'ബസൂക്ക'യിലെ (Bazooka) തന്‍റെ ഭാഗം പൂര്‍ത്തീകരിച്ച് മെഗാസ്‌റ്റാര്‍ മമ്മൂട്ടി (Mammootty). ഇന്ന് പുലര്‍ച്ചെയോടെയാണ്, ചിത്രത്തിലെ മമ്മൂട്ടിയുടെ ഭാഗം പൂര്‍ത്തിയാക്കിയത്. അതേസമയം 'ബസൂക്ക'യുടെ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഒരു മാസത്തിനകം തന്നെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകുമെന്നാണ് വിവരം.
പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ 'ബസൂക്ക'യുടെ ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. 'ബസൂക്ക'യുടെ സെറ്റില്‍ നിന്നുള്ളൊരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ജിത്തു മാധവ് സംവിധാനം ചെയ്‌ത 'രോമാഞ്ചം' എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടന്‍ അബിന്‍ ജോര്‍ജിന്‍റെ (നത്ത്) പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം.
മമ്മൂട്ടിക്കൊപ്പം അണിയറപ്രവര്‍ത്തകര്‍ 'ബസൂക്ക'യുടെ സെറ്റില്‍ അബിന്‍റെ പിറന്നാള്‍ ആഘോഷിച്ചു. അബിന്‍റെ കൈ പിടിച്ച് കേക്ക് മുറിക്കുകയായിരുന്നു മമ്മൂട്ടി. ഇതിന്‍റെ വീഡിയോ അബിനും പങ്കുവച്ചിട്ടുണ്ട്.
'ജീവിതത്തിന് യഥാര്‍ഥ അര്‍ഥം തോന്നിയ നിമിഷം' -എന്ന അടിക്കുറിപ്പോടുകൂടിയാണ് അബിന്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒപ്പം 'ബസൂക്ക' ടീമിന് നന്ദി പറയാനും അബിന്‍ മറന്നില്ല.
Also Read: പോണി ടെയിലിലും കൂളിങ് ഗ്ലാസിലും കസറി മമ്മൂട്ടി; ബസൂക്ക ഫസ്‌റ്റ് ലുക്ക് പുറത്ത്
'ബസൂക്ക'യിലെ മമ്മൂട്ടിയുടെ ഗെറ്റപ്പുകളും ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇതിനോടകം തന്നെ ആരാധക ശ്രദ്ധ കവര്‍ന്നിരുന്നു. പോണി ടെയില്‍ ഹെയര്‍ സ്‌റ്റൈലില്‍ കൂളിങ് ഗ്ലാസും ധരിച്ച് ഒരു ആഡംബര ബൈക്കിനരികില്‍ കൂളായി നില്‍ക്കുന്ന മമ്മൂട്ടിയായിരുന്നു ഫസ്‌റ്റ് ലുക്കില്‍.
ഒരു ഗെയിം ത്രില്ലര്‍ വിഭാഗത്തിലായാണ് ചിത്രം ഒരുങ്ങുന്നത്. വിവേകികളുടെ ഗെയിം കൂടിയാണ് 'ബസൂക്ക'യുടെ കഥ എന്നാണ് മുമ്പൊരിക്കല്‍ ചിത്രത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്. 'ആസ്വാദകരെ അമ്പരപ്പിക്കുന്ന ഒരു തിരക്കഥ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഒരു ആക്ഷന്‍ ചിത്രമാണ് ബസൂക്ക.
വിവേകികളുടെ ഗെയിം കൂടിയാണ് ഈ കഥ. കൂടാതെ, സിനിമയില്‍ ശക്തമായി ചിത്രീകരിക്കപ്പെടുന്ന കഥാപാത്രങ്ങളുണ്ട്. വളരെ നന്നായി ഒരുക്കിയ തിരക്കഥ ആണിത്. ബസൂക്കയിലെ എന്‍റെ കഥാപാത്രം വളരെ രസകരമായൊരു യാത്രയിലേക്ക് കൊണ്ടുപോകുമെന്ന് ഉറപ്പാണ്' - ബസൂക്കയെ കുറിച്ച് മമ്മൂട്ടി പറഞ്ഞു.
നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോന്‍, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തും.നിമിഷ് രവി ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങും നിര്‍വഹിക്കും. മിഥുൻ മുകുന്ദനാണ് സംഗീതം. തിയേറ്റർ ഓഫ് ഡ്രീംസ്, സരിഗമ എന്നീ ബാനറുകളിൽ ജിനു വി എബ്രഹാം, സിദ്ധാർഥ് ആനന്ദ് കുമാർ, ഡോൾവിൻ കുര്യാക്കോസ്, വിക്രം മെഹ്ര എന്നിവർ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.
നവാഗതനായ ഡീനൊ ഡെന്നിസാണ് സിനിമയുടെ രചനയും സംവിധാനവും. 'ഒറ്റനാണയം', 'എന്നിട്ടും' തുടങ്ങി സിനിമകളിൽ ഡീനൊ ഡെന്നിസ് അഭിനയിച്ചിട്ടുമുണ്ട്. പ്രശസ്‌ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്‍റ മകനാണ്.
Also Read: സ്‌റ്റൈലായി ഫ്രീക്ക് ലുക്കില്‍ മമ്മൂട്ടി; ബസൂക്കയുടെ ഫാന്‍ മെയ്‌ഡ് പോസ്റ്റര്‍ വൈറല്‍
അതേസമയം 'ബസൂക്ക'യ്‌ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന 'അബ്രഹാം ഓസ്ലര്‍' എന്ന ചിത്രത്തിലേയ്‌ക്ക് മമ്മൂട്ടി കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയറാം നായകനായി എത്തുന്ന ഇന്‍വെസ്‌റ്റിഗേഷന്‍ ത്രില്ലറില്‍ ക്യാമിയോ റോളിലാണ് മമ്മൂട്ടി എത്തുന്നത്. 'അബ്രഹാം ഓസ്ലറിന്‍റെ' ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം രാഹുല്‍ സദാശിവന്‍റെ ഹൊറര്‍ ചിത്രത്തിലാകും മമ്മൂട്ടി അഭിനയിക്കുക.
'കാതല്‍', 'കണ്ണൂര്‍ സ്‌ക്വാഡ്' എന്നിവയാണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍.'കണ്ണൂര്‍ സ്‌ക്വാഡി'ന്‍റെ പോസ്‌റ്റ് പ്രൊഡക്ഷൻ ജോലികള്‍ പുരോഗമിക്കുകയാണിപ്പോള്‍.