ഖർഗോൺ: ശക്തമായ മഴയിൽ നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് മധ്യപ്രദേശിലെ ഖർഗോൺ ജില്ലയിൽ 14 കാറുകൾ ഒലിച്ചുപോയി. നദിയിൽ ജലനിരപ്പ് ഉയർന്നതോടെ സമീപത്തെ വനത്തിനോട് ചേർന്നുള്ള ഉയർന്ന പ്രദേശത്തേക്ക് ഓടി മാറിയതിനാൽ 50ഓളം വിനോദസഞ്ചാരികൾ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു. ഞായറാഴ്‌ച (07.08.2022) വൈകുന്നേരം കട്‌കൂട്ട് വനത്തിന് സമീപം സുഖ്‌ദി നദിയിലായിരുന്നു സംഭവം.
ഇൻഡോറിൽ നിന്നും കുട്ടികളും സ്‌ത്രീകളും ഉൾപ്പെടെയുള്ളവരാണ് ഇവിടേക്ക് വിനോദസഞ്ചാരത്തിനെത്തിയത്. ഈ സമയത്ത് മഴ ശക്തമായതിനെ തുടർന്ന് നദിയിലെ ജലനിരപ്പ് പെട്ടെന്ന് ഉയർന്നു. ഉടൻ തന്നെ തങ്ങളുടെ വാഹനങ്ങൾ നദീതീരത്ത് ഉപേക്ഷിച്ച് വിനോദസഞ്ചാരികൾ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറുകയായിരുന്നു. അപകടത്തിൽ എസ്‌യുവി ഉൾപ്പെടെ 14 കാറുകൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര സിങ് പവാർ പറഞ്ഞു.
തുടർന്ന് പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ട്രാക്‌ടറുകള്‍ ഉപയോഗിച്ച് 10 കാറുകളും എസ്‌യുവികളും പുറത്തെടുത്തു. എന്നാൽ വാഹനങ്ങളിൽ വെള്ളം കയറിയതിനാൽ സാങ്കേതിക തകരാറുകൾ കാരണം കാറുകൾ സ്റ്റാർട്ട് ചെയ്യാൻ കഴിഞ്ഞില്ല. വിനോദസഞ്ചാരികളെ മറ്റു വാഹനങ്ങൾ എത്തിച്ചാണ് വീടുകളിലേക്ക് അയച്ചത്. പ്രദേശത്ത് വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നതിനാൽ ഇവിടെ ബോർഡ് സ്ഥാപിക്കുന്നതിന് പൊലീസിന് നിർദേശം നൽകിയതായി ജിതേന്ദ്ര സിങ് കൂട്ടിച്ചേർത്തു.