കർണാടക: കർണാടകയിലെ ബെലഗാവിയിൽ അങ്കണവാടിയിലെ കുട്ടികൾ പൂ പറിച്ചതിന് ഹെൽപ്പറുടെ മൂക്ക് മുറിച്ചു (Man cut Anganwadi helper nose in Belagavi ). ബെലഗാവി താലൂക്കിലെ ബസുർത്തെ ഗ്രാമത്തിൽ കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ദാരുണമായ സംഭവം നടന്നത്. അങ്കണവാടി ഹെൽപ്പറായ സുഗന്ധ മോറെ (50) ആണ് ആക്രമണത്തിനിരയായത്. കല്യാണി മോറെയാണ് പ്രതി.
സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ സുഗന്ധ ബെലഗാവിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മൂക്ക് മുറിഞ്ഞ് ശ്വാസകോശത്തിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.
അങ്കണവാടിയിൽ കളിക്കുന്നതിനിടെയാണ് കുട്ടികൾ അങ്കണവാടിയോട് ചേർന്നുള്ള വീട്ടുവളപ്പിൽ നട്ടുവളർത്തിയ മുല്ലപ്പൂ പറിച്ചെടുത്തത്. ഇത് ശ്രദ്ധയിൽപ്പെട്ട വീട്ടുടമയായ കല്യാണി മോറെ ക്ഷുഭിതയാവുകയായിരുന്നു. തുടർന്ന് ഇയാൾ അങ്കണവാടി ഹെൽപ്പറെ അസഭ്യം പറയുകയും വടി കൊണ്ട് മാരകമായി ആക്രമിയ്‌ക്കുകയും ചെയ്‌തിരുന്നു.
കഴിഞ്ഞ തിങ്കളാഴ്‌ച (ജനുവരി 1) നടന്ന സംഭവം വൈകിയാണ് പുറംലോകമറിയുന്നത്. സുഗന്ധയുടെ ഭർത്താവ് ശാരീരിക വൈകല്യമുള്ള ആളാണ്. കുടുംബത്തിന്‍റെ ഏക ആശ്രയം സുഗന്ധ ആയിരുന്നു. മർദ്ദനത്തിൽ ദാരുണമായി പരിക്കേറ്റ സുഗന്ധ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവത്തിൽ കാക്കത്തി പോലീസ് കേസെടുത്തിട്ടുണ്ട്.
ഭാര്യയെ ശല്യം ചെയ്‌തയാളെ യുവാവ് ക്വട്ടേഷൻ നൽകി മർദ്ദിച്ചു: അടുത്തിടെ തിരുവനന്തപുരം നെടുമങ്ങാട്ടിൽ ഭാര്യയെ ശല്യം ചെയ്‌ത യുവാവിനെ ഗള്‍ഫുകാരനായ ഭര്‍ത്താവ് നാട്ടിലെത്തി ക്വട്ടേഷന്‍ നല്‍കി മര്‍ദിച്ചിരുന്നു. സംഭവത്തിൽ പ്രതികളായ ഷൈജുവിനെയും യുവാവിനെ മർദിച്ച ക്വട്ടേഷന്‍ സംഘത്തിലെ യുവാക്കളെയും പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
ഇലഞ്ചിയം ഞാറനീലി കുന്നും പുറത്തുവീട്ടില്‍ ആര്‍ സൂബാഷിനെയാണ് സംഘം ആക്രമിച്ചത്. ആക്രമണത്തിൽ ഇയാൾക്ക് തലയ്ക്കും മുഖത്തും പരിക്കേറ്റിട്ടുണ്ട്. പാലോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ പി ഷാജിമോന്‍, എസ് ഐ റഹീം എ, ജോയി വി എസ്, രാജന്‍, സി പി ഒ സുജിത്ത് എന്നിവര്‍ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
സംഭവത്തിൽ തെന്നൂര്‍ അരയകുന്ന് റോഡരിക്കത്തുവീട്ടില്‍ ജി ഷൈജു (36), ഇലഞ്ചിയം ആറ്റുകണ്ണന്‍കുഴി ചതുപ്പില്‍ വീട്ടില്‍ ജി റോയ് (39), ജി റോണി (37), അരയകുന്ന് കന്യാരുകുഴി വടക്കേവീട്ടില്‍ എസ് സുമേഷ് എന്നിവരാണ് അറസ്റ്റിലായത്. ഭാര്യയെ ഫോണ്‍വഴി ശല്യം ചെയ്‌തതിന്‍റെ പ്രതികാരമായാണ് ഭർത്താവായ ഷൈജു യുവാവിനെ മർദിക്കാൻ ക്വട്ടേഷന്‍ നൽകിയത്. സുബാഷ് ഫോണിലൂടെ മെസേജ് അയക്കുന്നതും വിളിയ്‌ക്കുന്നതും സഹിക്കവയ്യാതെ ആയപ്പോള്‍ ഭാര്യ ഷൈജുവിനെ വിവരം അറിയിക്കുകയായിരുന്നു.