29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ന് (19 ഡിസംബർ) ചലച്ചിത്രാസ്വാദകർക്കു വൈവിധ്യമാർന്ന ചിത്രങ്ങളുടെ ദൃശ്യവിരുന്ന്. രാഹുൽ സദാശിവന്‍റെ 'ഭ്രമയുഗം', ദീപ മേഹ്തയുടെ 'ഫയർ', മാർക്കോസ് ലോയ്‌സയുടെ 'അവെർനോ', അക്കിനേനി കുടുമ്പ റാവുവിന്‍റെ 'ഒക്ക മാഞ്ചി പ്രേമ കഥ' എന്നിവ പ്രദര്‍ശിപ്പിക്കും.
അഭിനയജീവിതത്തിൽ അരനൂറ്റാണ്ട് പിന്നിടുന്ന ഷബാന ആസ്‌മിയോടുള്ള ആദരസൂചകമായി ഒരുക്കിയ 'സെലിബ്രേറ്റിംഗ് ഷബാന' വിഭാഗത്തിൽ പ്രദർശനത്തിനെത്തുന്ന ചിത്രമാണ് 'ഫയർ'. 1996ൽ ഷിക്കാഗോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഷബാനയെ മികച്ച നടിക്കുള്ള സിൽവർ ഹ്യൂഗോ അവാർഡിനർഹയാക്കിയ ചിത്രം കൂടിയാണിത്. ഭർത്താക്കന്മാരിൽ നിന്ന് അവഗണന നേരിടുന്ന രണ്ട് സ്ത്രീകളുടെ കഥയാണ് 'ഫയർ'. ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ച, മെൽബൺ ഇന്ത്യൻ ചലച്ചിത്രമേളയിൽ പ്രേക്ഷക പിന്തുണ നേടിയ തേവന്‍റെ തേരോട്ടമാകും നിശാഗന്ധിയിൽ മിഡ്‌നൈറ്റ് സ്‌ക്രീനിംഗിൽ പ്രദർശനത്തിനെത്തുന്ന 'ഭ്രമയുഗം' സമ്മാനിക്കുക.
കൺട്രി ഫോക്കസ് വിഭാഗത്തിലെത്തിയ അർമേനിയൻ ചിത്രങ്ങൾ ഐ.എഫ്.എഫ്.കെയിലൂടെ ലോകശ്രദ്ധ ആകർഷിക്കുകയാണ്. നൂറ് വർഷം പൂർത്തിയാക്കുന്ന അർമേനിയൻ സിനിമയ്ക്കു പറയാനുള്ളത് ചരിത്രത്തിന്റെയും സ്വത്വാന്വേഷണത്തിന്റെയും ചെറുത്തുനില്പിന്റെയും കഥകളാണ്. 'ലോസ്‌റ്റ് ഇൻ അർമേനിയ','പരാജനോവ് സ്‌കാൻഡൽ', 'അമേരികേറ്റ്‌സി' എന്നീ മൂന്ന് ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ ഏഴാം ദിനം പ്രദർശനത്തിനുള്ളത്.
വെനീസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെട്ട ക്വിയറിന്‍റെ അവസാന പ്രദർശനം രാത്രി 8.30ന് ഏരീസ്‌പ്ലെക്‌സിൽ നടക്കും. ടാഗോർ തിയേറ്ററിലാണ് 'മെമ്മറീസ് ഓഫ് എ ബേണിങ് ബോഡി' പ്രദർശിപ്പിക്കുന്നത്. വൈകിട്ട് ആറിനു കൈരളിയിലാണു 'റിഥം ഓഫ് ദമാമി'ന്‍റെ പ്രദർശനം. അജന്ത തിയേറ്ററിൽ 'പാത്തി'ന്‍റെ പ്രദർശനം.
മലയാളസിനിമ ടുഡേ വിഭാഗത്തിൽ വി.സി. അഭിലാഷിന്റെ എ പാൻ ഇന്ത്യൻ സ്റ്റോറി ആണ് ഏഴാം ദിനത്തിലെ മറ്റൊരു ശ്രദ്ധേയ ചിത്രം. ഹരി, റെജി എന്നീ സുഹൃത്തുക്കളുടെ കുടുംബങ്ങളുടെ കൂടിച്ചേരലിനെ തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.
'സിഗ്‌നേച്ചർ ഇൻ മോഷൻ ഫിലിംസ്
ചലച്ചിത്ര മേളയിലെ 'സിഗ്‌നേച്ചർ ഇൻ മോഷൻ ഫിലിംസ്' വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന മൂന്ന് ആനിമേഷൻ ചിത്രങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എ ബോട്ട് ഇൻ ദ ഗാർഡൻ, ഷിർക്കോവ: ഇൻ ലൈസ് വി ട്രസ്റ്റ്, ചിക്കൻ ഫോർ ലിൻഡ എന്നിവയാണ് പ്രേക്ഷക ശ്രദ്ധയാകർഷിക്കുന്നത്. കഴിഞ്ഞ ഐഎഫ്എഫ്‌കെയിലാണ് ആനിമേഷൻ സിനിമകൾ മേളയിൽ ഒരു പ്രത്യേക വിഭാഗമായി ആദ്യം അവതരിപ്പിച്ചത്.
ആനിമേഷൻ ചിത്രങ്ങൾക്ക് കിട്ടുന്ന അംഗീകാരവും പ്രാധാന്യവും കേരളത്തിന്റെ ചലച്ചിത്ര സംസ്‌കാരത്തിലേക്കും കൊണ്ടുവരാനാണ് 'സിഗ്‌നേച്ചർ ഇൻ മോഷൻ ഫിലിംസ്' വിഭാഗത്തിലൂടെ ശ്രമിക്കുന്നതെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് പറഞ്ഞു.
ഫിലിം മാർക്കറ്റ്
ഐഎഫ്എഫ്കെയ്ക്കു കൂടുതൽ ശോഭയേകി ഫിലിം മാർക്കറ്റിന്റെ വ്യൂയിങ് റൂം സംവിധാനം. ഫിലിം മാർക്കറ്റിന്റെ രണ്ടാം പതിപ്പിൽ ചലച്ചിത്രപ്രവർത്തകരും നിർമാതാക്കളും അവരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന വ്യൂയിങ് റൂം കെഎസ്എഫ്ഡിസിയും കേരള ചലച്ചിത്ര അക്കാദമിയും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. സിനിമാ നിരൂപകർ, സിനിമ വിവിധ വേദികളിൽ മാർക്കറ്റ് ചെയ്യുന്നവർ, ഡെലിഗേറ്റുകൾ തുടങ്ങിയവർക്ക് മുന്നിലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. മേളയിൽ ഡെലിഗേറ്റുകൾ അല്ലാത്തവർക്കും വ്യൂയിങ് റൂമിലെ ചിത്രങ്ങൾ കാണാൻ സാധിക്കുമെന്നത് മറ്റൊരു പ്രത്യേകതയാണ്.
26 ചിത്രങ്ങളും 19 ഹ്രസ്വ ചിത്രങ്ങളും 3 ഡോക്യുമെന്ററികളും വ്യൂയിങ് റൂമിൽ രജിസ്റ്റർ ചെയ്‌തു കഴിഞ്ഞു. മേള അവസാനിക്കുന്നത് വരെയുള്ള എല്ലാ സ്ലോട്ടുകളിലേക്കും രജിസ്‌ട്രേഷൻ വളരെ പെട്ടെന്ന് പൂർത്തിയായത് ഈ സംരംഭത്തിന് ലഭിച്ച സ്വീകാര്യതയാണ് വ്യക്തമാക്കുന്നത്.
വ്യൂയിങ് റൂമിൽ പ്രദർശിപ്പിച്ച സോഹൻ സീനുലാൽ സംവിധാനം ചെയ്‌ത 'ഭാരത സർക്കസ്' എം.എ. നിഷാദ് സംവിധാനം ചെയ്ത 'ടു മെൻ', ജെ.ബി. ജസ്റ്റിന്റെ 'എന്റെ തേവി', ജിഷോയ് ലോൺ ആന്റണിയുടെ 'രുധിരം', ഗോപിക സൂരജിന്റെ 'റൂട്ട് മാപ്' തുടങ്ങിയ ചിത്രങ്ങൾ മികച്ച പ്രേക്ഷക പ്രതികരണം നേടി. ടോം ജേക്കബ് സംവിധാനം ചെയ്ത 'കലാം ഫൈവ് ബി' കാണാൻ എത്തിയത് സ്‌കൂൾ കുട്ടികളായിരുന്നു. 'പ്രായഭേദമന്യേ ഏവർക്കും സിനിമ കാണാനുള്ള അവസരമാണ് വ്യൂയിങ് റൂം സംവിധാനത്തിലൂടെ ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകനും നടനുമായ ടോം ജേക്കബ് പറഞ്ഞു.
35 പേർക്ക് ഇരിക്കാവുന്ന ചെറുതിയേറ്ററിൽ ഫുൾ എച്ച്ഡി പ്രൊജക്ടറടക്കം അത്യാധുനിക സൗകര്യങ്ങളുണ്ട്. ചിത്രങ്ങളുടെ സ്‌ക്രീനിങിനു പുറമേ വിശദമായ ചർച്ചകൾ നടത്തുന്നതിനും ട്രെയ്ലറുകൾ കാണുന്നതിനും പരസ്യങ്ങൾ പ്രദർശിപ്പിക്കാനും പ്രത്യേക സൗകര്യമുണ്ട്.
Also Read:"ഫെമിനിച്ചി എന്ന് വിളിച്ച് കളിയാക്കിക്കോ.. അത് അവരുടെ വിജയമാണ്", തുറന്ന് പറഞ്ഞ് സംവിധായകന്‍