കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തീരപ്രദേശങ്ങളിൽ മെയ് 26 ന് ഉണ്ടായേക്കാവുന്ന ചുഴലിക്കാറ്റിനെക്കുറിച്ച് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി മമത ബാനർജി മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
മരുന്നുകൾ, കുടിവെള്ളം, ഭക്ഷണം, ടാർപോളിനുകൾ എന്നിവ ഒരുക്കണം. സംസ്ഥാന ദുരന്ത നിവാരണ സംഘത്തിൽ നിന്നും പൊലീസിൽ നിന്നും വേണ്ടത്ര മുൻകരുതലുകൾ ഉണ്ടെന്ന് ഉറപ്പാക്കണമെന്നും മമത ഉദ്യോഗസ്ഥരോട് പറഞ്ഞു. ചുഴലിക്കാറ്റ് വീശാൻ സാധ്യതയുള്ള കേന്ദ്രങ്ങളിൽ ഷെൽട്ടറുകൾ തയ്യാറാക്കാനും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.
Also read: ടൗട്ടെ ചുഴലിക്കാറ്റ് : ഗുജറാത്തിന് ആയിരം കോടി പ്രഖ്യാപിച്ച് പ്രധാനമന്ത്രി
മെയ് 22 ന് വടക്കൻ ആൻഡമാൻ കടലിനും കിഴക്കൻ മധ്യ ബംഗാൾ ഉൾക്കടലിനുമിടയിൽ ന്യൂന മർദ്ദം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. മെയ് 26 വൈകുന്നേരം ഈ ന്യുനമർദം വടക്കുപടിഞ്ഞാറൻ ഭാഗത്തേക്ക് പോയി പശ്ചിമ ബംഗാൾ-ഒഡിഷ തീരങ്ങളിൽ എത്താൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മെയ് 22 ന് ന്യൂനമർദം രൂപംകൊണ്ടതിനു ശേഷം, തുടർന്നുള്ള 72 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റ് രൂപപ്പെട്ട് കൊടുങ്കാറ്റായി തീവ്രമാകാൻ സാധ്യതയുണ്ട്. പശ്ചിമ ബംഗാളിലെ തീരദേശ ജില്ലകളിൽ മെയ് 25 മുതൽ മുതൽ നേരിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.