ആരറിവാരോ... ആരറിവാരോ...
ആരോ കാടോ ആരറിവാരോ...
പാട്ടന്‍ കണ്ട പെരും കണവേ...
കോട്ട കട്ടീ... പോവതെന്നേ...
തമിഴ് ചിത്രം തങ്കലാനിലെ പ്രശസ്‌തമായൊരു പാട്ടിലെ വരികളാണിത്. ഹൃദയത്തിലേക്ക് ആഴ്‌ന്നിറങ്ങുന്ന വരികള്‍, ഇമ്പമാര്‍ന്ന ഈണവും. കേള്‍ക്കുമ്പോള്‍ ഇടയ്‌ക്കെപ്പോഴെങ്കിലും കണ്ണൊന്ന് കലങ്ങിയാല്‍ തെറ്റുപറയാനാകില്ല. അതാണ് കുത്തിക്കൊള്ളുന്ന 'ഒപ്പാരി പാടല്‍' അഥവ മരണവീട്ടിലെ 'സങ്കടഗാനം'.
മരണവീട്ടില്‍, മരിച്ചയാളെ കുറിച്ച് പുകഴ്‌ത്തി ആര്‍ത്തലച്ച് കരയുന്നവരെ ശ്രദ്ധിച്ചിട്ടില്ലേ? ഇത്തരം സീനുകള്‍ തമിഴ് സിനിമകളില്‍ എങ്കിലും കണ്ടവരായിരിക്കും നമ്മളില്‍ ഏറെപേരും. രാഷ്‌ട്രീയക്കാരോ മറ്റ് പ്രമുഖരോ സാധാരണക്കാരോ ആരുമായിക്കൊള്ളട്ടെ, മരണം സംഭവിച്ചുകഴിഞ്ഞാല്‍ അവരെ കുറിച്ച് പറഞ്ഞ്, നെഞ്ചത്തടിച്ച് കരയുന്ന ഒരുപാട് ആളുകള്‍ മൃതദേഹത്തിന് ചുറ്റും ഉണ്ടാകും. പരേതനോടുള്ള സ്‌നേഹം കൊണ്ടാണ് ഇവരൊക്കെ ഇങ്ങനെ കരയുന്നത് എന്ന് കരുതിയാല്‍ തെറ്റി. മരണവീട്ടില്‍ കരയാനായി പണം കൊടുത്ത് നിര്‍ത്തുന്നവരാണ് ഇവര്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പണം വാങ്ങി കരയുകയോ? അതുമൊരു മരണ വീട്ടില്‍? കേള്‍ക്കുമ്പോള്‍ പലരുടെയും നെറ്റി ചുളിഞ്ഞേക്കാം. പക്ഷേ വെറുമൊരു കരച്ചിലായി ഇതിനെ അങ്ങനെയങ്ങ് തള്ളിക്കളയാനാകില്ല. തമിഴ് സംസ്‌കാരത്തില്‍ വേരൂന്നിയ ഒരു സംഗീത ശാഖ തന്നെയാണ് ഒപ്പാരി പാടല്‍. വിദേശികളില്‍ അടക്കം കൗതുകവും ഫാന്‍ബേസും സൃഷ്‌ടിക്കാന്‍ കെല്‍പ്പുള്ളവയാണ് മരണവീട്ടിലെ ഈ സങ്കടപ്പാട്ടുകള്‍.
ഒപ്പാരി എന്ന 'വിലാപ കാവ്യം' : സ്‌തുതി ഗീതവും വിലാപവും സമം ചേരുന്ന ഗാനശാഖ. യഥാര്‍ഥത്തില്‍ ഒപ്പാരിയുടേത് നാടന്‍പാട്ട് പാരമ്പര്യമാണ്. ഒരു നിശ്ചിത മാതൃകകള്‍ പിന്തുടരാത്ത, അപ്രതീക്ഷിതമായി പുറത്തേക്കുവരുന്ന വരികള്‍ കോര്‍ത്തിണക്കിയാണ് ഒപ്പാരി ആലപിക്കുന്നത്. പലപ്പോഴും മരണപ്പെട്ട വ്യക്തിയുമായി അടുത്ത ബന്ധമുള്ള ആരെങ്കിലും (അച്ഛന്‍, അമ്മ, സഹോദരങ്ങള്‍, പങ്കാളി) പറയാന്‍ ഇടയുള്ള കാര്യങ്ങളാണ് വരികളാകുക. പാട്ടിന് അകമ്പടി സേവിയ്‌ക്കുന്ന ചെണ്ടയുടെ താളം കൂടിയാകുമ്പോള്‍ ഹൃദയത്തില്‍ ഉറഞ്ഞുകൂടുന്ന ഗദ്‌ഗദം തൊണ്ടയിലേക്കെത്തി, പുറത്തേക്ക് വരാനാകാതെ അവിടെയങ്ങ് കുരുങ്ങും. അത്തരമൊരു അനുഭവമാകും കേട്ടുനില്‍ക്കുന്നവര്‍ക്ക്.
മരണത്തില്‍ എന്തിനിത്ര 'ഓവര്‍' ആക്കല്‍ എന്ന് ചോദിക്കുന്നവരോടാണ്, എല്ലാ വികാരാരവും അതിന്‍റെ പൂര്‍ണതയോടെ പ്രകടിപ്പിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന തമിഴ് ജനതയെ അറിയണം. ഫോക്‌ലോറിസ്റ്റും പോണ്ടിച്ചേരി സര്‍വകലാശാല നരവംശ ശാസ്‌ത്ര വിഭാഗം മുന്‍ മേധാവിയുമായ എ ചെല്ലപ്പെരുമാള്‍ ഒരിക്കല്‍ പറയുകയുണ്ടായി - 'ഞങ്ങള്‍ക്ക് എല്ലാം ആഘോഷമാണ്. എല്ലാ വികാരങ്ങളും പൂര്‍ണമായി അനുഭവിക്കുകയും അത് പ്രകടിപ്പിക്കുന്നതില്‍ വിശ്വസിക്കുകയും ചെയ്യുന്നവരാണ് ഞങ്ങള്‍, അതിപ്പോള്‍ സന്തോഷമോ സങ്കടമോ ദേഷ്യമോ എന്തുതന്നെ ആയാലും.'
ഒപ്പാരിയുടെ ആരംഭത്തെ കുറിച്ച് ചരിത്രത്തില്‍ യാതൊന്നും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ആദ്യകാല പരാമര്‍ശങ്ങള്‍ തമിഴ് സാഹിത്യത്തില്‍ കാണാം. സംഘകാല കൃതിയായ തൊല്‍ക്കാപ്പിയത്തില്‍ പറയുന്ന നാല് തരം വിലാപങ്ങളില്‍ ഒന്ന് മരണവുമായി ബന്ധപ്പെട്ടതാണ്. ഒപ്പാരി ഇതിനു താഴെ പട്ടികപ്പെടുത്താം.
ഒപ്പാരി വരികളില്‍ അന്നത്തെ സാമൂഹ്യ വ്യവസ്ഥ തെളിഞ്ഞുകാണാം എന്നത് മറ്റൊരു യാഥാര്‍ഥ്യം. ദലിതരായിരുന്നു ഒപ്പാരിയുടെ അമരക്കാര്‍. പ്രത്യേകിച്ചും സ്‌ത്രീകള്‍. ഭര്‍ത്താവ് മരിച്ച സ്‌ത്രീകളാണ് ഒപ്പാരി പാടിയിരുന്നത്. അവര്‍ നേരിടുന്ന മാറ്റിനിര്‍ത്തലുകളും ദാരിദ്ര്യവും ഒക്കെ അന്ന് വരികളായി. ഒപ്പാരി വരികളിലൂടെ അക്കാലത്തെ ബ്രാഹ്മണേതരുടെ പ്രധാനമായും ദലിതരുടെ കഷ്‌ടപ്പാടും യാതനയും മനസിലാക്കാനാകും. കാലാന്തരത്തില്‍ ഒപ്പാരി പാടുക എന്നത് ഒരുപ്രത്യേക വിഭാഗത്തിന്‍റെ തൊഴിലായി മാറി.
സെലിബ്രിറ്റിയാണിപ്പോള്‍ ഒപ്പാരി : കേള്‍ക്കാന്‍ രസമുള്ള തനത് ഭാഷാശൈലി... സിനിമക്കാര്‍ ഒപ്പാരിയെ 'കൊത്താന്‍' ഇതിലേറെ മറ്റെന്തുവേണം. മുന്നേ പറഞ്ഞ തങ്കലാനിലെ പാട്ടുള്‍പ്പെടെ നിരവധി ഒപ്പാരി പാട്ടുകള്‍ ഇന്ന് സിനിമയില്‍ സജീവമാണ്. വളരെ പ്രശസ്‌തമായ 'എന്‍ജോയ് എന്‍ജാമി' എന്ന പാട്ട് ഒപ്പാരി ആണെന്ന് നമുക്കെത്ര പേര്‍ക്ക് അറിയാം? ഒപ്പാരിയെ കണ്ടംപ്രററി ശൈലിയുമായി കൂട്ടിച്ചേര്‍ത്തപ്പോള്‍ പിറന്ന അതിമനോഹരമായ ഗാനമാണ് എന്‍ജോയ് എന്‍ജാമി.
കേവലം മരണ വീടുകളിലെ കരച്ചില്‍ എന്നതിനപ്പുറം ഒപ്പാരി തുറന്നുവയ്‌ക്കുന്ന സംസ്‌കാരത്തിന്‍റെ, കലയുടെ, സമൂഹിക വ്യവസ്ഥയുടെ വിശാലമായൊരു ജാലകമുണ്ട്. ഇനി എപ്പോഴെങ്കിലും ഒരു ഒപ്പാരി ഗാനം കേള്‍ക്കുമ്പോള്‍ അതിനെ ഇങ്ങനെയൊന്ന് സമീപിച്ച് നോക്കൂ. മുന്‍പ് പറഞ്ഞ ആ നെറ്റിചുളിവില്ലാതെ, കണ്ണും മനസും നിറയ്‌ക്കുന്ന ഒപ്പാരി പാടല്‍ നമുക്കാസ്വദിക്കാനാകും.