കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ന്യൂഡൽഹി സന്ദർശനം പൂർത്തിയാക്കി കൊൽക്കത്തയിലേക്ക് മടങ്ങുമ്പോൾ ട്വിറ്ററിൽ പുതിയ പ്രചാരണ വാചകവുമായി തൃണമൂൽ കോൺഗ്രസ്. "#സച്ഛെ ദിൻ" എന്നതാണ് തൃണമൂലിന്‍റെ വാചകം. മോദിയുടെ "അച്ഛെ ദിൻ" എന്ന പ്രചാരണ വാചകത്തിന് സമാനമായ വാചകമാണ് തൃണമൂൽ ട്വിറ്ററിൽ പ്രചരിപ്പിക്കുന്നത്.
ജൂലൈ 26ന് മമത ദേശീയ രാഷ്ട്രീയ പ്രവേശനത്തിന് ചൂടുപിടിപ്പിക്കാൻ ന്യൂഡൽഹിയിലേക്ക് പോയപ്പോഴും ഇത്തരത്തിൽ തൃണമൂൽ കോൺഗ്രസ് ട്വിറ്ററിൽ വാചകം ഷെയർ ചെയ്തിരുന്നു. #ആപ്കി ബാർ ദീദി സർക്കാർ എന്നതായിരുന്നു അന്നത്തെ വാചകം. നരേന്ദ്ര മോദിയുടെ #ആപ്കി ബാർ മോദി സർക്കാർ എന്ന വാചകത്തിന് സമാനമായതായിരുന്നു വാചകം.
ഏറ്റെടുത്ത് നേതാക്കൾ
നരേന്ദ്ര മോദി സർക്കാർ പാഴ്‌വാഗ്ദാനങ്ങൾ നൽകി തെറ്റായ പ്രചാരണം നടത്തുകയാണെന്നും സാധ്യമായ വാഗ്ദാനങ്ങൾ നൽകി അസത്യത്തെ ചെറുക്കുക എന്ന ലക്ഷ്യത്തിനു വേണ്ടിയാണ് #സച്ഛെ ദിൻ എന്ന പ്രചരണ വാചകം അവതരിപ്പിച്ചതെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് പറഞ്ഞു. കഴിഞ്ഞ ദിവസം മുതൽ #സച്ഛെ ദിൻ എന്ന വാചകം തൃണമൂൽ നേതാക്കൾ ഏറ്റെടുത്തിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്‍റെ നുണ പ്രചാരണങ്ങളെ തകർത്ത് മമത ബാനർജിക്ക് രാജ്യത്ത് "സച്ഛെ ദിൻ" തിരികെ കൊണ്ടുവരാൻ കഴിയുമെന്ന് മുൻ കോൺഗ്രസ് ലോകസഭാംഗവും മുൻ ഇന്ത്യൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകനുമായ അവിജിത് മുഖർജി പറഞ്ഞു. അടുത്ത കാലത്താണ് അവിജിത് മുഖർജി തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു.
മോദി സർക്കാരിന്‍റെ ഭരണകാലയളവിൽ ദുരിതത്തിലായ കർഷകർക്ക് പശ്ചിമ ബംഗാളിലെയെന്ന പോലെ കൃഷക്ബന്ധു പദ്ധതി പ്രകാരം 10000 രൂപ നൽകുമെന്നും പുതിയ കേന്ദ്രസർക്കാരിനേ കർഷകരുടെ മുഖത്ത് പുഞ്ചിരി തിരികെ കൊണ്ടുവരാൻ കഴിയൂവെന്നും അവിജിത് മുഖർജി പറഞ്ഞു. ദുർഗാദേവിയെ പോലെ ദുഷ്ടരെ അവസാനിപ്പിക്കാൻ എത്തിയതാണ് മമത ബാനർജി എന്ന് പശ്ചിമ ബംഗാൾ ഭക്ഷ്യ മന്ത്രി രോതിൻ ഘോഷ് പറഞ്ഞു. മനോജ് തിവാരി, ഘാഗേശ്വർ റോയ്, അസിത് മജുംദാർ തുടങ്ങിയ നേതാക്കളും പാർട്ടിയുടെ പുതിയ വാചകം ഏറ്റെടുത്ത് രംഗത്ത് വന്നിട്ടുണ്ട്.
Also Read: ലക്ഷ്യം ദേശീയ രാഷ്ട്രീയം, മമത ഡല്‍ഹിയില്‍; സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച