ജഞ്ജഗീർ - ചമ്പ : കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തില്‍ നരേന്ദ്ര മോദി നല്‍കിയ മറുപടിയെ രൂക്ഷമായി വിമർശിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മണിപ്പൂരിൽ നടക്കുന്ന വംശീയ കലാപത്തെക്കുറിച്ച് രാഹുൽ ഗാന്ധി ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിന് പകരം നെഹ്‌റുവിനേയും കോൺഗ്രസ് നേതാക്കളേയും കളിയാക്കുക മാത്രമാണ് മോദി ചെയ്‌തതെന്നും മല്ലികാർജുൻ ഖാർഗെ ആരോപിച്ചു.
ഛത്തീസ്‌ഗഡ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുന്ന 'ഭരോസേ കാ സമ്മേളനിൽ' (പ്രത്യാശ സമ്മേളനം) മുഖ്യാതിഥിയായി പങ്കെടുത്ത് ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു ഖാർഗെ. 'രാഹുൽ ഗാന്ധിയോ ഇന്ത്യൻ സഖ്യ നേതാക്കളോ ഉന്നയിച്ച ചോദ്യത്തിന് മോദി മറുപടി പറഞ്ഞില്ല. പകരം നെഹ്‌റുവിനേയും കോണ്‍ഗ്രസ് നേതാക്കളേയും കളിയാക്കി. താൻ എല്ലാം ചെയ്‌തുവെന്ന് മോദി ജി പറഞ്ഞുകൊണ്ടിരുന്നു.'
'മോദി അധികാരത്തിൽ വന്നതിന് ശേഷം ഛത്തീസ്‌ഗഡിൽ വൈദ്യുതിയോ, സ്‌കൂളുകളോ വന്നിട്ടുണ്ടോ. ഞങ്ങൾ സ്ഥാപിച്ച സർക്കാർ സ്‌കൂളുകളിലാണ് മോദിയും അമിത് ഷായും പഠിച്ചത്. അതോ അവർ ലണ്ടനിലോ, ഓക്‌സ്‌ഫോർഡിലോ പഠിച്ചിട്ടുണ്ടോ?. കഴിഞ്ഞ 70 വർഷമായി കോണ്‍ഗ്രസ് എന്താണ് ചെയ്‌തതെന്ന് അവർ ഞങ്ങളോട് ചോദിക്കുന്നുണ്ട്. ഞങ്ങൾ എല്ലാം അതാത് സ്ഥാനങ്ങളിൽ സ്ഥാപിക്കുകയാണ് ചെയ്‌തത്.' - ഖാർഗെ പറഞ്ഞു.
ഒറ്റക്കെട്ടാകണമെന്ന് ഖാർഗെ : ഛത്തീസ്‌ഗഡ് നിയമസഭ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് വീണ്ടും വിജയിക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കൂടാതെ അടുത്ത വർഷം നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാൻ കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കാനും ഖാർഗെ ജനങ്ങളോട് അഭ്യർഥിച്ചു. 'ഭാരതീയ ജനത പാർട്ടിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ജനങ്ങളെ നശിപ്പിക്കാൻ ശ്രമിക്കുകയാണ്.'
'എന്നാൽ ജനങ്ങൾ ജാഗ്രത പാലിക്കുകയും അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുകയും വേണം. ഛത്തീസ്‌ഗഡിൽ പാർട്ടിയുടെ വിജയത്തിൽ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. ഭരണഘടനയേയും ജനാധിപത്യത്തേയും സംരക്ഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനാൽ രാജ്യം മുഴുവൻ ഒറ്റക്കെട്ടായി പ്രവർത്തിക്കണം.' - ഖാർഗെ വ്യക്‌തമാക്കി.
ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, ഛത്തീസ്‌ഗഡ് ഇൻചാർജ് കുമാരി സെൽജ, സംസ്ഥാന ഇൻചാർജ് ദീപക് ബൈജ് എന്നിവരുൾപ്പെടെ നിരവധി മന്ത്രിമാരും കോൺഗ്രസ് നേതാക്കളും പരിപാടിയിൽ പങ്കെടുത്തു. 467 കോടിയിലധികം രൂപയുടെ 1,043 വികസന പ്രവർത്തനങ്ങളാണ് ജാഞ്ജഗിർ - ചമ്പ ജില്ലയിൽ മുഖ്യമന്ത്രി ബാഗൽ പ്രഖ്യാപിച്ചത്.
സ്‌മൃതി ഇറാനിക്ക് 'രാഹുൽ ഫോബിയ' : അതേസമയം കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സ്‌മൃതി ഇറാനിക്ക് 'രാഹുൽ ഫോബിയ' ഉണ്ടെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ ആരോപിച്ചു. സ്‌മൃതി ഇറാനിയുടെ ഓർമശക്തി വളരെ മോശമാണ്. ഛത്തീസ്‌ഗഡ് സർക്കാർ അദാനിക്ക് ഭൂമി നൽകിയെന്ന് അവർ ആരോപിച്ചു. രാഹുൽ ഗാന്ധി അദാനിയെ എതിർക്കുമ്പോൾ ഞങ്ങൾ അദാനിക്ക് ഭൂമി നൽകുമോ?. സ്‌മൃതി ഇറാനിക്ക് രാഹുൽ ഗാന്ധി ഫോബിയ ഉണ്ടോ?.'- ബാഗൽ ചോദിച്ചു.
'2018ൽ തന്നെ ജനങ്ങൾക്ക് ബിജെപിയിലുള്ള വിശ്വാസം നഷ്‌ടപ്പെട്ടിരിക്കുന്നു. ഇപ്പോൾ തുടർച്ചയായി ഉപതെരഞ്ഞെടുപ്പുകളിലും, നഗരസഭ തെരഞ്ഞെടുപ്പുകളിലും, പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ജനങ്ങൾ കോണ്‍ഗ്രസിൽ മാത്രമാണ് വിശ്വാസം അർപ്പിക്കുന്നത്. ഭാവിയിലും അത് തന്നെ തുടരും. ജനങ്ങളുടെ വിശ്വാസം നിലനിൽക്കും. അതാണ് ഞങ്ങളുടെ വിശ്വാസം.' - ബാഗൽ കൂട്ടിച്ചേർത്തു.