ന്യൂഡൽഹി: രാജ്യത്ത് പുതിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളിൽ 80.90 ശതമാനവും അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മഹാരാഷ്‌ട്ര, പഞ്ചാബ്, കർണാടക, ഗുജറാത്ത്, തമിഴ്‌നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് നിലവിൽ ഏറ്റവും കൂടുതൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം രാജ്യത്ത് 40,715 പുതിയ കൊവിഡ് കേസുകളായിരുന്നു സ്ഥിരീകരിച്ചത്.
24,465 പേർക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്‌ട്രയിൽ തന്നെയാണ് രാജ്യത്തെ ഏറ്റവും കൂടുതൽ പുതിയ കൊവിഡ് രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2,299 പേർക്കാണ് പഞ്ചാബിൽ രോഗം സ്ഥിരീകരിച്ചത്. കർണാടകയിൽ 2,010 പേർക്കും ഗുജറാത്തിൽ 1,640 പേർക്കും തമിഴ്‌നാട്ടിൽ 1,437 പേർക്കുമാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് നിലവിൽ 3.45 ലക്ഷം പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, രാജ്യത്തെ 45 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ഏപ്രിൽ ഒന്ന് മുതൽ വാക്‌സിൻ ലഭ്യമാക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കർ അറിയിച്ചു. 45 വയസിന് മുകളിൽ പ്രായമുള്ള എല്ലാവരും എത്രയും പെട്ടന്ന് തന്നെ കൊവിഡ് വാക്‌സിന് വേണ്ടി രജിസ്റ്റർ ചെയ്യണമെന്നും ഊഴം വരുന്നതിന് അനുസരിച്ച് വാക്‌സിൻ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു.