സത്‌ന: മധ്യപ്രദേശില്‍ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ പുസ്‌തകങ്ങള്‍ ഹിന്ദിയില്‍ പുറത്തിറക്കിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വൈറലായി ഡോക്‌ടറുടെ ഹിന്ദി കുറിപ്പടിയും. ഡോക്‌ടറായ സര്‍വേശ് സിങാണ് മുകളില്‍ 'ശ്രീ ഹരി' എന്ന എഴുത്തോടെയുള്ള കുറിപ്പ് രോഗികള്‍ക്ക് നല്‍കിയത്. സത്നയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്.
ഹിന്ദിയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നല്‍കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പദ്ധതിക്ക് കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടക്കം കുറിച്ചത്. ഡോക്‌ടര്‍മാര്‍ ഹിന്ദിയില്‍ കുറിപ്പടി നല്‍കണമെന്ന് പരിപാടിയില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ ഹിന്ദിയില്‍ കുറിപ്പടികള്‍ എഴുതാന്‍ തുടങ്ങിയതെന്ന് ഡോ. സര്‍വേശ് സിങ് വ്യക്തമാക്കി.
അടിവയറ്റില്‍ വേദനയുമായെത്തിയ രോഗിക്കാണ് ഡോ. സര്‍വേശ് ഹിന്ദിയിലുള്ള കുറിപ്പടി നല്‍കിയത്. മരുന്നുകളുടെ പേരുകള്‍ മാത്രമാണ് കുറിപ്പില്‍ ഹിംഗ്ലീഷില്‍ (ഹിന്ദിയില്‍ എഴുതുന്ന ഇംഗ്ലീഷ് വാക്ക്) എഴുതിയിരിക്കുന്നത്. ഇതിലൂടെ രോഗത്തിന്‍റെ മുഴുവന്‍ വിശദാംശങ്ങളും ഹിന്ദിയില്‍ നല്‍കാനാണ് ശ്രമമെന്നും ഡോ. സര്‍വേശ് പറഞ്ഞു. ഹിന്ദിയിലുള്ള കുറിപ്പടി കിട്ടിയതോടെ രോഗികളായെത്തുന്നവരും സന്തോഷവാന്മാരാണ്.