കേദാർനാഥ്: ഉത്തരാഖണ്ഡിലെ കേദാർനാഥിൽ ഹെലികോപ്‌ടറിന്‍റെ ബ്ലേഡ് തട്ടി സർക്കാർ ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഉത്തരാഖണ്ഡ് സിവിൽ ഏവിയേഷൻ ഡെവലപ്‌മെന്‍റ് അതോറിറ്റിയുടെ ഉദ്യോഗസ്ഥനാണ് മരിച്ചത്. ഉത്തരാഖണ്ഡ് സർക്കാർ സ്ഥാപനമായ ഗർവാൾ മണ്ഡൽ വികാസ് നിഗം ലിമിറ്റഡിന്‍റെ (ജിഎംവിഎൻ) ഹെലിപാഡിൽ ഞായറാഴ്‌ച ഉച്ചയ്ക്ക് 2.15നാണ് അപകടം.
യാത്രാക്രമീകരണങ്ങൾ വിലയിരുത്താൻ ഉദ്യോഗസ്ഥർ ഹെലികോപ്‌ടറിനടുത്ത് എത്തിയപ്പോഴായിരുന്നു അപകടമുണ്ടായത്. ഹെലികോപ്റ്ററിന്‍റെ റോട്ടർ ബ്ലേഡുകളുടെ പരിധിയിൽ വന്ന ഉദ്യോഗസ്ഥന്‍റെ ശരീരത്തിൽ ബ്ലേഡ് തട്ടുകയായിരുന്നു. ഇയാൾ സംഭവ സ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി രുദ്രപ്രയാഗ് എസ്‌പി വിശാഖ അശോക് പറഞ്ഞു.
അക്ഷയതൃതിയ ദിനത്തിൽ ചാർ ധാം യാത്ര ആരംഭിച്ച് ഒരു ദിവസത്തിന് ശേഷമാണ് അപകടമുണ്ടായത്. 16 ലക്ഷത്തിലധികം തീർഥാടകർ ഇത്തവണ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നാണ് കണക്ക്. കേദാർനാഥ് ഏപ്രിൽ 25നും ബദരീനാഥ് ഏപ്രിൽ 27നും തീർഥാടകർക്കായി തുറന്ന് നൽകും.
'ചാർ ധാം' എന്നറിയപ്പെടുന്ന നാല് പുരാതന തീർഥാടന കേന്ദ്രങ്ങളിലേക്കാണ് യാത്ര നടത്തുന്നത്. യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരീനാഥ് എന്നിവയാണ് ചാർ ധാമിൽ ഉൾപ്പെടുന്ന ക്ഷേത്രങ്ങൾ. കനത്ത മഞ്ഞുവീഴ്‌ചയെ തുടർന്ന് ആറ് മാസവും ഈ ക്ഷേത്രങ്ങള്‍ അടച്ചിടാറാണ് പതിവ്.