മുംബൈ: പ്രശസ്‌ത സിനിമ സീരിയല്‍ താരവും സംവിധായകനുമായ ഗുഫി പേന്തല്‍ എന്ന സരബ്‌ജീത് സിങ് അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. 78 വയസ്സായിരുന്നു. തിങ്കളാഴ്‌ച വൈകിട്ട് ശവസംസ്‌കാരം നടക്കും.
ഗുഫിയുടെ മകനാണ് നടന്‍റെ വിയോഗ വാർത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മകന്‍ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് ഈ ദു:ഖവാര്‍ത്ത പങ്കുവച്ചത്. 'സമാധാനത്തോടെ അന്ത്യ വിശ്രമം കൊള്ളുക. അഗാധമായ ദുഃഖത്തോടെ ഞങ്ങളുടെ പിതാവ് മിസ്‌റ്റര്‍ ഗുഫി പേന്തലിന്‍റെ (ശകുനി മാമ) വിയോഗം ഞങ്ങൾ അറിയിക്കുന്നു. ഇന്ന് രാവിലെ അദ്ദേഹം സമാധാനപരമായി അന്തരിച്ചു. മരിക്കുമ്പോള്‍ കുടുംബാംഗങ്ങളും അടുത്തുണ്ടായിരുന്നു.' -ഗുഫി പേന്തലിന്‍റെ ചിത്രം പങ്കുവച്ച് കൊണ്ടാണ് മകന്‍ ഇന്‍സ്‌റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്.
ഏറെ നാളായി അസുഖ ബാധിതനായിരുന്ന ഗുഫി പേന്തലിന്‍റെ ആരോഗ്യനില വഷളായതിനെ തുടർന്ന് മേയ് 31ന് അദ്ദേഹത്തെ മുംബൈ അന്ധേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തന്‍റെ അമ്മാവൻ ഗുഫി ഗുരുതരാവസ്ഥയിലാണെന്നും ഹൃദയ, വൃക്ക സംബന്ധമായ പ്രശ്‌നങ്ങൾക്ക് അന്ധേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നെന്നും നടന്‍റെ അനന്തരവനും നടനുമായ ഹിറ്റെൻ പെയിന്‍റൽ കഴിഞ്ഞ ആഴ്‌ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
പ്രശസ്‌ത ഹാസ്യ നടൻ കൻവർജിത് സിങ് പേന്തലിന്‍റെ മൂത്ത സഹോരന്‍ കൂടിയാണ് ഗുഫി പേന്തല്‍. ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്‌ത 'മഹാഭാരതം' (1988-1990) എന്ന മെഗാ ടെലിസീരിയലിലെ കൗശലക്കാരനായ ശകുനി മാമയുടെ വേഷം അവതരിപ്പിച്ചാണ് ഗുഫി പേന്തല്‍ പ്രേക്ഷകശ്രദ്ധ നേടുന്നത്. അന്തരിച്ച പ്രമുഖ സംവിധായകനും നിര്‍മാതാവുമായ ബി.ആര്‍ ചോപ്ര ആയിരുന്നു 'മഹാഭാരതം' സീരിയലിന്‍റെ സംവിധായകന്‍.
1944 ഒക്‌ടോബർ നാലിന് പഞ്ചാബിലെ തരണ്‍ തരൺ എന്ന തീർഥാടന പട്ടണത്തിലായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. 1975ൽ 'റഫൂ ചക്കർ' എന്ന സിനിമയിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ശേഷം 'ദില്ലഗി', 'ദേശ് പർദേശ്', 'സുഹാഗ്' 'മൈദാന്‍-ഇ-ജംഗ്', 'ഡാവ', 'ദി റിവഞ്ച്: ഗീത മേരാ നാം', 'ഘൂം', 'മഹാഭാരത് ഔര്‍ ബാര്‍ബറീക്' തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
സിനിമകൾ കൂടാതെ, പതിനെട്ടോളം ടെലി സീരിയലുകളില്‍ അദ്ദേഹം വിവിധ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ടിവി ഷോകളിലും സിനിമകളിലും ഗുഫി പേന്തല്‍ ഒരുപോലെ തിളങ്ങി. 'ബഹദൂർ ഷാ സഫർ', 'മഹാഭാരത്', 'കാനൂണ്‍', 'ഓം നമഃ ശിവായ്', 'സിഐഡി', 'ശ്‌ഷ്ഷഅഹ്‌ഹ്....കോയി ഹേ', 'ദ്വാരകാധീഷ് ഭഗവാൻ ശ്രീ കൃഷ്‌ണന്‍', 'രാധാകൃഷ്‌ണൻ', 'ജയ് കനിയ ലാൽ കി' തുടങ്ങി നിരവധി ടിവി ഷോകളിൽ അദ്ദേഹം അഭിനയിച്ചു. 'ജയ് കനയ്യ ലാൽ കി' എന്ന ടെലിവിഷന്‍ ഷോയിലാണ് ഗുഫി പേന്തല്‍ ഏറ്റവും ഒടുവിലായി അഭിനയിച്ചത്.
ഇതിഹാസ ബോളിവുഡ് മറാഠി നടി സുലോചന ലാട്‌കറുടെ മരണത്തിന് പിന്നാലെയാണ് മറ്റൊരു ബോളിവുഡ് വിയോഗം കൂടി. ബോളിവുഡിലെ സ്‌നേഹനിധി എന്നറിയപ്പെടുന്ന സുലോചന ലാട്‌കര്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഞായറാഴ്‌ചയാണ് ഈ ലോകത്തോട് വിട പറഞ്ഞത്.
Also Read: 'ബോളിവുഡിലെ സ്‌നേഹനിധിയായ അമ്മ'; പ്രശസ്‌ത ഹിന്ദി, മറാഠി നടി സുലോചന ലാട്‌കര്‍ അന്തരിച്ചു