കൊൽക്കത്ത : ഉപതെരഞ്ഞെടുപ്പ് നടന്ന ഭവാനിപൂര്‍ മണ്ഡലത്തിൽ നിന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിജയിച്ചു. 58,389 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർഥി പ്രിയങ്ക ടിബ്രവാളിനെ പരാജയപ്പെടുത്തിയത്.
ഭവാനീപൂർ മണ്ഡലത്തിൽ 84,709 വോട്ടാണ് മമത ബാനർജി നേടിയത്. ഈ മണ്ഡലത്തിലെ ഇതുവരെയുള്ള ഏറ്ററവും ഉയര്‍ന്ന ലീഡാണിത്. അതേസമയം ബിജെപി സ്ഥാനാർഥിക്ക് 26,320 വോട്ടാണ് ലഭിച്ചത്. ഭവാനിപൂരിലെ ജനങ്ങൾക്ക് നന്ദി അറിയിക്കുന്നുവെന്ന് വിജയം ഉറപ്പിച്ച സാഹചര്യത്തിൽ മമത ബാനർജി പ്രതികരിച്ചു.
21 റൗണ്ട് കൗണ്ടിങ്ങാണ് മണ്ഡലത്തിൽ നടന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ മത്സരിച്ച മമത ബാനർജി ബിജെപി സ്ഥാനാര്‍ഥി സുവേന്ദു അധികാരിയോട് പരാജയപ്പെട്ട സാഹചര്യത്തിലാണ് സൊബൻദേബ് ചതോപാധ്യായ രാജി വച്ച് സീറ്റ് വിട്ടുനൽകിയത്.
ഭവാനിപൂരില്‍ 57 ശതമാനത്തിലധികം പോളിംഗാണ് രേഖപ്പെടുത്തിയത്. ഉപതെരഞ്ഞെടുപ്പ് നടന്ന സാസെർഗഞ്ച് , ജംഗീപൂർ മണ്ഡലങ്ങളിൽ യഥാക്രമം 79.92, 77.63 എന്നിങ്ങനെയായിരുന്നു പോളിങ് ശതമാനം.
പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ്
രാജ്യം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പാണ് പശ്ചിമ ബംഗാളിൽ ഈ വർഷം നടന്നത്. ബിജെപിയും തൃണമൂൽ കോൺഗ്രസും ശക്തമായ പോരാട്ടം കാഴ്‌ച വെച്ച സംസ്ഥാനത്ത് വൻ ഭൂരിപക്ഷത്തിലാണ് മൂന്നാം തവണയും തൃണമൂൽ കോൺഗ്രസ് ഭരണത്തിൽ തിരിച്ചെത്തിയത്.
എന്നാൽ ബിജെപിയെ വെല്ലുവിളിച്ച് സിറ്റിങ് സീറ്റ് ഉപേക്ഷിച്ച് നന്ദിഗ്രാമിൽ നിന്ന് മത്സരിച്ച മമത ബാനർജി തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയായിരുന്നു.
തുടർന്നാണ് മമത ബാനർജിക്ക് വേണ്ടി ഭവാനിപൂർ മണ്ഡലത്തിൽ നിന്ന് എംഎൽഎ സ്ഥാനം സൊബൻദേബ് ചതോപാധ്യായ രാജിവച്ചത്. അതേസമയം നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാതെ മമത ബാനർജി റീകൗണ്ട് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.
ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ
മമത ബാനർജിയുടെ വിജയം ഉറപ്പായതോടെ തൃണമൂൽ പ്രവർത്തകർ ആഘോഷവുമായി റോഡുകളിൽ ഇറങ്ങി. അതേസമയം വിജയാഘോഷങ്ങൾ നടത്തേണ്ടെന്നും തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുണ്ടായേക്കാവുന്ന അക്രമ സംഭവങ്ങൾ ഒഴിവാക്കാനാണ് തീരുമാനമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. അതേസമയം ബിജെപി, സിപിഎം ഓഫിസുകളിൽ ആളുകളില്ലെന്നാണ് റിപ്പോർട്ടുകൾ.
ഫലപ്രഖ്യാപനത്തിന് ശേഷമുണ്ടായ അക്രമങ്ങൾ
പശ്ചിമ ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം വൻ തോതിൽ അക്രമങ്ങള്‍ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തിരുന്നു. വിവിധ പ്രദേശങ്ങളിലുണ്ടായ അതിക്രമങ്ങളിൽ ബിജെപി പ്രവർത്തകരും തൃണമൂൽ പ്രവർത്തകരും കൊല്ലപ്പെട്ടു. ഈ സാഹചര്യം മുന്നിൽ കണ്ടാണ് ആഘോഷ പരിപാടികൾ നടത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചത്.
ALSO READ: ലഹരിമരുന്ന് വേട്ട; ഷാരുഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെ ചോദ്യം ചെയ്യുന്നു