വെല്ലൂർ (തമിഴ്‌നാട്) : പച്ചക്കറി വിപണിയിൽ ഏറ്റവും വില കൂടിയ പച്ചക്കറിയാണ് തക്കാളി. ദിവസം തോറും തക്കാളിയുടെ വില കുതിച്ചുയരുകയാണ്. കിലോയ്ക്ക് 250 രൂപയും ഉത്തരകാശിയിൽ 180 വരെയുമാണ് പലയിടത്തെയും വില.
ഇതിനിടെ തക്കാളിയെ ചുറ്റിപ്പറ്റി നിരവധി വാർത്തകളാണ് വരുന്നത്. വില കുത്തനെ ഉയരുന്നതും ചിലയിടത്ത് തക്കാളി വില കുറച്ച് കൊടുക്കുന്നതും സ്‌മാർട്ട് ഫോൺ വാങ്ങുന്നവർക്ക് രണ്ട് കിലോ തക്കാളി ഫ്രീയായി നൽകുന്നതും വയലിൽ നിന്ന് ലക്ഷങ്ങൾ വില വരുന്ന തക്കാളി മോഷ്‌ടിച്ച് കൊണ്ടുപോയതുമൊക്കെ വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. എന്തിനധികം പറയുന്നു.. മക്‌ഡൊണാൾഡ്‌സ് മെനുവിൽ തക്കാളിയെ ഔട്ടാക്കിയിരുന്നു. ഇപ്പോഴിതാ തമിഴ്‌നാട്ടിൽ നിന്നും പുതിയ ഒരു കൗതുക വാർത്തയാണ് പുറത്തുവരുന്നത്.
വെല്ലൂർ ജില്ലയിലെ കോണവട്ടം ഭാഗത്തേക്ക് തക്കാളിയുമായി പോകുന്ന ട്രക്ക്. ട്രക്കിന്‍റെ ക്യാരേജ് ഏരിയയിൽ ഇരിക്കുന്ന ഒരാൾ. ഇതേസമയം, ട്രക്കിന് പിന്നാലെ ബൈക്കിൽ പോകുന്ന യുവാക്കൾ... 'തക്കാളിക്ക് വില വളരെ കൂടുതലാണ്.. ദയവായി എനിക്ക് തക്കാളി തരൂ..' എന്ന് യുവാക്കൾ വിളിച്ചുപറയുകയാണ്.. ഇത് കേട്ട് ട്രക്കിലുണ്ടായിരുന്നയാൾ യുവാക്കൾക്ക് തക്കാളി ഓരോന്നായി എറിഞ്ഞുകൊടുക്കുന്നതാണ് പ്രചരിക്കുന്ന ദൃശ്യങ്ങൾ. ചെന്നൈ-ബാംഗ്ലൂര്‍ ഹൈവേയിലാണ് സംഭവം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വീഡിയോ വൈറലാകുകയാണ്. തമിഴ്‌നാട്ടിൽ തക്കാളിക്ക് വില 90 മുതൽ 130 രൂപ വരെയാണ്.
ആശ്വാസമായി സര്‍ക്കാര്‍ ഇടപെടല്‍ : തക്കാളി വില പിടിച്ചുകെട്ടിയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഈ പ്രതിസന്ധിയെ നേരിടുന്നത്. സംസ്ഥാനത്തെ റേഷന്‍ കടകളില്‍ സബ്‌സിഡി നിരക്കില്‍ തക്കാളി വിതരണം ആരംഭിച്ചുകൊണ്ട് തമിഴ്‌നാട് സർക്കാർ ജനങ്ങൾക്ക് ആശ്വാസമേകി. 82 റേഷന്‍ കടകളിലാണ് തക്കാളി വിതരണം ആരംഭിച്ചത്. കിലോയ്‌ക്ക് 60 രൂപ നിരക്കിലാണ് തക്കാളി റേഷൻ കടകളിലൂടെ നല്‍കുന്നത്. ആദ്യ ഘട്ടത്തില്‍ തലസ്ഥാനമായ ചെന്നൈയിലായിരുന്നു വിതരണം ആരംഭിച്ചത്. തലസ്ഥാനത്തെ മൂന്നായി തിരിച്ചാണ് സർക്കാർ നടപടി.
സെൻട്രൽ ചെന്നൈയിൽ 32, വടക്കൻ ചെന്നൈയിൽ 25, ദക്ഷിണ ചെന്നൈയിൽ 25 എന്നിങ്ങനെയാണ് തക്കാളി വിതരണം ചെയ്യുന്ന റേഷന്‍ കടകളുടെ എണ്ണം. കൂടുതല്‍ ജില്ലകളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്നും സർക്കാർ അറിയിച്ചിരുന്നു. റേഷന്‍ കടകള്‍ക്ക് പുറമെ ഫാം ഗ്രീന്‍ സെന്‍ററുകള്‍ (കോഓപ്പറേറ്റീവ് സൊസൈറ്റി വിപണി) അടക്കം 111 കേന്ദ്രങ്ങളിലാണ് നിലവിൽ തക്കാളി സബ്‌സിഡി നിരക്കില്‍ വിതരണം നടത്തുന്നത്.
തക്കാളി വാങ്ങാനായി ജനങ്ങള്‍ക്ക് റേഷന്‍ കാര്‍ഡിന്‍റെ ആവശ്യമില്ല. ഒരാള്‍ക്ക് ഒരു കിലോ എന്ന നിരക്കിലാണ് റേഷൻ കടകളിൽ തക്കാളി വില്‍പ്പന. വിലക്കയറ്റത്തില്‍ പ്രയാസപ്പെടുന്ന സമയത്ത്, റേഷന്‍ കടകളിലൂടെ തക്കാളി വില്‍പ്പന നടത്തുന്നത് ഏറെ ആശ്വാസകരമാണെന്നാണ് ജനങ്ങൾ പറയുന്നത്. എന്നാല്‍ കടകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ജനങ്ങള്‍ ആവശ്യം ഉന്നയിക്കുന്നുണ്ട്.
വിറ്റുതീര്‍ന്നത് ഒരു മണിക്കൂറിനുള്ളില്‍ : റേഷന്‍ കടകളില്‍ വില്‍പനക്കെത്തിച്ച തക്കാളി ഒരു മണിക്കൂറിനുള്ളിലാണ് വിറ്റുതീർന്നത്. ഇത് ആളുകളെ ആശങ്കയിലാഴ്‌ത്തിയിരുന്നു. 50 കിലോ മുതല്‍ 100 കിലോ തക്കാളി വരെയാണ് ഓരോ റേഷന്‍കടകളിലും വിതരണത്തിന് എത്തിച്ചത്.