ന്യൂഡൽഹി : രാജ്യത്തെ വലിയ സംസ്ഥാനങ്ങൾ 70 ശതമാനത്തിൽ താഴെ മാത്രമേ വാക്‌സിനേഷൻ നൽകിയിട്ടുള്ളൂവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചു. ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഉത്തർ പ്രദേശ്, തമിഴ്‌നാട്, പഞ്ചാബ്, പുതുച്ചേരി, നാഗാലാന്‍ഡ്, മേഘാലയ, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളാണ് 70 ശതമാനത്തിൽ താഴെ കുത്തിവയ്‌പ്പ് നടത്തിയിട്ടുള്ളത്. രാജ്യത്തെ കൊവിഡ് വാക്‌സിനേഷൻ 100 കോടി പിന്നിട്ടതിന് പിന്നാലെയാണ് മന്ത്രാലയത്തിന്‍റെ പുതിയനീക്കം.
ഡിസംബറോടെ മുതിർന്ന പൗരന്മാര്‍ക്ക് മുഴുവന്‍ കുത്തിവയ്‌പ്പ്
വാക്‌സിനേഷൻ കുറവ് റിപ്പോർട്ട് ചെയ്‌ത സംസ്ഥാനങ്ങളിൽ കുത്തിവയ്‌പ്പ് വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അടിയന്തര അവലോകന യോഗം വിളിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ വർഷം ഡിസംബറോടെ രാജ്യത്തെ മുഴുവൻ മുതിർന്ന പൗരന്മാരെയും വാക്‌സിനേഷന് വിധേയമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
70 ശതമാനത്തിന് താഴെ വാക്‌സിനേഷൻ നൽകിയ സംസ്ഥാനങ്ങൾ
ബിഹാറിലേക്ക് 73,167,435 വാക്‌സിൻ ഡോസുകൾ വിതരണം ചെയ്‌തപ്പോൾ 64,380,110 ഡോസുകൾ മാത്രമാണ് വ്യാഴാഴ്‌ച വരെ നൽകിയിട്ടുള്ളൂ. 21,752,490 ഡോസ് വിതരണം ചെയ്‌ത ജാർഖണ്ഡിൽ 18,412,385 ഡോസുകളുമാണ് ഉപയോഗിച്ചത്. പശ്ചിമ ബംഗാളിലും കൊവിഡ് വാക്‌സിനേഷൻ നിരക്ക് വളരെ കുറവാണ്. 67,301,890 ഡോസുകൾ ബംഗാളിന് നൽകിയപ്പോൾ 61, 546,655 ഡോസ് മാത്രമാണ് കുത്തിവച്ചത്.
സമാനരീതിയിൽ ഉത്തർ പ്രദേശിൽ 133,184,135 വാക്‌സിൻ ഡോസുകൾ വിതരണം ചെയ്‌തിരുന്നു. എന്നാൽ 120,604,680 ഡോസ് മാത്രമാണ് നല്‍കിയത്. തമിഴ്‌നാട്ടിലും 70 ശതമാനത്തില്‍ താഴെയാണ് കുത്തിവയ്‌പ്പ്. സമാനമായ രീതിയിൽ നാഗാലാന്‍ഡ്, മണിപ്പൂർ, പുതുച്ചേരി, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലും 70 ശതമാനത്തിൽ കുറവ് വാക്‌സിനേഷൻ മാത്രമാണ് നടന്നത്.
90 ശതമാനം വാക്‌സിനും ഉപയോഗിച്ച സംസ്ഥാനങ്ങൾ
ഉത്തരാഖണ്ഡ്, സിക്കിം, മധ്യപ്രദേശ്, കേരളം, ജമ്മു കശ്‌മീർ, ഹിമാചൽ പ്രദേശ്, ഗുജറാത്ത്, ഗോവ, ഛത്തീസ്‌ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ലഭ്യമായ വാക്‌സിന്‍റെ 90 ശതമാനം ഉപയോഗിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, അസം, ഛത്തീസ്‌ഗഡ്, ഡൽഹി, ഹരിയാന, മഹാരാഷ്‌ട്ര, ഒഡിഷ, രാജസ്ഥാൻ, തെലങ്കാന, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ 70 മുതൽ 90 ശതമാനം വരെ ലഭ്യമായ വാക്‌സിൻ ഉപയോഗപ്പെടുത്തി. ലഭ്യമാകുന്ന വാക്‌സിൻ കൃത്യമായ രീതിയിൽ ഉപയോഗിക്കാൻ സംസ്ഥാന സർക്കാരുകൾ സജീവമായി ഇടപെടണമെന്നും പ്രാദേശിക-ജില്ല ഭരണകൂടങ്ങളുമായി ചേര്‍ന്ന് ഇതിന് കൃത്യമായ പദ്ധതി ആവിഷ്‌കരിക്കണമെന്നും ഐഎംഎ ജനറൽ സെക്രട്ടറി ഡോ. ജയേഷ് എം ലെലേ പറഞ്ഞു.
READ MORE: 'വിളക്കുകത്തിക്കാന്‍ പറഞ്ഞപ്പോള്‍ പുച്ഛിച്ചു' ; 100 കോടി ഡോസ് ഒരുമയുടെ വിജയമെന്ന് മോദി