ഹൂബ്ലി: വ്യാജ പട്ടികജാതി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് റെയില്‍വേയില്‍ ജോലി നേടിയ സംഭവം പുറത്തുവന്നത് 32 വര്‍ഷങ്ങള്‍ക്ക് ശേഷം. ആന്ധ്രാപ്രദേശ് പ്രകാശം സ്വദേശിയായ മണ്ഡല ചക്രധാര വെങ്കിട സുബ്ബയ്യയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ ജോലി നേടിയത്. സംഭവത്തില്‍ വെങ്കിട സുബ്ബയ്യയ്‌ക്കും ഇയാള്‍ക്ക് കര്‍ണാടകയിലെ വാത്‌മീകി സമുദായത്തിന്‍റെ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ തഹസിൽദാർ, റവന്യൂ ഇൻസ്പെക്ടർ, വില്ലേജ് അക്കൗണ്ടന്‍റ് എന്നിവർക്കെതിരെ ഹൂബ്ലി സബർബൻ പൊലീസ് കേസെടുത്തു.
ജോലിക്കായി സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ സമര്‍പ്പിക്കാനാണ് സുബ്ബയ്യ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. 1991 ഡിസംബറിലായിരുന്നു സംഭവം. അന്നത്തെ ഹൂബ്ലി തഹസീല്‍ദാര്‍ക്ക് വ്യാജ പ്രഖ്യാപന കത്തും രേഖയും സമര്‍പ്പിച്ച് ഇയാള്‍ വാത്‌മീകി സമുദായത്തിന്‍റെ സര്‍ട്ടിഫിക്കറ്റ് നേടിയെടുത്തു. ആവശ്യമായ പരിശോധനകള്‍ നടത്താതെ തഹസിൽദാരും റവന്യൂ ഇൻസ്‌പെക്‌ടറും വില്ലേജ് അക്കൗണ്ടന്‍റും ഇയാള്‍ ആവശ്യപ്പെട്ട സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു.
സുബ്ബയ്യ തന്‍റെയും തന്‍റെ രണ്ട് മക്കളുടെയും പേരില്‍ വ്യാജ പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നേടി എന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് തഹസിൽദാർ, റവന്യൂ ഇൻസ്പെക്ടർ, വില്ലേജ് അക്കൗണ്ടന്‍റ് തുടങ്ങി 15 പേർക്കെതിരെ കേസെടുത്തു.