ന്യൂഡല്‍ഹി : അദാനി ഗ്രൂപ്പിന് കീഴിലുള്ള ബഹുഭൂരിപക്ഷം കമ്പനികളുടേയും ഓഹരികള്‍ക്ക് ഇന്നും നഷ്‌ടം സംഭവിച്ചു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓഹരി ഗവേഷണ കമ്പനി ഹിന്‍ഡന്‍ബര്‍ഗിന്‍റെ ആരോപണങ്ങള്‍ക്ക് അദാനി ഗ്രൂപ്പ് 413 പേജ് വരുന്ന മറുപടി ഇന്നലെ നല്‍കിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്‌ച മുതല്‍ ഇന്ന് വരെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ക്കുണ്ടായ മൊത്തത്തിലുള്ള നഷ്‌ടം 5.56 ലക്ഷം കോടിയാണ്.
റിപ്പബ്ലിക് ദിനമായതിനാല്‍ കഴിഞ്ഞ വ്യാഴാഴ്‌ച ഓഹരി വിപണികള്‍ക്ക് അവധിയായിരുന്നു. തുടര്‍ച്ചയായ മൂന്നാം വ്യാപാര ദിവസവും അദാനി ഗ്രൂപ്പിന്‍റെ ഭൂരിഭാഗം കമ്പനികളുടേയും ഓഹരികള്‍ക്ക് ഇടിവ് സംഭവിച്ചു. അദാനി ടോട്ടല്‍ ഓഹരി 20ഉം അദാനി ഗ്രീന്‍ എനര്‍ജി ഓഹരി 19.99 ഉം, അദാനി ട്രാന്‍സ്‌മിഷന്‍ ഓഹരി 14.91 ഉം, അദാനി പവര്‍ ഓഹരി 5 ശതമാനവും ഇടിഞ്ഞു. അദാനി വില്‍മര്‍ 5ഉം, എന്‍ഡിടിവി 4.99 ഉം, അദാനി പോര്‍ട്‌സ് 0.29 ശതമാനവും ബിഎസ്‌ഇയില്‍ തകര്‍ച്ച നേരിട്ടു.
അതേസമയം അദാനി എന്‍റര്‍പ്രൈസസ് ഓഹരി 4.21 ഉം, അംബുജ സിമന്‍റ്സ് ഓഹരി 1.65 ഉം, എസിസി ഓഹരി 1.10 ശതമാനവും ഉയര്‍ന്നു. ഹിന്‍ഡന്‍ ബര്‍ഗ് ഉയര്‍ത്തിയ ആരോപണങ്ങളെ തുടര്‍ന്ന് വെള്ളിയാഴ്‌ച അദാനി ഗ്രൂപ്പിന്‍റെ ഓഹരികള്‍ 20ശതമാനമാണ് ഇടിഞ്ഞത്.
ഓഹരി വിപണിയില്‍ ഇന്ന് നേട്ടം : ഓഹരി സൂചികകളായ സെന്‍സെക്‌സും, നിഫ്‌റ്റിയും ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മുപ്പത് കമ്പനികളുടെ ഓഹരികള്‍ അടങ്ങുന്ന സെന്‍സെക്‌സ് 169.51 പോയിന്‍റുകള്‍ വര്‍ധിച്ച് 59,500.41ല്‍ എത്തി. നിഫ്‌റ്റി 44.60 പോയിന്‍റുകള്‍ വര്‍ധിച്ച് 17,648.95പോയിന്‍റിലാണ് വ്യാപാരം അവസാനിച്ചത്.
എഫ്‌പിഒ നിശ്ചയിച്ച പ്രകാരം മുന്നോട്ടെന്ന് അദാനി ഗ്രൂപ്പ് : ഓഹരിവിപണിയില്‍ തങ്ങള്‍ക്ക് ഇടിവുണ്ടായെങ്കിലും അദാനി എന്‍റര്‍പ്രൈസസിന്‍റെ 20,000 കോടിരൂപയുടെ എഫ്‌പിഒ( Follow on Public Offer) വിജയിക്കുമെന്ന് കമ്പനി ആത്‌മവിശ്വാസം പ്രകടിപ്പിച്ചു. ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഓഹരി വില്‍ക്കുന്നതിനെയാണ് എഫ്‌പിഒ എന്ന് പറയുന്നത്. എഫ്‌പിഒ നിശ്ചയിച്ച പ്രകാരം നടക്കുമെന്നും അതിന്‍റെ പ്രൈസ് ബാന്‍റില്‍ മാറ്റമില്ലെന്നുമുള്ള അദാനി ഗ്രൂപ്പിന്‍റെ പ്രസ്‌താവനയ്‌ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്‌റ്റ്‌മെന്‍റ് സ്‌ട്രാറ്റജിസ്‌റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു. എഫ്‌പിഒ വിജയകരമായിരിക്കും എന്നതിലുള്ള കമ്പനിയുടെ ആത്‌മവിശ്വസത്തിന്‍റെ പ്രതിഫലനമായി ഇതിനെ വ്യാഖ്യാനിക്കാം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അദാനി ഗ്രൂപ്പിന്‍റെ വാദം തള്ളി ഹിന്‍ഡന്‍ബര്‍ഗ് : തങ്ങള്‍ക്കെതിരായ റിപ്പോര്‍ട്ട് ഇന്ത്യയ്‌ക്കെതിരെയുള്ള ആക്രമണമാണെന്ന അദാനി ഗ്രൂപ്പിന്‍റെ വാദം ഹിന്‍ഡന്‍ ബര്‍ഗ് തള്ളി. തട്ടിപ്പ് ദേശീയതകൊണ്ട് മറയ്‌ക്കാന്‍ ആവില്ലെന്ന് ഹിന്‍ഡന്‍ബര്‍ഗ് പ്രതികരിച്ചു. തങ്ങള്‍ ഉന്നയിച്ച പ്രധാനപ്പെട്ട ആരോപണങ്ങള്‍ക്കൊന്നും അദാനി ഗ്രൂപ്പ് മറുപടി നല്‍കിയിട്ടില്ലെന്നും ഹിന്‍ഡന്‍ ബര്‍ഗ് വ്യക്തമാക്കി.
അദാനി ഗ്രൂപ്പിലെ നിക്ഷേപങ്ങളില്‍ നിലപാട് വ്യക്തമാക്കി എല്‍ഐസി : അദാനി ഗ്രൂപ്പിനെതിരെ അമേരിക്കന്‍ കമ്പനി ഹിന്‍ഡന്‍ബര്‍ഗ് ഓഹരി തട്ടിപ്പ് ആരോപിച്ചതിന്‍റെ പശ്ചാത്തലത്തില്‍ വിശദീകരണവുമായി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ (എല്‍ഐസി). വായ്‌പയും ഓഹരിയുമായി 36,474.78 കോടിയാണ് എല്‍ഐസി അദാനി ഗ്രൂപ്പില്‍ നിക്ഷേപിച്ചത്. ഈ തുക തങ്ങളുടെ മൊത്തം നിക്ഷേപത്തിന്‍റെ ഒരു ശതമാനത്തിൽ താഴെ മാത്രമാണെന്ന് എല്‍ഐസി അറിയിച്ചു.