ഭോപ്പാല്‍ : നിയമസഭ തെരഞ്ഞെടുപ്പ് ഫലം (Madhya Pradesh assembly election 2023 result) പുറത്ത് വന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും മധ്യപ്രദേശില്‍ പുതിയ മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം ഇനിയും ഉണ്ടായിട്ടില്ല. നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് തന്നെ നറുക്ക് വീഴാനുള്ള സാധ്യതയാണുള്ളത്. അതേസമയം താന്‍ മുഖ്യമന്ത്രി പദത്തിന് വേണ്ടി പണ്ടും ഇപ്പോഴും പോരാടാറില്ലെന്നാണ് ശിവരാജ് സിങ് ചൗഹാന്‍ വ്യക്തമാക്കുന്നത്. (Madhya Pradesh CM tussle)
താന്‍ ഒരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും പാര്‍ട്ടി നേതൃത്വം തന്നെ ഏല്‍പ്പിക്കുന്ന ചുമതലകള്‍ എന്തായാലും അത് ഏറ്റെടുക്കുമെന്നും 'മാമ' എന്ന് അണികൾ സ്നേഹപൂര്‍വം വിളിക്കപ്പെടുന്ന ചൗഹാന്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ട വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. കാര്യക്ഷമതയും ഉത്തരവാദിത്തവുമുള്ള പാര്‍ട്ടി പ്രവര്‍ത്തകനെ തന്നെയാകും മുഖ്യമന്ത്രി പദത്തിലേക്ക് നിയോഗിക്കുക എന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട് (Madhya Pradesh CM Discussions in BJP Camp).
മുഖ്യമന്ത്രി ആരാകുമെന്ന് ഡല്‍ഹിയില്‍ നടക്കുന്ന നിയമസഭാകക്ഷി നേതാക്കളുടെ യോഗത്തില്‍ തീരുമാനിക്കുമെന്നാണ് മുഖ്യമന്ത്രി പദത്തില്‍ കണ്ണുള്ള മാല്‍വ നിമറില്‍ നിന്നുള്ള നിയമസഭാംഗം കൈലാഷ് വിജയവർജിയ പ്രതികരിച്ചത്. മുഖ്യമന്ത്രിയെ മാറ്റുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ സംസ്ഥാനത്ത് ചില അടക്കം പറച്ചിലുകള്‍ ഉടലെടുത്തിരുന്നു. എന്നാല്‍ പാര്‍ട്ടി അക്കാര്യത്തെക്കുറിച്ച് മൗനം പാലിക്കുകയും തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ശ്രദ്ധിക്കുകയുമാണ് ചെയ്‌തത്. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി ആരെയും ഉയര്‍ത്തിക്കാട്ടിയിരുന്നില്ല. അത് കൊണ്ട് തന്നെ മുഖ്യമന്ത്രി പദത്തിലേക്ക് തങ്ങളെ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് മുതിര്‍ന്ന പല നേതാക്കളും.
ഭൈമികാമുകര്‍ ആരൊക്കെ?: നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഒരു വട്ടം കൂടി മുഖ്യമന്ത്രി പദത്തിലെത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല. 1,04,974 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ബുധനി മണ്ഡലത്തില്‍ നിന്ന് അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് ബിജെപിക്ക് വീണ്ടും തേരോട്ടം നടത്താനായത് ഇദ്ദേഹത്തിന്‍റെ നേതൃത്വപാടവം പ്രധാന ഘടകമാണ്.
ചൗഹാന്‍റെ ലാഡ്‌ലി ബഹന്‍ യോജന എന്ന നൂതന പദ്ധതി തന്നെയാണ് ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഏറ്റവും വലിയ തുറുപ്പ് ചീട്ടായത്. പതിനെട്ട് വര്‍ഷം മുഖ്യമന്ത്രി പദം അലങ്കരിച്ച ചൗഹാൻ തന്നെയാണ് ഈ കാര്യത്തില്‍ മുന്നിലുള്ളത്.
തുടര്‍ച്ചയായി ആറാം വട്ടവും നിയമസഭയിലെത്തുന്ന കൈലാസ് വിജയ് വര്‍ജിയ തന്നെയാണ് ഇക്കൂട്ടത്തില്‍ ഏറ്റവും മുന്നിലുള്ളത്. മേയര്‍, ബിജെപി ജനറല്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുള്ള ഇദ്ദേഹം മുഖ്യമന്ത്രിപദത്തിനുള്ള തന്‍റെ അഭിവാഞ്ജ പ്രകടമാക്കിയിട്ടുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള അടുപ്പം തനിക്ക് ഇക്കാര്യത്തില്‍ കരുത്താകുമെന്ന ആത്മവിശ്വാസവും വര്‍ജിയ പുലര്‍ത്തുന്നു.
സിന്ധ്യയും പട്ടേലും റെഡി: കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കുമെന്നാണ് പല നിരീക്ഷകരും വിലയിരുത്തുന്നത്. കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേലിന്‍റെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗത്തിന്‍റെ മുഖമാണ് പട്ടേല്‍. അത് കൊണ്ട് തന്നെ മറ്റുള്ളവരെക്കാള്‍ സാധ്യതയും പട്ടേലിന് കല്‍പ്പിക്കുന്നുണ്ട്. സിന്ധ്യയെ പോലെ തന്നെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി അടുപ്പമുള്ള ആള്‍ തന്നെയാണ് പട്ടേല്‍.
പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും അടുത്ത വിശ്വസ്‌തനായ മറ്റൊരു നേതാവ് നരേന്ദ്ര സിങ് തോമറിന്‍റെ സാധ്യതയും തള്ളിക്കളയാനാകില്ല. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ചൗഹാന് പകരക്കാരനായി തോമറിനെ പരിഗണിച്ചിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്‍റെ മകന്‍ ദേവേന്ദ്ര പ്രതാപ് സിങ് തോമറിന്‍റെ പണമിടപാടുകള്‍ സംബന്ധിച്ച ചില വീഡിയോകള്‍ പുറത്ത് വന്നതോടെ ആ സാധ്യത മങ്ങി. ഏതായാലും മധ്യപ്രദേശ് ആര് ഭരിക്കുമെന്നറിയാന്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല എന്നാണ് ലഭിക്കുന്ന സൂചനകള്‍.