മുംബൈ: നാസിക്കില്‍ ഓക്‌സിജന്‍ ടാങ്കര്‍ ചോര്‍ന്ന് കൊവിഡ് രോഗികള്‍ മരിച്ച സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തു. സംഭവത്തിന് കാരണമായവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവര്‍ക്കെതിരെയാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. 22 കൊവിഡ് രോഗികളാണ് ശ്വാസം മുട്ടി മരിച്ചത്. നാസിക് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെ കീഴിലുള്ള ഡോ സക്കീര്‍ ഹുസൈന്‍ ആശുപത്രിയിലാണ് ബുധനാഴ്‌ച ഉച്ചയോടെ ദുരന്തമുണ്ടായത്.
ടാങ്കില്‍ ഓക്‌സിജന്‍ നിറയ്ക്കുന്നതിനിടെയാണ് ചോര്‍ച്ചയുണ്ടായത്. ടാങ്കറിലെ ചോര്‍ച്ചയെത്തുടര്‍ന്ന് ചികിത്സയിലിരുന്നവര്‍ക്ക് ലഭിച്ചിരുന്ന ഓക്‌സിജന്‍ തടസപ്പെട്ടാണ് മരണ കാരണം. ഭദ്രകലി പൊലീസാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്തവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. അശ്രദ്ധ മൂലമുള്ള മരണത്തിനാണ് ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 304- എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.
ആശുപത്രിയില്‍ സംഭവസമയം 157 രോഗികളാണ് ചികിത്സയിലുണ്ടായിരുന്നത്. മരിച്ചവരില്‍ 10 പേര്‍ സ്‌ത്രീകളായിരുന്നു. 33നും 74നും ഇടയിലുള്ളവരാണ് മരണത്തിന് കീഴടങ്ങിയത്. സംഭവുമായി ബന്ധപ്പെട്ട് വിദഗ്‌ധാന്വേഷണം നടത്താനായി ഏഴംഗ കമ്മിറ്റിയെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ സഹായവും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രഖ്യാപിച്ചിരുന്നു.
കൂടുതല്‍ വായനയ്‌ക്ക്; ഓക്സിജന്‍ ടാങ്കര്‍ ചോര്‍ച്ച ; 22 കൊവിഡ് രോഗികള്‍ ശ്വാസംമുട്ടി മരിച്ചു