തിരുവനന്തപുരം: നിയമസഭാ സാഹിത്യ പുരസ്‌കാരം പ്രശസ്‌ത സാഹിത്യകാരൻ എം മുകുന്ദന്. കലാ സാഹിത്യ സാംസ്‌കാരിക മേഖലകളിലെ സമഗ്ര സംഭാവന കണക്കിലെടുത്താണ് പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തതെന്ന് സ്‌പീക്കർ എഎൻ ഷംസീർ അറിയിച്ചു. കേരള നിയമസഭ അന്താരാഷ്ട്ര പുസ്‌തകോത്സവത്തിൻ്റെ മൂന്നാം പതിപ്പിനെക്കുറിച്ച് വിശദീകരിക്കാനായി വിളിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ജനുവരി 7 മുതൽ 13 വരെയാണ് പുസ്‌തകോത്സവം. ജനുവരി ഏഴിന് രാവിലെ 10:30ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ നിയമസഭാ അവാർഡ് എം മുകുന്ദന് കൈമാറും. നിയമസഭാ പുസ്‌തകോത്സവത്തിൻ്റെ ഭാഗമായി നൽകി വരുന്ന മൂന്നാമത്തെ സാഹിത്യ പുരസ്‌കാരമാണ് എം മുകുന്ദന് നൽകുന്നത്. ജനുവരി ഏഴിന് ആരംഭിക്കുന്ന പുസ്‌തകോത്സവത്തിൽ 250ലധികം സ്റ്റാളുകളിലായി 150ഓളം ദേശീയ, അന്തർ ദേശീയ പ്രസാധകർ പങ്കെടുക്കും.
ഒരാഴ്‌ചക്കാലം നടക്കുന്ന പുസ്‌തകോത്സവത്തിൽ പാനൽ ചർച്ചകൾ, കെഎൽഐബിഇ ഡയലോഗ്‌സ്, കെഎൽഐബിഎഫ് ടോക്ക്, എൻ്റെ എഴുത്തിൻ്റെയും വായനയുടെയും ജീവിതം, മീറ്റ് ദ ഓദർ, സ്‌മൃതി സന്ധ്യ, കവിയരങ്ങ്, കഥാപ്രസംഗം, കവിയും കവിതയും, കഥ പറയും പാട്ടുകൾ, കഥയരങ്ങ്, ഏകപാത്ര നാടകം, ഭാവിയുടെ വാഗ്‌ദാനം, സിനിമയും ജീവിതവും എന്നിങ്ങനെ വിവിധ ചെറുവേദികളിൽ എഴുപതുകളിലധികം പരിപാടികൾ സംഘടിപ്പിക്കും.
60 ഓളം പുസ്‌തക ചർച്ചകളും 350 ഓളം പുസ്‌തക പ്രകാശനങ്ങളും പുസ്‌തകോത്സവത്തിൽ നടക്കും. എല്ലാ ദിവസവും വൈകിട്ട് 7 മണിക്ക് ആർ ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ മെഗാ ഷോയും അരങ്ങേറും. പുസ്‌തകോത്സവത്തിൻ്റെ ഭാഗമായി കോളജുകളിൽ ക്വിസ് മത്സരങ്ങൾ പുരോഗമിക്കുകയാണ്. ഫൈനൽ റൗണ്ട് പുസ്‌തകോത്സവ വേദിയിലാകും നടക്കുക. ഓൺലൈൻ മത്സരങ്ങളും തുടരുകയാണ്.
കുട്ടികൾക്കായി പാക്കേജ്
നിയമസഭാ സമുച്ചയത്തിൽ വിദ്യാർഥികൾക്കായി സ്റ്റുഡൻ്റ്സ് കോർണർ വേദിയുമൊരുക്കും. കുട്ടികൾക്ക് ചെറിയ സ്റ്റേജ് പ്രോഗ്രാമിന് ഇടവേളകളിൽ അവസരമൊരുക്കും. ഇതിനായുള്ള രജിസ്ട്രേഷൻ നടപടികളും പുരോഗമിക്കുകയാണ്. മാജിക് ഷോ, പാവകളി, തത്സമയ ക്വിസ്, ഗെയിമുകൾ എന്നിവ സംഘടിപ്പിക്കും.
ഇത്തവണ ഒരു ലക്ഷത്തോളം വിദ്യാർഥികളെയാണ് പ്രതീക്ഷിക്കുന്നത്. നിയമസഭാ ഹാൾ, മ്യൂസിയങ്ങൾ, മൃഗശാല എന്നിവിടങ്ങളിൽ കുട്ടികൾക്ക് സൗജന്യ പ്രവേശനവും കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ സിറ്റി റൈഡും ഒരുക്കിയിട്ടുണ്ട്.
Also Read: ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി നിയന്ത്രണങ്ങള്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു