കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നന്ദിഗ്രാമിലെ പ്രചാരണത്തിന് ഇന്ന് തുടക്കം. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന പ്രചാരണത്തിൽ എട്ട് കിലോമീറ്റർ റോഡ്ഷോയും പൊതുയോഗവും നടക്കും. ഉച്ച കഴിഞ്ഞ് രണ്ട് മണിക്കും മൂന്നരയ്‌ക്കും അംദാബാദ് ഹൈസ്‌കൂൾ മൈതാനത്ത് പ്രചാരണ പരിപാടികൾ നടക്കും.
ടിഎംസി മുൻ മന്ത്രിയായിരുന്ന സുവേന്ദു അധികാരി ബിജെപിയിൽ ചേർന്നതിന് ശേഷമുള്ള തെരഞ്ഞെടുപ്പിൽ ബംഗാള്‍ വൻ പോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ പോകുന്നത്. നന്ദിഗ്രാമിൽ 50,000 വോട്ടുകൾക്ക് ബിജെപി മമത ബാനർജി സർക്കാരിനെ പരാജയപ്പെടുത്തുമെന്ന് സുവേന്ദു അധികാരി പറഞ്ഞിരുന്നു. ടിഎംസിയെ തറപറ്റിക്കാൻ ബിജെപി പ്രമുഖരെയാണ് പോർക്കളത്തിൽ ഇറക്കുന്നത്. സുവേന്ദു അധികാരിക്ക് പിന്തുണ പ്രഖ്യപിച്ച് കൊണ്ട് അമിത് ഷാ ചൊവ്വാഴ്‌ച നന്ദിഗ്രാമിൽ നടക്കുന്ന റോഡ്‌ഷോയിൽ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി സുവേന്ദുവിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബോളിവുഡ് താരം മിഥുൻ ചക്രവർത്തിയും നന്ദിഗ്രാമിലെ റോഡ്ഷോയിൽ പങ്കെടുക്കുമെന്നാണ് സൂചന.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ടിഎംസി നേതാവായിരുന്ന സുവേന്ദു അധികാരി ബിജെപിയിൽ ചേർന്നത്. ഭവാനിപൂരിന് പകരം മമത ബാനർജി ഇത്തവണ മത്സരിക്കാൻ തീരുമാനിച്ച സീറ്റായ നന്ദിഗ്രാമിൽ നിന്നുള്ള സിറ്റിങ് എംഎൽഎയാണ് അദ്ദേഹം. മാർച്ച് 27ന് നടന്ന ആദ്യ ഘട്ട വോട്ടെടുപ്പിൽ 79.79 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. എഴ് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടടുപ്പ് ഏപ്രിൽ 29ന് അവസാനിക്കും. മെയ് രണ്ടിന് വോട്ടെണ്ണൽ നടക്കും.