പൂനെ: മഹാരാഷ്ട്രയിൽ പത്തിലധികം മന്ത്രിമാർക്കും 20ഓളം എംഎൽഎമാർക്കും കൊവിഡ് സ്ഥിരീകരിച്ചതായി ഉപമുഖ്യമന്ത്രി അജിത് പവാർ അറിയിച്ചു. കൊവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 8,067 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പവാറിന്‍റെ മുന്നറിയിപ്പ്.
പുതിയ കേസുകൾ വ്യാഴാഴ്ചയേക്കാൾ 50 ശതമാനം കൂടുതലാണ്. മന്ത്രിമാർക്കും എംഎൽഎമാർക്കും കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ അടുത്തിടെ നിയമസഭ സമ്മേളനം മാറ്റിവച്ചിരുന്നു. പുതിയ ഒമിക്രോൺ വകഭേദം അതിവേഗം വ്യാപിക്കുന്ന സാഹചര്യമാണുള്ളത്.
അതിനാൽ ജാഗ്രത ആവശ്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർഥന പ്രകാരം ചില സംസ്ഥാനങ്ങളിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിൽ മുംബൈയിലും പൂനെയിലും രോഗബാധിതർ വർധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ALSO READ:Omicron India | രാജ്യത്ത് 161 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ കേസുകള്‍ 1,431 ആയി
രോഗികളുടെ എണ്ണത്തിൽ സംസ്ഥാന സർക്കാർ നിരീക്ഷണം നടത്തിവരികയാണ്. കൊവിഡ് കേസുകൾ വർധിക്കുകയാണെങ്കിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള തീരുമാനത്തിലാണ് സർക്കാരെന്നും അതിനാൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും അജിത് പവാർ പറഞ്ഞു. കൊറേഗാവ് ഭീമ യുദ്ധത്തിന്‍റെ 204-ാം വാർഷികത്തോടനുബന്ധിച്ച് പെർനെയിലെ ജയസ്തംഭ് സൈനിക സ്മാരകം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒമിക്രോൺ പശ്ചാത്തലത്തിൽ 2021 അവസാനമോടെ മഹാരാഷ്ട്രയിൽ കൊവിഡ് കേസുകളിൽ വൻ വർധനവാണുണ്ടായത്. രാജ്യത്തെ ആദ്യ ഒമിക്രോൺ മരണവും സംസ്ഥാനത്തെ പിംപ്രി ചിഞ്ച്‌വാഡിൽ റിപ്പോർട്ട് ചെയ്തിരുന്നു.