ന്യൂഡല്‍ഹി : മഹിപാല്‍പൂരില്‍ കാറിലെത്തിയ അജ്ഞാത സംഘം റോഡിലൂടെ വലിച്ചിഴച്ച മധ്യവയ്‌കന്‍ മരിച്ചു (Middle Aged Man Dragged On Road In Delhi). ഹരിയാന ഫരീദാബാദ് സ്വദേശിയായ ടാക്‌സി ഡ്രൈവര്‍ ബിജേന്ദറാണ് (43) മരിച്ചത്. ചൊവ്വാഴ്‌ച (ഒക്‌ടോബര്‍ 11) രാത്രി 11.20ന് ഡല്‍ഹി-ഗുരുഗ്രാം റോഡിലാണ് സംഭവം.
കാറിലെത്തിയ അക്രമികള്‍ ബിജേന്ദറിനെ റോഡിലൂടെ വലിച്ചിഴച്ച് കിലോമീറ്ററോളം സഞ്ചരിക്കുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ശരീരമാസകലം പരിക്കേറ്റ ബിജേന്ദര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു (Man killed after being dragged on road).
പൊലീസ് പറയുന്നത് ഇങ്ങനെ : രാത്രി 11.20ന് തങ്ങള്‍ക്ക് ഒരു ഫോണ്‍ കോള്‍ ലഭിച്ചു. കാറിലെത്തിയ സംഘം ഒരാളെ റോഡിലൂടെ വലിച്ചിഴച്ച് മര്‍ദിക്കുന്നുവെന്നാണ് വിവരം ലഭിച്ചത്. വിവരം ലഭിച്ച ഉടന്‍ തന്നെ ദേശീയ പാത എട്ടിലെ സര്‍വീസ് റോഡിലെത്തിയ തങ്ങള്‍ കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന മധ്യവയസ്‌കനായ ഒരാളെയാണ്. ഉടന്‍ തന്നെ വാഹനത്തില്‍ കയറ്റി ആശുപത്രിയിലെത്തിച്ചെങ്കില്‍ മരിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് ടാക്‌സി ഡ്രൈവറായ ബിജേന്ദര്‍ ആണെന്ന് മനസിലായതെന്നും സൗത്ത് വെസ്റ്റ് ഡിസിപി മനോജ് സി പറഞ്ഞു (Mahipalpur Murder Case).
സംഭവത്തില്‍ കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനും സെക്ഷന്‍ 302/ 201 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതികളെയും കൊലപാതകത്തിന്‍റെ കാരണങ്ങളും കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.
ഡല്‍ഹിയില്‍ സമാന സംഭവങ്ങള്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കാഞ്ജവാലയില്‍ 20കാരിയെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് റോഡിലൂടെ അജ്ഞാത സംഘം വലിച്ചിഴച്ചത്. കാറിലെത്തി സംഘം 13 കിലോമീറ്ററോളം യുവതിയെ വലിച്ചിഴച്ചിരുന്നു. ഗുരുതരമായ പരിക്കേറ്റ യുവതി മരിക്കുകയും ചെയ്‌തു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘമെന്നും പൊലീസ് പറഞ്ഞു.
റായ്‌പൂരില്‍ 16കാരിക്ക് നേരെയും അതിക്രമം : ഛത്തീസ്‌ഗഢിലെ റായ്‌പൂരില്‍ വിവാഹഭ്യര്‍ഥന നിരസിച്ചതിന് 16 കാരിയെ റോഡിലൂടെ വലിച്ചിഴച്ച് മര്‍ദിച്ചു. സംഭവത്തില്‍ 47 കാരനായ ഓംകാന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. രാത്രിയില്‍ റോഡില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ കുത്തി പരിക്കേല്‍പ്പിച്ചതിന് ശേഷമാണ് റോഡിലൂടെ വലിച്ചിഴച്ചത്. റായ്‌പൂര്‍ ഗുധിയാരിയിലെ പലചരക്ക് വ്യാപാരിയാണ് ഓംകാന്‍.
ഇയാളുടെ കടയില്‍ ജോലി ചെയ്‌തിരുന്ന പെണ്‍കുട്ടിയാണ് മര്‍ദനത്തിന് ഇരയായത്. ജോലിക്കിടെ ഇയാള്‍ പെണ്‍കുട്ടിയോട് വിവാഹഭ്യാര്‍ഥന നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് വിവാഹഭ്യാര്‍ഥന നിരസിച്ച പെണ്‍കുട്ടി ജോലി ഉപേക്ഷിക്കുകയും ചെയ്‌തു. ഇതില്‍ രോഷാകുലനായാണ് ഇയാള്‍ പെണ്‍കുട്ടിയെ മര്‍ദനത്തിന് ഇരയാക്കിയത്.