ഇൻഡോർ: കുഞ്ഞുപ്രായത്തില്‍ കഴിവുതെളിയിച്ച് അത്ഭുതമാവുകയാണ് മധ്യപ്രദേശിലെ അവി ശർമയെന്ന 12 കാരന്‍. വോയ്‌സ് കമാൻഡ് ആപ് വികസിപ്പിച്ചെടുത്താണ് കൊച്ചുമിടുക്കന്‍ വ്യത്യസ്‌തനായത്. 'മാധവ്' എന്ന് പേര് നല്‍കിയ ആപ്‌ളിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ പറയുന്ന പ്രവര്‍ത്തനങ്ങള്‍ കമ്പ്യൂട്ടര്‍ ചെയ്‌തോളും. ഇതാണ് 'മാധവിന്‍റെ' ടെക്‌നിക്.
മൈ അഡ്വാൻസ് ഡൊമസ്റ്റിക് ഹാൻഡ്‌ലിങ് എ.ഐ വേര്‍ഷന്‍ എന്നാണ് അതിന്‍റെ പൂര്‍ണരൂപം. എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കും കമ്പ്യൂട്ടർ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. കമ്പ്യൂട്ടർ കോഡിങിന്‍റെ ഭാഷ സ്വയം പഠിച്ച ശേഷമാണ് അവി ഈ ഗുട്ടന്‍സ് രൂപപ്പെടുത്തിയത്.
കൈ വേണ്ട, ശബ്‌ദം മാത്രം മതി
കമ്പ്യൂട്ടറിലെ ഫയലുകൾ തുറക്കുക, ടി.വി കാണുക, വിക്കിപീഡിയ ഉപയോഗിക്കുക, കാലാവസ്ഥ വിവരങ്ങൾ, ഇ-ബുക്കുകള്‍, പത്രം വായിക്കല്‍ തുടങ്ങിയ മനസിൽ ഉയരുന്ന ചോദ്യങ്ങൾക്ക് കമ്പ്യൂട്ടര്‍ ഉത്തരം തരും. വോയ്‌സ് കമാൻഡ് വഴി മാത്രം കമ്പ്യൂട്ടർ ഷട്ട്‌ഡൗൺ ചെയ്യുന്ന ആദ്യ ആപ്‌ളിക്കേഷനാണിത്.
രാമായണം, ഗീത സാർ, വിവിധ തരം സംഗീതം, സിനിമകൾ തുടങ്ങിയവയും കമ്പ്യൂട്ടറില്‍ പ്‌ളേ ചെയ്യിക്കാന്‍ കഴിയും. കീബോർഡോ കൈയ്യോ ഉപയോഗിച്ച് കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കേണ്ട ആവശ്യമില്ല എന്നതാണ് മാധവിന്‍റെ എടുത്തുപറയേണ്ട സവിശേഷത.
ഭിന്നശേഷിക്കാര്‍ക്ക് കമ്പ്യൂട്ടറിൽ എളുപ്പത്തിൽ ജോലി ചെയ്യാൻ ഇതിലൂടെ കഴിയും. മോദിയുടെ ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാമിലേക്ക് കൊച്ചുമിടുക്കന്‍റെ കണ്ടുപിടിത്തം സമര്‍പ്പിച്ചിട്ടുണ്ട്. ഈ പരീക്ഷണത്തിന് ഭാവിയിൽ സാധാരണക്കാരുടെ ജീവിതം എളുപ്പത്തിലാക്കാന്‍ കഴിയുമെന്നാണ് അവിയുടെ പക്ഷം. അതുകൊണ്ടുതന്നെ രാജ്യത്തിന് സൗജന്യമായി സമർപ്പിക്കാനാണ് 12 കാരന്‍റെ ആഗ്രഹം.