റായ്‌പൂര്‍: ഛത്തീസ്‌ഗഡില്‍ ഭര്‍ത്താവിനെ തോളില്‍ ചുമന്ന് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിച്ച് ഭാര്യ. ഛത്തീസ്‌ഗഡ് ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെയാണ് കണ്ടുനിന്നവരെ അത്ഭുതപ്പെടുത്തുന്ന സംഭവമുണ്ടായത്. പിപവാര്‍ യൂണിറ്റിലെ ഒസിപി സഹായിയായി ജോലി ചെയ്യുന്നയാളാണ് മനോജ് കുമാര്‍.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിടുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു അപകടത്തില്‍ മനോജിന്‍റെ കാലിന് പരിക്കേറ്റിരുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കണമെന്ന് അറിയിച്ചിട്ടും നിര്‍ബന്ധമായും ജോലി ചെയ്യണമെന്ന് നിര്‍ദേശമാണ് മേല്‍ ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ചത്. ഇതേ തുടര്‍ന്ന് എന്ത് ചെയ്യുമെന്നറിയാതെ ഇരുന്നപ്പോഴാണ് തെരഞ്ഞെടുപ്പ് നടക്കുന്ന ചത്ര കോളജിലേക്ക് ഭര്‍ത്താവിനെ ചുമന്ന് കൊണ്ടു പോകാമെന്ന് ഭാര്യ തീരുമാനിച്ചത്.
ഭര്‍ത്താവിനെ എടുത്തുകൊണ്ട് ചത്ര കോളജ് കാമ്പസിലെത്തിയപ്പോള്‍ കണ്ടു നിന്നവരെല്ലാം അത്‌ഭുതപ്പെട്ടു. എന്നാല്‍ കോളജിലെത്തിയ മനോജിനെ കണ്ട ശേഷം പ്രിസൈഡിങ് ഓഫീസര്‍ മെഡിക്കല്‍ ബോര്‍ഡ് സംഘത്തെ അറിയിക്കുകയും അവരുടെ നിര്‍ദേശപ്രകാരം മനോജിനെ തിരച്ചയക്കുകയും ചെയ്‌തു. ദൃശ്യങ്ങള്‍ വൈറലായതോടെ പലഭാഗത്ത് നിന്നും മനോജിനേയും ഭാര്യയേയും അഭിനന്ദങ്ങള്‍ തേടിയെത്തി.