ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ രാജ്യസഭ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്നും രാജിവച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഉദയ്‌പൂർ പ്രഖ്യാപനത്തിന് ശേഷം പാര്‍ട്ടി സ്വീകരിച്ച 'ഒരു നേതാവ്, ഒരു പദവി' എന്ന നയത്തിന്‍റെ ഭാഗമാണ് ഖാര്‍ഗെയുടെ ഈ തീരുമാനം. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയ്‌ക്ക് അയച്ച കത്തിലാണ് ഖാര്‍ഗെ രാജി പ്രഖ്യാപനം നടത്തിയത്.
'' അഖിലേന്ത്യ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചതിന്‍റെ ഭാഗമായി രാജ്യസഭ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് ഞാൻ രാജിവയ്‌ക്കുന്നു''. കത്തില്‍ ഖാര്‍ഗെ വ്യക്തമാക്കി. ഹൈക്കമാന്‍ഡ് നിര്‍ദേശിച്ച മത്സരാര്‍ഥിയാണ് പാര്‍ട്ടി മുതിര്‍ന്ന നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ദീപേന്ദർ ഹൂഡ, സൽമാൻ ഖുർഷിദ്, അശോക് ഗെലോട്ട്, ദിഗ്‌വിജയ് സിങ്, മനീഷ് തിവാരി, പൃഥ്വിരാജ് ചവാൻ തുടങ്ങി മുപ്പതോളം നേതാക്കളാണ് 80 കാരനായ ഖാര്‍ഗെയുടെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണച്ചത്.
ALSO READ| AICC president election:എന്നും സോണിയയുടെ വിശ്വസ്തൻ, തരൂരിന് എതിരാളിയായി ഖാർഗെ വരുമ്പോൾ
അതേസയമം, കോണ്‍ഗ്രസിന്‍റെ തിരുത്തല്‍ ശക്തിയെന്ന് അറിയപ്പെടുന്ന 'ജി 23'യുടെ പിന്തുണ ഇതേ സംഘത്തിലെ അംഗമായ ശശി തരൂരിന് ലഭിക്കാത്ത സാഹചര്യമാണുള്ളത്. പിന്തുണയില്ലെങ്കിലും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനുള്ള ഉറച്ച തീരുമാനത്തിലാണ് തരൂര്‍. സെപ്‌റ്റംബര്‍ 30 നാണ് നേതാക്കള്‍ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചത്. ഒക്‌ടോബര്‍ 17 നാണ് തെരഞ്ഞെടുപ്പ്.