണ്ട്. ബ്യൂട്ടി പാര്‍ലര്‍ നടത്തുകയാണ് സ്വാതി. തന്‍റെ കടം തീര്‍ക്കാന്‍ വിവാഹസമ്മാനമായി സ്വാതിയുടെ വീട്ടുകാര്‍ നല്‍കിയ ഭൂമി വില്‍ക്കുന്നതിന് കോട്ടേശ്വര റാവു നിര്‍ബന്ധിച്ചിരുന്നു.
മാസങ്ങള്‍ക്ക് മുമ്പ് ഭൂമി വില്‍ക്കുന്ന വിഷയം പറഞ്ഞ് ഇരുവരും വഴക്കിട്ടിരുന്നു. അതിനിടെ കോട്ടേശ്വര റാവു മര്‍ദിച്ചതിനെ തുടര്‍ന്ന് സ്വാതി കുടുംബ വീട്ടിലേക്ക് പോയി. പിന്നീട് യുവതി ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് തന്നെ തിരിച്ചു വന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് വീണ്ടും ഇതേ വിഷയത്തില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. കോട്ടേശ്വര റാവു ഭാര്യയെ മര്‍ദിച്ചു. സംഭവത്തില്‍ സ്വാതി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഇന്ന് സ്വാതി ബ്യൂട്ടി പാര്‍ലറില്‍ തനിച്ചായ സമയത്ത് കോട്ടേശ്വര റാവു അവിടെയെത്തി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കത്തിയും പൂമാലയും കൈയില്‍ കരുതിയാണ് ഇയാള്‍ ബ്യൂട്ടി പാര്‍ലറില്‍ എത്തിയത്. കഴുത്തറുത്ത് മരണം ഉറപ്പാക്കിയ ശേഷം പൂമാല മൃതദേഹത്തില്‍ അണിയിച്ച് കോട്ടേശ്വര റാവു പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.