ഭോപ്പാല്‍ : മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള (Madhya Pradesh Assembly Election) രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബിജെപി (Madhya Pradesh BJP Candidates). സംസ്ഥാന ഭരണകക്ഷിയായ ബിജെപി 39സ്ഥാനാര്‍ഥികളുടെ പട്ടികയാണ് തിങ്കളാഴ്‌ച (25.09.2023) പുറത്തിറക്കിയത്. ഇതില്‍ കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍ (Narendra Singh Tomar), പ്രഹ്ളാദ് സിങ് പട്ടേല്‍ (Prahlad Singh Patel), ഫഗ്ഗന്‍ സിങ് കുലസ്‌തെ (Phaggan Singh Kulaste) എന്നിവരും ഉള്‍പ്പെടുന്നു.
പട്ടികയില്‍ ആരെല്ലാം : രാകേഷ് സിങ്, ഗണേഷ് ലിങ്, റിതി പഥക്, ഉദയ് പ്രതാപ് സിങ് എന്നീ എംപിമാര്‍ക്കും ബിജെപി ടിക്കറ്റ് നല്‍കിയിട്ടുണ്ട്. മാത്രമല്ല ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ (Kailash Vijayvargiya) ഇന്‍ഡോര്‍ -1 സീറ്റില്‍ മത്സരിക്കും. സംസ്ഥാനത്ത് ഭരണം നിലനിര്‍ത്തുക എന്ന ഒറ്റ ലക്ഷ്യം മുന്നില്‍ കണ്ടാണ് ബിജെപി കേന്ദ്രമന്ത്രിമാരെ തന്നെ കളത്തിലിറക്കിയിരിക്കുന്നത്. മാത്രമല്ല ഈ മന്ത്രിമാരും ടിക്കറ്റ് അനുവദിച്ചിട്ടുള്ള എംപിമാരും തങ്ങളുടെ ലോക്‌സഭ സീറ്റുകളില്‍ ഒന്നിലധികം തവണ വിജയിച്ച് കഴിവുതെളിയിച്ചവരുമാണ്. അതേസമയം 230 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 78 സീറ്റുകളിലേക്കാണ് ബിജെപി ഇതുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്.
ആദ്യപട്ടികയില്‍ ആരെല്ലാം : മധ്യപ്രദേശ്, ഛത്തീസ്‌ഗഡ് നിയമസഭ തെരഞ്ഞെടുപ്പുകളിലേക്കുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക ബിജെപി ഒരേദിവസമാണ് പുറത്തുവിട്ടത്. ഈ രണ്ട് സംസ്ഥാനങ്ങളിലും അഞ്ച് വനിതകള്‍ക്ക് വീതമാണ് ബിജെപി ടിക്കറ്റ് അനുവദിച്ചത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ അധ്യക്ഷതയിൽ ചേർന്ന ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ സുപ്രധാന യോഗത്തിലാണ് സ്ഥാനാർഥികളെ തീരുമാനിച്ചത്. യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ എന്നിവരെ കൂടാതെ മറ്റ് മുതിർന്ന നേതാക്കളും പങ്കെടുത്തിരുന്നു.
ഇതുപ്രകാരം ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ സബൽഗഡിൽ സരള വിജേന്ദ്ര റാവത്ത്, ചചൗറയിൽ പ്രിയങ്ക മീണ, ഛത്തർപൂരിൽ ലളിത യാദവ്, ജാബുവയിൽ ഭാനു ഭൂരിയ (എസ്‌ടി), ജബൽപൂർ പുർബയിൽ അഞ്ചൽ സോങ്കർ (എസ്‌സി), പെത്‌ലാവാഡിൽ നിർമല ഭൂരിയ, ഭോപ്പാൽ ഉത്തറിൽ അലോക് ശർമ, ഭോപ്പാൽ മധ്യയിൽ ധ്രുവ് നാരായൺ സിംഗ് എന്നിവര്‍ ഉള്‍പ്പടെയുള്ള സ്ഥാനാര്‍ഥികളാണുണ്ടായിരുന്നത്.
കൂടുമാറ്റത്തിന്‍റെ മധ്യപ്രദേശ് : ഈ വര്‍ഷം നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനാണ് മുന്നിലുള്ള സാധ്യതകള്‍. 2018 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 114 സീറ്റുകള്‍ നേടിയപ്പോള്‍, ബിജെപിക്ക് 109 സീറ്റുകളാണ് നേടാനായത്.
എന്നാല്‍ അധികാരത്തിലെത്തിയ കോണ്‍ഗ്രസില്‍ നിന്നും ചില എംഎല്‍എമാരെ ബിജെപി അടര്‍ത്തിയെടുത്തതോടെ സര്‍ക്കാര്‍ നിലംപതിച്ചു. തുടര്‍ന്ന് 2020 മാര്‍ച്ചില്‍ ബിജെപി മധ്യപ്രദേശില്‍ അധികാരത്തിലെത്തുകയായിരുന്നു. ഇതോടെ ശിവരാജ് സിങ് ചൗഹാന്‍ മുഖ്യമന്ത്രിയുമായി.